KSDLIVENEWS

Real news for everyone

അപകടവിവരമറിഞ്ഞ് നാട് നടുങ്ങി ; കണ്ണീര്‍ക്കടലായി മൊഗ്രാല്‍

SHARE THIS ON

കാസര്‍കോട്: ബദിയടുക്ക പള്ളത്തടുക്കയില്‍ സ്ക്കൂള്‍ ബസ് ഓട്ടോയുമായി കൂട്ടിയിടിച്ച്‌ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ ദാരുണമായി മരിച്ച വിവരമറിഞ്ഞ് നാട് ഒന്നാകെ മൃതദേഹം സൂക്ഷിച്ച കാസര്‍കോട് ജനറല്‍ ആശുപത്രിലേക്ക് ഒഴുകിയെത്തി.

മരിച്ച ഓട്ടോ ഡ്രൈവര്‍ റൗഫിനെ കുറച്ച്‌ മാത്രമേ ആദ്യം വിവരം പുറത്തുവന്നിരുന്നുള്ളു.

5.20 ന് നടന്ന അപകടത്തിന്റെ യഥാര്‍ത്ഥ വിവരം ഒന്നര മണിക്കൂര്‍ പിന്നിട്ട ശേഷമാണ് വ്യക്തമായത്. തല്‍ക്ഷണം മരിച്ച മൂന്ന് സ്ത്രീകളുടെ മൃതദേഹം താനടക്കമുള്ളവരാണ് ആംബുലൻസില്‍ കയറ്റിയതെന്ന് പ്രദേശവാസി പള്ളത്തടുക്കയിലെ ഗംഗാധരൻ പറഞ്ഞു. രണ്ടു പേര്‍ റോഡില്‍ വീണ നിലയില്‍ ആയിരുന്നു. രണ്ടു സ്ത്രീകളെ ഓട്ടോയുടെ ഉള്ളില്‍ നിന്ന് ഒടുവിലാണ് പുറത്തെടുത്തതെന്ന് ഗംഗാധരൻ പറഞ്ഞു. ബദിയടുക്ക എസ് ഐ വിനോദ് കുമാറും സംഘവും അപകട സ്ഥലത്തേക്ക് കുതിച്ചെത്തി. രണ്ട് ജീവനുകളുടെ സ്പന്ദനങ്ങളുമായാണ് ആംബുലൻസ് ആശുപത്രിലേക്ക് കുതിച്ചത്. പക്ഷേ യാത്ര ആശുപത്രിയിലെത്തുമ്ബോഴെക്കും ആ പ്രതീക്ഷയും അറ്റു. എം.പി.രാജ് മോഹൻ ഉണ്ണിത്താൻ, എം.എല്‍.എ മാരായ എൻ. എ നെല്ലിക്കുന്ന്, എ. കെ.എം അഷറഫ്, ജില്ലാ കളക്ടര്‍ കെ. ഇംബശേഖര്‍, ഡി.സി.സി പ്രസിഡന്റ്

പി. കെ ഫൈസല്‍, ഡിവൈ.എസ്.പി പി. കെ സുധാകരൻ അടക്കമുള്ളവര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിയിരുന്നു.

ആംബുലൻസ് വൈകിയെന്ന് നാട്ടുകാര്‍

സ്‌കൂള്‍ ബസ്സ് ഇടിച്ചു തകര്‍ന്ന ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന നാല് സ്ത്രീകളെയും ഓട്ടോറിക്ഷ ഡ്രൈവറെയും ആശുപത്രിയില്‍ എത്തിക്കാൻ വാഹനം കിട്ടാൻ വൈകിയെന്ന് നാട്ടുകാര്‍. അപകടം നടന്ന ഉടനെ സ്ഥലത്തെത്തിയ പലരും രക്ഷാപ്രവര്‍ത്തനത്തിനായി ആംബുലൻസുകള്‍ എത്തിക്കാൻ ആശുപത്രികളുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് ഉള്‍പ്പെടെ ആംബുലൻസ് സ്ഥലത്ത് എത്താൻ വൈകി. പലതവണ വിളിച്ചിട്ടും ഒരു മണിക്കൂര്‍ വൈകിയാണ് ആംബുലൻസ് എത്തിയതെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.

ദുരന്തം അപകട വളവില്‍

അഞ്ചു പേരുടെ ദാരുണ മരണത്തിനിടയാക്കിയ വാഹന അപകടം നടന്നത് പള്ളത്തടുക്കയിലെ അപകട വളവിലാണ്. കാസര്‍കോട് ബദിയടുക്ക റോഡിലെ പള്ളത്തടുക്കയില്‍ റോഡിന് സാമാന്യം വീതി ഉണ്ടെങ്കിലും വലിയ വളവാണ് ഇവിടെയുള്ളത്. വളവു തിരിഞ്ഞ് വരുന്ന വാഹനങ്ങളെ പെട്ടെന്ന് പരസ്പരം കാണാൻ കഴിയാത്തത്ര വളവുണ്ട്. റോഡിന്റെ ഒരു ഭാഗത്ത് വലിയ കൊക്കയാണ്. നിരവധി തവണ അപകടം നടന്ന സ്ഥലം ആണെങ്കിലും ഇത്രയും വലിയ ദുരന്തം ഇതിനുമുമ്ബ് ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.

സ്‌കൂള്‍ ബസ് എത്തിയത് മിന്നല്‍ വേഗത്തില്‍

അഞ്ചു പേരുടെ മരണത്തിനിടയാക്കി ഓട്ടോറിക്ഷയില്‍ ഇടിച്ച സ്‌കൂള്‍ ബസ് പള്ള തടുക്ക വളവില്‍ എത്തിയത് മിന്നല്‍ വേഗത്തില്‍ ആണെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കുട്ടികളെ ഇറക്കിയശേഷം പെട്ടെന്ന്

തന്നെ ബസ് സ്‌കൂളില്‍ എത്തിക്കാനുള്ള വ്യഗ്രതയില്‍ ഡ്രൈവര്‍ വേഗത കൂട്ടിയെന്നാണ് പറയുന്നത്. ഓട്ടോറിക്ഷയും വേഗതയിലായിരുന്നുവെന്നും ഇവര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!