KSDLIVENEWS

Real news for everyone

സംഘര്‍ഷം കനക്കുന്നു; യുദ്ധമേഖലയിലേക്ക് സൈനിക നീക്കം തുടങ്ങി അമേരിക്ക, യുദ്ധക്കപ്പല്‍ പുറപ്പെട്ടു

SHARE THIS ON

വാഷിങ്ടണ്‍: ഇസ്രയേല്‍ ഹമാസിനെതിരെ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ മേഖലയില്‍ അമേരിക്കയുടെ സൈനിക നീക്കങ്ങള്‍ ആരംഭിച്ചു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെ‍ഞ്ചമിൻ നെതന്യാഹു ഫോണില്‍ ബന്ധപ്പെട്ടതിന് പിന്നാലെയാണ് സൈനിക നീക്കം തുടങ്ങിയ വിവരം അമേരിക്ക സ്ഥിരീകരിച്ചത്. യു എസ് നേവിയുടെ യുഎസ്‌എസ് ജെറാര്‍ഡ് ഫോര്‍ഡ് എന്ന യുദ്ധക്കപ്പല്‍ മെഡിറ്ററേനിയൻ സമുദ്രത്തിലേക്ക് തിരിച്ചു. ആണവ ശേഷിയുള്ള വിമാന വാഹിനി കപ്പലാണ് യുഎസ്‌എസ് ജെറാര്‍ഡ് ഫോര്‍ഡ്. ഇറ്റലിയുടെ സമീപത്തായിരുന്ന കപ്പലാണ് ഇസ്രായേലിന് അടുത്തേക്ക് നീങ്ങുന്നത്. എഫ്-35, എഫ്-15, എഫ്-16, എ-10 സ്ക്വാഡ്രണ്‍ വിമാനങ്ങളുടെ സാന്നിധ്യവും മേഖലയില്‍ വര്‍ധിപ്പിക്കും. സംഘര്‍ഷം വര്‍ധിപ്പിക്കാതിരിക്കാൻ ഹിസ്‌ബുള്ള പോലുള്ള സംഘടനകള്‍ക്ക് മുന്നറിയിപ്പ് നല്‍കാനാണ് അമേരിക്കയുടെ സൈനിക നീക്കങ്ങളെന്നാണ് വിശദീകരണം. ലെബനനിലെ ഹിസ്ബുള്ള പോലെയുള്ള തീവ്രവാദ സംഘങ്ങള്‍ ഇസ്രായേലിനെതിരെ അണിനിരക്കുന്ന നീക്കം തടയാൻ ഉദ്ദേശിച്ചുള്ളതാണെന്ന് അമേരിക്കയുടെ നടപടിയെന്ന് പെന്റഗണ്‍ വ്യക്തമാക്കി. ഇസ്രായേല്‍-പലസ്തീൻ സംഘര്‍ഷം തുടരവെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഇസ്രായേല്‍ പ്രധാനമന്ത്രി ബെ‍ഞ്ചമിൻ നെതന്യാഹുവും ചര്‍ച്ച നടത്തി. ഇരു നേതാക്കളും ഞായറാഴ്ച്ച ഫോണില്‍ സംസാരിച്ച്‌ നിലവിലെ സ്ഥിതി ഗതികള്‍ വിലയിരുത്തി. ഇസ്രയേലിന് അമേരിക്കയുടെ സൈനിക സഹായം നല്‍കി തുടങ്ങിയെന്ന് ബൈഡൻ അറിയിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ സൈനിക സഹായം അമേരിക്ക ലഭ്യമാക്കും. ഭീകരവാദത്തിനെതിരെ എല്ലാ രാജ്യങ്ങളും ഒരുമിക്കണമെന്നും ബൈഡൻ പറഞ്ഞു. ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച നടത്തി. ഇവരെ മോചിപ്പിക്കാനുള്ള സാധ്യതകള്‍ തേടിയതായാണ് സൂചന. … ഇസ്രായേല്‍-ഹമാസ് യുദ്ധം: മരണം 1000 കടന്നു; ഇസ്രയേലില്‍ മരണസംഖ്യ 600 കടന്നു, ഗാസയില്‍ 400ലേറെ മരണം അതേസമയം, ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ മരണം 1000 കടന്നു. ഇസ്രായേലില്‍ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിലും വെടിവെപ്പിലും 600ലേറെ പേര്‍ കൊല്ലപ്പെട്ടപ്പോള്‍ ഇസ്രയേല്‍ ഗാസയില്‍ നടത്തിയ ആക്രമണങ്ങളില്‍ മരണം നാനൂറ് കടന്നു. ഗാസയിലെ നൂറിലേറെ ഹമാസ് നേതാക്കളുടെ വീടുകള്‍ തകര്‍ത്തെന്ന് ഇസ്രായേല്‍ അവകാശപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!