ഹമാസിന്റെ ചെറുത്ത് നില്പിന്റെ വർഷങ്ങളുടെ സഹികെടലാണ് മിസൈല്‍ വര്‍ഷം, ഇസ്രയേൽ അതിര്‍ത്തി തകര്‍ത്ത് ബുള്‍ഡോസറുകള്‍- സംഭവിക്കുന്നത് ??

1973ലെ യുദ്ധത്തിന് ശേഷം, അമ്ബത് വര്‍ഷത്തിനിടെ ഇസ്രായേല്‍ നേരിടുന്ന ഏറ്റവും വലിയ രാഷ്ട്രീയ-സൈനിക പ്രതിസന്ധിയാണ് നിലവിലെ ഹമാസ് ആക്രമണം.
ഇസ്രായേലില്‍ നിന്ന് ഗാസയിലേക്കുള്ള ആക്രമണങ്ങള്‍ പതിവാണെങ്കിലും തിരിച്ചുള്ള സൈനിക നീക്കം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. അയ്യായിരത്തിലേറെ മിസൈലുകളാണ് ക്ഷണനേരം കൊണ്ട് ഫലസ്തീൻ പ്രതിരോധ സേനയായ ഹമാസ് അയല്‍ രാജ്യത്തേക്ക് തൊടുത്തുവിട്ടത്. 2,200 മിസൈലുകള്‍ രാജ്യത്തു വന്നു പതിച്ചതായി ഇസ്രായേല്‍ സൈന്യവും സമ്മതിക്കുന്നു.
ഗാസയിലെ അതിര്‍ത്തി കടന്ന് ഫലസ്തീൻ പോരാളികള്‍ ഇസ്രയേലിന് അകത്തേക്ക് കടന്നിട്ടുണ്ട്. ഇവര്‍ എത്രമാത്രം മുമ്ബോട്ടു പോയി എന്നതില്‍ വ്യക്തതയില്ലെങ്കിലും അതിര്‍ത്തിയിലെ കമ്ബിവേലികള്‍ ബുള്‍ഡോസ് ഉപയോഗിച്ച് തകര്‍ക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇസ്രായേല്‍ സൈന്യത്തിന്റെ വാഹനങ്ങള്‍ പിടിച്ചെടുത്ത് വിവിധയിടങ്ങളില്‍ മാര്‍ച്ച് ചെയ്യുന്ന വീഡിയോകളും സമൂഹമാധ്യമങ്ങളിലുണ്ട്. പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാനുള്ള ഇസ്രായേല്‍ നീക്കവും ആരംഭിച്ചിട്ടുണ്ട്.
ഇരുപതിലേറെ ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. 545 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മിക്കവരുടെയും നില ഗുരുതരമാണ്. നിരവധി ഇസ്രായേല്‍ സൈനികരെയും സിവിലിയന്മാരെയും ഹമാസ് ബന്ദികളാക്കി പിടികൂടിയെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ വിശദവിവരങ്ങള്‍ ലഭ്യമല്ല.
‘ഗസ്സയില്‍ ഫലസ്തീൻ ജനതയ്‌ക്കെതിരെ നടക്കുന്ന ഇസ്രായേല്‍ അതിക്രമങ്ങള്‍ നിര്‍ത്താൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നാണ് ഞങ്ങളുടെ ആവശ്യം. ഇത് അധിനിവേശം നടത്തിയവര്‍ക്കെതിരെയുള്ള യുദ്ധമാണ്.’ – എന്നാണ് ആക്രമണത്തെ കുറിച്ച് ഹമാസ് വക്താവ് ഖാലിദ് ഖദൂമി പ്രതികരിച്ചത്.
ഇതുവരെ എന്തെല്ലാം?
* ഫലസ്തീൻ പ്രതിരോധ സേനയായ ഹമാസ് പോരാളികള്‍ ഗസ്സ മുനമ്ബില്‍ നിന്നുള്ള അപ്രതീക്ഷിത ആക്രമണത്തിലൂടെ ദക്ഷിണ ഇസ്രായേലിലേക്ക് കടന്നു കയറി. ഓപറേഷൻ അല്‍ അഖ്‌സ ഫ്‌ളഡ് എന്നാണ് ഓപറേഷന് ഹമാസ് പേരു നല്‍കിയത്.
* ഗസ്സയില്‍ നിന്ന് അയ്യായിരത്തിലേറെ മിസൈലുകള്‍ ഇസ്രായേലിലേക്ക് തൊടുത്തതായി ഹമാസ്. 2200 മിസൈലുകള്‍ വന്നതായി ഇസ്രായേല്‍ സൈന്യം.
