നിര്‍ത്തിയിട്ട കാറില്‍ മറ്റൊരു കാറിടിച്ചു; പിന്‍സീറ്റിലിരുന്നയാള്‍ മരിച്ചു, അപകടം പുലര്‍ച്ചെ

തിരുവനന്തപുരം: പാളയത്ത് നിയന്ത്രണംവിട്ട കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിന്റെ പിന്നിലിടിച്ച് ഒരാൾ മരിച്ചു. നിർത്തിയിട്ടിരുന്ന കാറിന്റെ പിൻ സീറ്റിലിരുന്ന ആളാണ് മരിച്ചത്. സാഫല്യം കോംപ്ലക്സിന് എതിർവശത്തുള്ള അരുണ ഹോട്ടലിന് മുന്നിൽ ഞായറാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് അപകടമുണ്ടായത്.
മലയിൻകീഴ് ഗസ്റ്റ് ഹൗസ് റോഡിൽ ആർ.എസ്.ഭവനിൽ രാമചന്ദ്രന്റെയും ശോഭനകുമാരിയുടെയും മകൻ രജീഷ് മോൻ (32) ആണ് മരിച്ചത്. രജീഷ് സുഹൃത്ത് അനീഷി (46) നൊപ്പം കാറിനുള്ളിലുണ്ടായിരുന്നു. മറ്റൊരു സുഹൃത്ത് അഭിലാഷ് കാറിനു പുറത്തിറങ്ങിയപ്പോഴായിരുന്നു അപകടം. സംഭവസ്ഥലത്തുണ്ടായിരുന്ന പാളയം സ്വദേശിനി അമേയ പ്രസാദിനും (32) പരിക്കേറ്റു. അനീഷും അമേയയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. കാർ ഓടിച്ചിരുന്ന നിലമേൽ സ്വദേശി ഇജാസിനെ (23) കന്റോൺമെന്റ് പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സ്റ്റാച്യു ഭാഗത്തുനിന്നു അമിതവേഗത്തിലെത്തിയ കാർ മറ്റൊരു വാഹനത്തിലിടിക്കാതിരിക്കാൻ പെട്ടെന്ന് ബ്രേക്കിട്ടപ്പോഴാണ് അപകടമുണ്ടായത്. നിർത്താൻ ശ്രമിക്കുന്നതിനിടെ വട്ടംകറങ്ങിയ കാറിന്റെ വലതുഭാഗം അരുണ ഹോട്ടലിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന്റെ പിന്നിലിടിക്കുകയായിരുന്നു. തുടർന്ന് റോഡരികിൽനിന്ന ചെറിയ മരത്തിലും സമീപത്തെ വൈദ്യുതത്തൂണിലും ഇടിച്ചുനിന്നു. തൂൺ ഒടിഞ്ഞുവീണു. നിർത്തിയിട്ടിരുന്ന കാർ പൂർണമായും തകർന്നു. സമീപത്തുണ്ടായിരുന്നു ബൈക്കിലും കാർ ഇടിച്ചു.
സമീപത്തെ സി.സി.ടി.വി.കളിൽ നിന്നു ലഭിച്ച ദൃശ്യങ്ങളനുസരിച്ച് അപകടമുണ്ടാക്കിയ കാർ 10 മിനിറ്റ് മുമ്പ് പുളിമൂട് ഭാഗത്തേക്ക് പോയതായി കണ്ടെത്തി.
മടങ്ങിവരുമ്പോഴായിരുന്നു അപകടമെന്നാണ് നിഗമനം. പോലീസ് കൂടുതൽ ദൃശ്യങ്ങൾ ശേഖരിക്കുന്നുണ്ട്. അപകടത്തിനിടയാക്കിയ കാർ സ്വകാര്യ ടി.വി.ചാനലിന് വേണ്ടി ഓടുന്ന കരാർവാഹനമാണ്. അപകടസമയം കാറിലുണ്ടായിരുന്ന സീരിയൽ നടി മറ്റൊരു വാഹനത്തിൽ യാത്ര തുടർന്നു.
മെഡിക്കൽ റെപ്രസെന്റേറ്റീവായ രജീഷ് മോനും സ്വകാര്യ ബാങ്ക് ജീവനക്കാരനായ അനീഷും റെയിൽവേ പോലീസുദ്യോഗസ്ഥൻ അഭിലാഷും മലയിൻകീഴിൽനിന്നു മണക്കാടെത്തി ആഹാരം കഴിച്ചശേഷം കവടിയാറിലേക്ക് പോകുന്നതിനിടെയാണ് പാളയത്ത് കാർ നിർത്തിയത്.
മൂവരും ചേർന്ന് അടുത്തിടെ കൺസ്ട്രക്ഷൻ കമ്പനി തുടങ്ങിയിരുന്നു. അന്തിയൂർക്കോണത്ത് തുടങ്ങിയ ആദ്യ വീടിന്റെ നിർമാണ സാമഗ്രികൾ എത്തിച്ചശേഷമാണ് നഗരത്തിലെത്തിയത്.
ഭാര്യ: ശംഖരി. മക്കൾ: ധ്രുവ്, ധരൻ. സഹോദരൻ: റനീഷ് (പോലീസ്)