ഇസ്രയേല്‍ ആക്രമണം തത്സമയം കണ്ട് ലോകം; ലൈവിനിടെ ഇസ്രായേല്‍ വ്യോമാക്രമണം; ഞെട്ടിവിറച്ച് അല്‍ ജസീറ റിപ്പോര്‍ട്ടര്‍ – വീഡിയോ

ഗാസ: ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ഇസ്രയേലിന്റെ ആക്രമണം തത്സമയം കണ്ട് ലോകം. ഗാസയിലെ ബഹുനില കെട്ടിടം ഇസ്രയേലിന്റെ ഫൈറ്റര്‍ ജെറ്റ് ആക്രമണത്തില്‍ ചാരമാകുന്നതിന്റെ ദൃശ്യങ്ങളാണ് അന്തര്‍ദേശീയ മാധ്യമമായ അല്‍ ജസീറ വഴി തത്സമയം ലോകം കണ്ടത്. വനിതാറിപ്പോര്‍ട്ടര്‍ യൗമ്‌ന അല്‍ സെയ്ദ് തത്സമയ വിവരങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുമ്പോള്‍ അവരുടെ പിന്നിലായി കെട്ടിടം തകര്‍ക്കപ്പെടുന്നതിന്റെ ദൃശ്യമാണ് പുറത്തുവന്നത്. ഗാസയില്‍നിന്ന് തത്സമയവിവരങ്ങള്‍ നല്‍കുകയായിരുന്നു യൗമ്‌ന അല്‍ സെയ്ദ്. ഇതേസമയത്തുതന്നെയാണ് ഗാസയിലെ പലസ്തീന്‍ ടവര്‍ ലക്ഷ്യമാക്കി യുദ്ധവിമാനത്തില്‍നിന്ന് ആക്രമണം ഉണ്ടായത്. അവതാരകന്‍ ചോദ്യം പൂര്‍ത്തിയാക്കി, റിപ്പോർട്ടർ തത്സമയ വിവരങ്ങള്‍ പറയാന്‍ ഒരുങ്ങുമ്പോഴാണ് ആക്രമണം. അപ്രതീക്ഷിതമായ ആക്രമണത്തില്‍ പകച്ചുപോകുന്ന മാധ്യമപ്രവര്‍ത്തക, ഫ്രെയിമില്‍നിന്ന് മാറുന്നു. ഇതേസമയത്ത്, റിപ്പോര്‍ട്ടറോടും മറ്റ് ടീം അംഗങ്ങളോടും സുരക്ഷിതമായിരിക്കാന്‍ അവതാരകന്‍ ആവശ്യപ്പെടുന്നത് ദൃശ്യത്തില്‍ കാണാം. അല്‍പസമയത്തിനുശേഷം ഫ്രെയിമില്‍ തിരിച്ചെത്തുന്ന റിപ്പോര്‍ട്ടര്‍, ഗാസ നഗരത്തിന്റെ മധ്യത്തിലുള്ള പലസ്തീന്‍ ടവറിലാണ് ആക്രമണമുണ്ടായതെന്ന് വിശദീകരിക്കുന്നു. കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നുവെന്നും നിലംപരിശായെന്നും ഇവര്‍ വ്യക്തമാക്കി.

