ഇസ്രയേൽ നടത്തിയ നരനായാട്ട്, നിരന്തര പ്രകോപനങ്ങളുടെ ബാക്കിപത്രം ; ഇസ്രയേല്‍ പ്രകടിപ്പിക്കുന്ന ജാഗ്രതയുടെ പരിണതഫലം

ഗാസ പെട്ടെന്നൊരു നാള്‍ പൊട്ടിപ്പുറപ്പെട്ട യുദ്ധമല്ല ഗാസയില്‍ ഇപ്പോള്‍ നടക്കുന്നത്. മറിച്ച്, പതിറ്റാണ്ടുകളായി തുടര്‍ പ്രകോപനങ്ങള്‍ സൃഷ്ടിച്ച് വെസ്റ്റ് ബാങ്കിനെ അസ്ഥിരമായും സംഘര്‍ഷഭരിതമായും നിലനിര്‍ത്താൻ ഇസ്രയേല്‍ പ്രകടിപ്പിക്കുന്ന ജാഗ്രതയുടെ പരിണതഫലമാണ്.
കുട്ടികളടക്കം പലസ്തീൻകാരെ ദിനംപ്രതിയെന്നവണ്ണം വെടിവച്ച് കൊല്ലുന്നതുമുതല്‍, ജൂതകുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതും മുസ്ലിങ്ങളുടെ വിശുദ്ധ കേന്ദ്രങ്ങള്‍ ആക്രമിക്കുന്നതുമടക്കം നിരന്തര പ്രകോപനങ്ങളാണ് ഇസ്രയേല്‍ തുടരുന്നത്.
രണ്ടുവര്‍ഷമായി, സമീപചരിത്രത്തിലെ ഏറ്റവും രൂക്ഷമായ സംഘര്‍ഷത്തിനാണ് മേഖല സാക്ഷ്യം വഹിക്കുന്നത്. വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ അധിനിവേശത്തിന്റെ 16 വര്‍ഷത്തിലെ ഏറ്റവും രക്തരൂഷിത വര്‍ഷമായിരുന്നു 2022 എന്ന് യുഎൻ. 30 കുട്ടികള്‍ ഉള്‍പ്പെടെ 170 പലസ്തീൻകാര്‍ കൊല്ലപ്പെട്ടു. 9000 പേര്‍ക്ക് പരിക്കേറ്റു. എന്നാല്‍, 2023ല്‍ നിലവിലെ ഏറ്റുമുട്ടല്‍ ആരംഭിക്കുന്നതിനുമുമ്ബ് ഈ വര്‍ഷം 259 പലസ്തീൻകാരെയാണ് ഇസ്രയേല്‍ കൊന്നൊടുക്കിയത്.
ജൂലൈയില്‍ ജെനിൻ അഭയാര്‍ഥി ക്യാമ്ബില്‍ നടത്തിയ ആക്രമണത്തില്‍ 13 പലസ്തീൻകാര്‍ കൊല്ലപ്പെട്ടു. ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് താല്‍ക്കാലിക കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തി അകത്തുകടന്നായിരുന്നു ‘തീവ്രവാദികള്‍ക്കായുള്ള തിരച്ചില്‍’ എന്ന പേരിലുള്ള നരവേട്ട. ലോകത്ത് മുസ്ലിങ്ങളുടെ മൂന്നാമത്തെ പ്രധാന ആരാധനാകേന്ദ്രമായ അല്‍ അഖ്സ മസ്ജിദിലേക്ക് 2021ലും ഈ വര്‍ഷവും ഇസ്രയേല്‍ സൈന്യം കടന്നുകയറി ആക്രമണം നടത്തി. 2021ല്‍ ഹമാസ് തിരിച്ചടിച്ചതോടെ മറ്റിടങ്ങളിലേക്കും സംഘര്‍ഷം വ്യാപിച്ചിരുന്നു. 11 ദിവസം നീണ്ട ഏറ്റുമുട്ടലില്‍ 250 പലസ്തീൻകാര്‍ കൊല്ലപ്പെട്ടു. ഈ വര്‍ഷം പള്ളിയില്‍ കടന്നുകയറിയ ഇസ്രയേല്‍ സൈന്യം പലസ്തീൻകാരായ വിശ്വാസികളെ തല്ലിച്ചതച്ചു.
ഗാസ ഭരിക്കുന്ന ഹമാസിന്റെ തുടര്‍ മുന്നറിയിപ്പുകള്‍ അവഗണിച്ച് ഇസ്രയേല്‍ സുരക്ഷാമന്ത്രി ബെൻ ഗ്വീര്‍ ഒരു വര്‍ഷത്തിനിടെ മൂന്നുതവണയാണ് ജൂതവിഭാഗക്കാര്‍ ടെമ്ബിള്‍ മൗണ്ട് എന്നുവിളിക്കുന്ന അല്‍ അഖ്സ സന്ദര്‍ശിച്ചത്. അല്‍ അഖ്സ പിടിച്ചെടുത്ത് ജൂത ആരാധനാകേന്ദ്രമാക്കുമെന്ന പ്രചാരണവുമുണ്ട്. ബെന്യാമിൻ നെതന്യാഹു അധികാരത്തില്‍ തിരിച്ചെത്തിയശേഷം വെസ്റ്റ് ബാങ്കിലെ ജൂതകുടിയേറ്റ മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍വാധികം ശക്തമായി പുനരാരംഭിച്ചു. മേഖലയുടെ ഭരണച്ചുമതല ധനമന്ത്രിക്ക് നല്‍കി. ഐക്യരാഷ്ട്ര സംഘടന മുന്നോട്ടുവച്ച ദ്വിരാഷ്ട്ര പരിഹാരം തൃണവല്‍ഗണിച്ച്, അമേരിക്കയുടെ പരസ്യപിന്തുണയോടെ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ പലസ്തീൻകാരെയും ഹമാസിനെയും ആശങ്കയിലാക്കിയിട്ടുണ്ട്.
ലോകമെമ്ബാടും എന്നപോലെ, ഇസ്രയേലിലും സര്‍ക്കാരുകള്‍ക്ക് രാഷ്ട്രീയ പ്രതിസന്ധിയുണ്ടായപ്പോഴെല്ലാം വെസ്റ്റ് ബാങ്കില്‍ സംഘര്‍ഷമുണ്ടായിരുന്നു. അഴിമതിക്കേസുകളില്‍നിന്ന് രക്ഷനേടാൻ നിയമസംവിധാനംതന്നെ അഴിച്ചുപണിയാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ നെതന്യാഹു. നീക്കത്തിനെതിരായ ഹര്‍ജി കോടതി പരിഗണിക്കവെയാണ് നിലവിലെ പ്രശ്നങ്ങള്‍ എന്നതും ശ്രദ്ധേയമാണ്.