* ഗസ്സയില്‍നിന്ന് ഇസ്രയേല്‍ ഭൂപ്രദേശത്തേക്ക് ‘ഒരു പറ്റം തീവ്രവാദികള്‍’ കടന്നു കയറിയെന്ന് ഇസ്രയേല്‍ പ്രതിരോധ സേന.
* ‘നമ്മള്‍ യുദ്ധത്തിലെന്ന്’ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേലിന്റെ അടിയന്തര സുരക്ഷാ കാബിനറ്റ് യോഗം ചേര്‍ന്നു.
* ഹമാസ് ‘ഗുരുതരമായ തെറ്റു ചെയ്തു’ എന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാല്ലന്റ്. ഇസ്രായേല്‍ യുദ്ധത്തില്‍ വിജയിക്കുമെന്നും പ്രഖ്യാപനം.
* ദക്ഷിണ ഇസ്രായേലിലെ വിവിധ പ്രദേശങ്ങളില്‍ ഇസ്രായേലും ഫലസ്തീൻ സേനയും തമ്മിലുള്ള പോരാട്ടം രൂക്ഷമായി തുടരുന്നു.
* ആക്രമണത്തില്‍ 22 ഇസ്രായേലികള്‍ കൊല്ലപ്പെട്ടു. 545 പേര്‍ക്ക് പരിക്കേറ്റു.
പുലര്‍ച്ചെ, പൊടുന്നനെ മിസൈലുകള്‍
ശനിയാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ ആറരയ്ക്കാണ് ഹമാസ് ഇസ്രായേലിന് നേരെ ആക്രമണം ആരംഭിച്ചത്. 20 മിനിറ്റിനിടെ അയ്യായിരം റോക്കറ്റുകള്‍ ഇസ്രായേലിലേക്ക് തൊടുത്തതായി പ്രസ്താവനയിലൂടെ ഹമാസ് സൈനിക ഗ്രൂപ്പ് തലവൻ മുഹമ്മദ് ദായിഫ് വ്യക്തമാക്കി. ഇതിന് പിന്നാലെ ജറുസലേമില്‍ മുന്നറിയിപ്പായി കൂട്ട സൈറണ്‍ മുഴങ്ങി. അവധിദിനമായിരുന്നതിനാല്‍ മിക്ക ആളുകളും വീട്ടിന് അകത്തായിരുന്നു. സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. ആദ്യം പകച്ചു നിന്ന ശേഷം ഞങ്ങള്‍ പ്രതിരോധിക്കും എന്ന പ്രസ്താവന ഇസ്രായേല്‍ സൈന്യം എക്‌സിലൂടെ പങ്കുവച്ചു. യുദ്ധം പ്രഖ്യാപിക്കുന്നതായും സൈന്യം അറിയിച്ചു. ഇസ്രയേലിന്റെ അയണ്‍ ഡോം പ്രതിരോധ സംവിധാനത്തിലൂടെയാണ് ഇസ്രായേല്‍ തിരിച്ചടി ആരംഭിച്ചത്.
ആക്രമണം 1973 ഒക്ടോബര്‍ യുദ്ധത്തിന്റെ വാര്‍ഷികത്തില്‍
1973 ഒക്ടോബറിലെ അറബ്-ഇസ്രായേല്‍ ആക്രമണത്തിന്റെ അമ്ബതാം വാര്‍ഷിക ദിനത്തിന് തൊട്ടടുത്ത ദിവസമാണ് ഹമാസിന്റെ ആക്രമണം. 1967ലെ ആറു ദിന യുദ്ധത്തില്‍ നഷ്ടപ്പെട്ട സ്ഥലങ്ങള്‍ തിരിച്ചുപിടിക്കാൻ ഈജിപ്തും സിറിയയുമാണ് ഇസ്രായേലിനെതിരെ ആദ്യം ആക്രമണം ആരംഭിച്ചത്. 67ല്‍ ഈജിപ്തില്‍ നിന്ന് സീനായ് മുനമ്ബും സിറിയയില്‍ നിന്ന് ജൂലാൻ കുന്നുകളുമാണ് ഇസ്രായേല്‍ പിടിച്ചടക്കിയിരുന്നത്.
എന്തു കൊണ്ട് ഗസ്സ?
