KSDLIVENEWS

Real news for everyone

ഇസ്രയേലില്‍ മരണം 700 കടന്നു; സംഗീത പരിപാടി നടന്നിടത്ത് നിന്ന് 250-ലേറെ മൃതദേഹങ്ങള്‍ കണ്ടെടുത്തു

SHARE THIS ON

ടെല്‍ അവീവ്: ഇസ്രയേലില്‍ ശനിയാഴ്ച പലസ്തീന്‍ സായുധ സംഘടനയായ ഹമാസ് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കടന്നു. ഹമാസ് ആദ്യം ലക്ഷ്യംവെച്ച സൂപ്പര്‍നോവ സംഗീത പരിപാടി നടന്ന ഗ്രൗണ്ടില്‍ നിന്ന് മാത്രം 250-ലേറെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. നൂറു കണക്കിന് സൈനികരടക്കമുള്ള ഇസ്രയേല്‍ പൗരന്‍മാര്‍ ഹമാസിന്റെ കസ്റ്റഡിയിലുണ്ട്. ഇതിനിടെ ഗാസയെ വിജനദ്വീപാക്കുമെന്ന് പ്രഖ്യാപിച്ച് പലസ്തീന്‍ ഹമാസിനുനേരെ ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചിട്ടുണ്ട്. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ ഇതുവരെ 400-ലേറെ പേര്‍ കൊല്ലപ്പെട്ടെന്നാണ് പലസ്തീന്‍ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. രണ്ടായിരത്തിലേറെപ്പേര്‍ക്ക് പരിക്കേറ്റു. ജനവാസമേഖലകളിലും ശക്തമായ ഏറ്റമുട്ടലുണ്ടായി. ശനിയാഴ്ച രാവിലെ ഇസ്രയേലില്‍ കടന്നുകയറി ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇസ്രയേല്‍ പ്രത്യാക്രമണം കടുപ്പിച്ചത്. ഇതോടെ ഗാസയിലെ ആശുപത്രികള്‍ നിറഞ്ഞതായാണ് വിവരം. ഇസ്രയേലിന് കഴിഞ്ഞ ദിവസം പിന്തുണ പ്രഖ്യാപിച്ച യുഎസ് മേഖലയിലേക്ക് കപ്പലുകളും വിമാനങ്ങളും വിന്യസിച്ചു. കൂടുതല്‍ യുദ്ധ സാമഗ്രികള്‍ അയക്കാന്‍ യുഎസ് സന്നദ്ധത അറിയിക്കുകയും ചെയ്തിട്ടുണ്ട്. സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടിയന്തര സുരക്ഷായോഗം വിളിച്ചു. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ ടെല്‍ അവീവിലെത്തി സ്ഥിതിഗതികള്‍ വിശകലനം ചെയ്യുകയാണ്. ഗാസയ്ക്കു സമീപത്തെ പ്രദേശങ്ങളില്‍നിന്ന് ഇസ്രയേല്‍ പൗരരെ 24 മണിക്കൂറിനുള്ളില്‍ ഒഴിപ്പിക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് സൈന്യം അറിയിച്ചു. ഹമാസിനെതിരായ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണിതെന്നാണ് കരുതുന്നത്. ഒന്നേകാല്‍ ലക്ഷത്തോളം ആളുകള്‍ ഗാസയില്‍ നിന്ന് പാലായനം ചെയ്യപ്പെട്ടതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. 74000 ത്തോളം പേര്‍ സ്‌കൂളുകളില്‍ അഭയം തേടിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൊന്നായ ഗാസയില്‍ 23 ലക്ഷത്തോളം ആളുകള്‍ താമസിക്കുന്നുണ്ട്. ആളുകളോട് ഇവിടെ നിന്ന് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ശനിയാഴ്ച ഇസ്രയേലിനു നേരെ അപ്രതീക്ഷിത ആക്രമണം നടത്തിയ നടപടിയെ ന്യായീകരിച്ച് ഹമാസ് തലവന്‍ ഇസ്മായീല്‍ ഹനിയ്യ രംഗത്തെത്തി. അല്‍ അഖ്സ പള്ളിയുടെ കാര്യത്തില്‍ തീക്കൊള്ളികൊണ്ട് കളിക്കരുതെന്ന് ഇസ്രയേലിന് പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും അവര്‍ ചെവിക്കൊള്ളാത്തതിലുള്ള തിരിച്ചടിയാണ് നടപടിയെന്നും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!