അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി റിയാദില്‍; ഗസ്സയില്‍ നിന്ന് നിര്‍ബന്ധിതമായി കുടിയിറക്കാനുള്ള ശ്രമത്തെ തള്ളിക്കളയുന്നതായി സൗദി അറേബ്യ

റിയാദ്: രൂക്ഷമായ ഇസ്റാഈല്‍ ഫലസ്തീൻ സംഘര്‍ഷത്തിനിടെ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയുടെ അടിയന്തിയ ഗള്‍ഫ് സന്ദര്‍ശനം തുടരുന്നു. ഗസ്സയിലെ അക്രമം നിയന്ത്രിക്കാൻ സഹായം തേടാനും ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യാനുമായാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കൻ ഗള്‍ഫ് രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്നത്. സന്ദര്‍ശനതിന്റെ ഭാഗമായി ആൻറണി ബ്ലിങ്കൻ സഊദിയിലെത്തി. അറബ് മേഖലയിലാകെ നടത്തുന്ന പര്യടനത്തിെൻറ ഭാഗമായി വെള്ളിയാഴ്ച രാത്രിയാണ് അദ്ദേഹം റിയാദില്‍ വിമാനമിറങ്ങിയത്. ഗസ്സയില്‍ നിന്ന് പലസ്തീൻ ജനതയെ നിര്‍ബന്ധിതമായി കുടിയിറക്കാനുള്ള ആഹ്വാനങ്ങള്‍ തള്ളിക്കളയുന്നതായും അവിടെയുള്ള പ്രതിരോധമില്ലാത്ത സാധാരണക്കാരെ തുടര്‍ച്ചയായി ലക്ഷ്യമിടുന്നതിനെ അപലപിക്കുന്നതായും സഊദി അറേബ്യ വെള്ളിയാഴ്ച വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയുടെ സന്ദര്‍ശനം. നേരത്തെ ഖത്തറില്‍ എത്തിയ ആൻറണി ബ്ലിങ്കൻ അവിടെ നടത്തിയ കൂടിക്കാഴ്ചകള്‍ക്ക് ശേഷമാണ് സഊദിയിലേക്ക് തിരിച്ചത്. സഊദിയിലെത്തിയ ആൻറണി ബ്ലിങ്കൻ ഇന്ന് ഉന്നത സഊദി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. സംഘര്‍ഷം വ്യാപിക്കുന്നത് തടയുക, ബന്ദികളെ ഉടനടി സുരക്ഷിതമായി മോചിപ്പിക്കുക, സിവിലിയൻമാരുടെ സംരക്ഷണത്തിനുള്ള സംവിധാനങ്ങള്‍ സാധ്യമാക്കുക തുടങ്ങിയ വിഷയങ്ങളില്‍ പശ്ചിമേഷ്യയിലെയും അറബ് മേഖലയിലെയും സൗഹൃദരാജ്യങ്ങളുടെ പിന്തുണയും ഇടപെടലും തേടിയാണ് സെക്രട്ടറിയുടെ പര്യടനമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെൻറ് വക്താവ് മാറ്റ് മില്ലര്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. നേരത്തെ ജോര്‍ദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ, ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബാസ്, ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അല്‍താനി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് അദ്ദേഹം റിയാദില്‍ എത്തിയിരിക്കുന്നത്. അതിനിടെ, ഗസ്സയിലെ നിവാസികള്‍ക്ക് ആവശ്യമായ ആശ്വാസവും ചികിത്സാ ആവശ്യങ്ങളും നല്‍കണമെന്നും ഫലസ്തീൻ ജനതയെ ഗസ്സയില്‍ നിന്ന് നിര്‍ബന്ധിതമായി കുടിയിറക്കാനുള്ള ആഹ്വാനത്തെയും ശ്രമങ്ങളെയും തള്ളിക്കളയുന്നതായും സഊദി അറേബ്യ വ്യക്തമാക്കി. മാന്യമായ ജീവിതത്തിനുള്ള അടിസ്ഥാന ആവശ്യകതകള്‍ അവര്‍ക്ക് നഷ്ടപ്പെടുത്തുന്നത് അന്താരാഷ്ട്ര മാനുഷിക നിയമത്തിെൻറ ലംഘനമാണ്. ഈ പ്രദേശം സാക്ഷ്യം വഹിക്കുന്ന പ്രതിസന്ധിയുടെയും ദുരിതത്തിെൻറയും ആഴം ഇത് വര്‍ധിപ്പിക്കും. ഗസ്സയിലെ സഹോദരങ്ങള്‍ക്കെതിരായ ഉപരോധം പിൻവലിക്കാനും പരിക്കേറ്റ സാധാരണക്കാരെ ഒഴിപ്പിക്കാനും അന്താരാഷ്ട്ര നിയമങ്ങളും മാനദണ്ഡങ്ങളും മാനുഷിക നിയമങ്ങളും പാലിക്കണമെന്നും ആവശ്യപ്പെടുന്നതായും പ്രസ്താവനയില്‍ ഊന്നിപ്പറഞ്ഞു. രക്ഷാസമിതിയുടെയും ഐക്യരാഷ്ട്രസഭയുടെയും പ്രമേയങ്ങള്‍ക്കനുസൃതമായി സമാധാന പ്രക്രിയയും ന്യായവും സമഗ്രവുമായ ഒരു പരിഹാരം കണ്ടെത്താൻ ലക്ഷ്യമിടുന്ന അറബ് സമാധാന സംരംഭവും മുന്നോട്ട് കൊണ്ടുപോകണമെന്നും കിഴക്കൻ ഖുദ്സിനെ തലസ്ഥാനമാക്കി 1967ലെ അതിര്‍ത്തികള്‍ക്ക് അനുസൃതമായി ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ടം സ്ഥാപിക്കണമെന്നും സഊദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