1967ലെ അറബ്- ഇസ്രയേല്‍ യുദ്ധത്തിന് ശേഷം ഇസ്രായേല്‍ അധിനിവേശത്തിന് കീഴിലായ 365 ചതുരശ്ര കിലോമീറ്റര്‍ മാത്രമുള്ള ചെറുപ്രദേശമാണ് ഗസ്സ. ലോകത്ത് ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള പ്രദേശം കൂടിയായ ഗസ്സയില്‍ 23 ലക്ഷം പേരാണ് അധിവസിക്കുന്നത്. 2008ന് ശേഷം മാത്രം ഗസ്സയ്‌ക്കെതിരെ നാലു യുദ്ധമാണ് ഇസ്രയേല്‍ നടത്തിയിട്ടുള്ളത്. ആക്രമണങ്ങളില്‍ ആയിരക്കണക്കിന് പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ മിക്കവരും സിവിലിയന്മാരാണ്.
ഇസ്രായേല്‍-ഫലസ്തീൻ സംഘര്‍ഷത്തിന്റെ കേന്ദ്രബിന്ദു കൂടിയാണ് ഗസ്സ മുനമ്ബ്. ഇസ്രായേല്‍ സേനയുടെ കടുത്ത നിയന്ത്രണങ്ങള്‍ മേഖലയില്‍ നിലവിലുണ്ട്. 2007 ജൂണ്‍ മുതല്‍ ഗസ്സയിലെ ജനങ്ങള്‍ക്ക് നേരെ ഇസ്രായേലിന്റെ കര-വ്യോമ-കടല്‍ ഉപരോധവുമുണ്ട്. പ്രദേശത്തിന്റെ മൂന്ന് അതിര്‍ത്തികളില്‍ രണ്ടും ഇസ്രായേലിന്റെ കൈവശമാണുള്ളത്. മൂന്നാമത്തേത് ഈജിപ്തിന്റെ കൈകളിലും.
ഇസ്രായേലിന്റെ കടന്നാക്രമണം ഏറ്റവും കൂടുതല്‍ ബാധിക്കുക ഗസ്സയിലെ ജനങ്ങളെയാണ്. റോക്കറ്റ് വര്‍ഷത്തിന്റെ സാഹചര്യത്തില്‍ ഗസ്സയിലെ ജനങ്ങള്‍ക്കിടയില്‍ ഭയവും ഉത്കണ്ഠയും വര്‍ധിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ടര്‍ യുംന അല്‍ സെയ്ദ് പറയുന്നു.
’17 വര്‍ഷമായി ഇസ്രായേല്‍ ഉപരോധത്തിന് കീഴിലാണ് ഗസ്സ. ഭയത്തിന്റെയും ഉത്കണ്ഠയുടെയും അന്തരീക്ഷം ഇവിടെയുണ്ട്. 23 ലക്ഷം പേരാണ് ഇവിടെയുള്ളത്. അതില്‍ ആയിരക്കണക്കിന് ആളുകള്‍ അഭയാര്‍ത്ഥി ക്യാമ്ബുകളിലാണ്. അയല്‍ രാജ്യത്തെ ലക്ഷ്യമാക്കിയുള്ള ഒരോ വ്യോമാക്രമണവും വലിയ നാശനഷ്ടമുണ്ടാക്കുമെന്നര്‍ത്ഥം’ – അവര്‍ പറയുന്നു.
‘എറസ് ക്രോസിങ്(ബൈത് ഹനൂൻ) – ഗസ്സയിലേക്കുള്ള പ്രധാന മാനുഷിക അതിര്‍ത്തി- അടച്ചിട്ടുണ്ട്. ഈജിപ്ത് അതിര്‍ത്തിയും അടച്ചു. അതുകൊണ്ടു തന്നെ ഗസ്സയിലെ ആളുകള്‍ക്ക് ഏതുസമയവും പ്രദേശം വിടാനാകില്ല. യുദ്ധവേളയില്‍ അവര്‍ക്ക് ഗസ്സയില്‍ തന്നെ കഴിയേണ്ടി വരും’ – യുംന കൂട്ടിച്ചേര്‍ത്തു.
ഇസ്രായില്‍ ആക്രമണം തുടങ്ങിയ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ താമസിക്കുന്ന ആയിരങ്ങള്‍ വീടൊഴിഞ്ഞു പോകുന്നുണ്ട്. വടക്കുകിഴക്കൻ പ്രദേശത്തേക്കാണ് ഇവരുടെ സഞ്ചാരമെന്ന് എഎഫ്പി റിപ്പോര്‍ട്ടു ചെയ്യുന്നു. ഗസ്സയില്‍ ശനിയാഴ്ച വൈകിട്ടു വരെ ഒമ്ബതു പേര്‍ കൊല്ലപ്പെട്ടു.
