KSDLIVENEWS

Real news for everyone

കല്ലേറ് തുടരുന്നു; ഇത്തവണ വന്ദേഭാരതിനും രാജധാനിക്കും നേരെ, യാത്രക്കാർക്കു പരുക്കില്ല

SHARE THIS ON

മലപ്പുറം/ കാസർകോട്∙ സംസ്ഥാനത്ത് ട്രെയിനുകൾക്കു നേരെ വീണ്ടും കല്ലേറ്. വന്ദേഭാരതിനും രാജധാനി എക്സ്പ്രസിനും നേരെയാണ് കല്ലേറുണ്ടായത്. രണ്ടു ട്രെയിനുകളിലെയും യാത്രക്കാർക്കു പരുക്കില്ല.  മലപ്പുറം താനൂർ റെയിൽവേ സ്റ്റേഷന് സമീപമാണ് വന്ദേഭാരത് ട്രെയിനിനു നേരേ കല്ലേറുണ്ടായതെന്നാണ് പരാതി. തിങ്കളാഴ്ച വൈകിട്ട് ട്രെയിൻ സ്റ്റേഷനു തൊട്ടടുത്തുള്ള സിഗ്നൽ മറികടക്കുന്നതിനിടെയാണ് സംഭവം. ലോക്കോ പൈലറ്റ് ഉടൻ ഷൊർണൂർ സ്റ്റേഷനിൽ വിവരമറിയിച്ചു. കല്ലേറ് നടന്ന കൃത്യമായ സ്ഥലവും സ്വഭാവവും അറിവായിട്ടില്ല. മുൻപും സമാനമായ രീതിയിൽ താനൂരിൽ നിന്നും വന്ദേ ഭാരതിന് നേരെ  കല്ലേറ് ഉണ്ടായിരുന്നു. അന്വേഷണത്തിലൊടുവിൽ പിടിയിലായവർ കളിക്കിടെ അബദ്ധത്തിൽ സംഭവിച്ചതാണെന്ന് മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഗുരുതര വകുപ്പുകൾ ചേർക്കാതെ വിട്ടയക്കുകയായിരുന്നു. യാത്രക്കാർക്ക് പരുക്കില്ല. ഏറിൽ ജനൽ ഗ്ലാസ് പൊട്ടി. ഷൊർണൂർ ആർപിഎഫ് അധികൃതർക്കാണ് ട്രെയിൻ ജീവനക്കാർ പരാതി സന്ദേശം അയച്ചത്. കാസർകോട് കാഞ്ഞങ്ങാട് വച്ച് വൈകിട്ട് 3.45നാണ് തിരുവനന്തപുരത്തേക്കുള്ള രാജധാനി എക്സ്പ്രസിനു നേരെ കല്ലേറുണ്ടായത്. രാജധാനിക്കു നേരെ കല്ലേറുണ്ടായ വിവരം യാത്രക്കാരനാണ് അറിയിച്ചത്. തുടർന്ന് ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ട്രെയിൻ കണ്ണൂരെത്തിയശേഷം വിശദ പരിശോധന നടത്തുമെന്ന് ആർപിഎഫ് അറിയിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!