ഗസ്സ ഉപരോധം നിയമവിരുദ്ധം -യൂറോപ്യൻ യൂനിയൻ

ബ്രസല്‍സ്: ഇസ്രായേലിന്റെ ഗസ്സ ഉപരോധം നിയമവിരുദ്ധമാണെന്ന് യൂറോപ്യൻ യൂനിയൻ വിദേശനയ മേധാവി ജോസെപ് ബോറെല്‍ പറഞ്ഞു.
ഫലസ്തീനുള്ള യൂറോപ്യൻ സഹായം തുടര്‍ന്നും നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വയം പ്രതിരോധത്തിനുള്ള അവകാശം ഇസ്രായേലിനുണ്ട്. എന്നാല്‍, അത് അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അനുസരിച്ചാകണം. വലിയൊരു വിഭാഗം ജനത്തിന് ഭക്ഷണവും വൈദ്യുതിയും വെള്ളവും വിച്ഛേദിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമാണ്. ഫലസ്തീൻ ജനങ്ങളും ദുരിതം അനുഭവിക്കുകയാണെന്നും മസ്കത്തില്‍ വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ഹമാസ് ആക്രമണത്തിന് മറുപടിയായി ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തെ വിമര്‍ശിച്ച് രംഗത്തെത്തുന്ന ആദ്യ യൂറോപ്യൻ യൂനിയൻ നേതാവാണ് ബോറെല്‍.