മസ്ജിദുല്‍ അഖ്‌സയുടെ പ്രാധാന്യം
മസ്ജിദുല്‍ അഖ്‌സയില്‍ ഇസ്രായേല്‍ സൈന്യം നടത്തുന്ന അതിക്രമങ്ങള്‍ക്കു പകരമായാണ് നിലവിലെ ആക്രമണമെന്ന് ഹമാസ് സൈനിക സംഘം അല്‍ ഖസ്സാം ബ്രിഗേഡ്‌സ് പറയുന്നു. കിഴക്കൻ ജറുസലേമില്‍ സ്ഥിതി ചെയ്യുന്ന അല്‍ അഖ്‌സ മസ്ജിദ് മുസ്‌ലിംകളുടെയും ക്രിസ്ത്യാനികളുടെയും ജൂതരുടെയും വിശുദ്ധ സ്ഥലമാണ്. 67ലെ യുദ്ധത്തിന് പിന്നാലെ പ്രദേശത്ത് ഇസ്രായേല്‍ സേന ചുവടുറപ്പിച്ചതു മുതല്‍ സംഘര്‍ഷങ്ങളുടെ കേന്ദ്രം കൂടിയാണിത്.
35 ഏക്കര്‍ വരുന്ന മസ്ജിദ് കോംപൗണ്ടിനെ മുസ്‌ലിംകള്‍ ഹറം ശരീഫ് എന്നാണ് വിളിക്കുന്നത്. ജൂതര്‍ ടെമ്ബില്‍ മൗണ്ട് എന്നുവിളിക്കുന്നു.
പതിറ്റാണ്ടുകളായി തുടരുന്ന സംഘര്‍ഷങ്ങളെ തുടര്‍ന്ന്, മേഖലയില്‍ സമാധാനം കൊണ്ടുവരാൻ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. മൂന്ന് മതങ്ങള്‍ക്കും പ്രാധാന്യം നല്‍കി അല്‍ അഖ്‌സ മസ്ജിദ് ഉള്‍ക്കൊള്ളുന്ന ഓള്‍ഡ് ജറൂസലത്തിന് അന്താരാഷ്ട്ര പദവി നല്‍കുമെന്ന പ്രഖ്യാപനമായിരുന്നു അതില്‍ പ്രധാനപ്പെട്ടത്. എന്നാല്‍ 1980ല്‍ ജറുസലേമിനെ സമ്ബൂര്‍ണവും ഏകീകൃതവുമായ രാജ്യതലസ്ഥാനമായി പ്രഖ്യാപിച്ച് ഇസ്രയേല്‍ അന്താരാഷ്ട്ര ധാരണ ലംഘിച്ചു.
നിലവില്‍ മുവ്വായിരം സുരക്ഷാ സേനയാണ് കോംപൗണ്ടില്‍ നിലയുറപ്പിച്ചിട്ടുള്ളത്. പൊലീസും ഇസ്‌ലാം മതവിശ്വാസികളും തമ്മിലുള്ള സംഘര്‍ഷം പ്രദേശത്ത് പതിവാണ്.
ഇസ്രായേല്‍ ഇന്റലിജൻസ് പരാജയം
ലോകത്തെ ഏറ്റവും ശക്തമായ ഇന്റലിജൻസ് സംവിധാനമുള്ള രാഷ്ട്രത്തിന്റെ വലിയ പരാജയമായാണ് ഹമാസ് ആക്രമണം വിലയിരുത്തപ്പെടുന്നത്. രാജ്യത്തിന് അകത്തും പുറത്തും മധ്യേഷ്യയിലും ലബനൻ, സിറിയ തുടങ്ങിയ സ്ഥലങ്ങളിലും ഇസ്രയേലിന് ഇന്റലിജൻസ് സംവിധാനമുണ്ട്. മൊബൈല്‍ ഫോണ്‍ ട്രാക്ക് ചെയ്ത് അയല്‍ രാജ്യത്തെ സൈനിക നേതാക്കളെ വകവരുത്തിയ ചരിത്രവും അവര്‍ക്കുണ്ട്.
ഇസ്രായേല്‍ ജൂത അവധി ദിനത്തിന്റെ ആലസ്യത്തില്‍ കഴിയുമ്ബോഴാണ് ഹമാസിന്റെ മിന്നല്‍ ആക്രമണം എന്നതാണ് ശ്രദ്ധേയം. ആക്രമണത്തെ കുറിച്ച് ഒരു മുന്നറിയിപ്പും ഇസ്രായേല്‍ സേനയ്ക്ക് കിട്ടിയില്ല. തിരിച്ചടിച്ച് പ്രശ്‌നം തീര്‍ത്താലും ഇസ്രായേലിന്റെ വിഖ്യാതമായ ഇന്റലിജൻസ് സംവിധാനത്തിന്റെ പോരായ്മ തുറന്നുകാട്ടുന്നതായി നിലവിലെ ആക്രമണം.