വൈദ്യുത വാഹന ചാർജിങ് കേന്ദ്രങ്ങളുമായി ഇത്തിസലാത്ത്

ദുബായ് : യു.എ.ഇ. ടെക്, ടെലികോം ഗ്രൂപ്പായ ഇത്തിസലാത്ത് ‘ചാർജ് ആൻഡ് ഗോ’ എന്നപേരിൽ വൈദ്യുത വാഹന (ഇ.വി.) ചാർജിങ് കേന്ദ്രങ്ങൾ ആരംഭിക്കുന്നു. വൈദ്യുത വാഹന ഉപയോക്താക്കൾക്ക് ചാർജിങ് ശൃംഖലയിലേക്ക് വേഗത്തിലും എളുപ്പത്തിലും പ്രവേശനം നൽകുകയാണ് ലക്ഷ്യം. 2022-28 കാലയളവിൽ വൈദ്യുതവാഹനങ്ങളുടെ എണ്ണത്തിൽ 30 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നതായി ഇത്തിസലാത്ത് ഗ്രൂപ്പ് സി.ഇ.ഒ. ഹതേം ദോവിദർ പറഞ്ഞു. ഉപയോക്താക്കൾക്ക് മികച്ച സേവനങ്ങൾ കുറഞ്ഞചെലവിൽ നൽകാനായി രാജ്യത്തുടനീളം ചാർജിങ് കേന്ദ്രങ്ങൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ (ദേവ) നേതൃത്വത്തിലാണ് എമിറേറ്റിൽ ചാർജിങ് സ്റ്റേഷനുകൾ നിർമിക്കുക. സുസ്ഥിരഭാവി രൂപപ്പെടുത്തുന്നതിനുള്ള ഇത്തിസലാത്തിന്റെ പ്രതിബദ്ധതയാണ് ചാർജ് ആൻഡ് ഗോ സംരംഭത്തിലൂടെ പ്രതിഫലിക്കുന്നത്.

