KSDLIVENEWS

Real news for everyone

പാസ്പോർട്ട്, എമിറേറ്റ്‌സ് ഐ.ഡി. സേവനങ്ങൾക്ക് കിയോസ്കുകൾ

SHARE THIS ON

ദുബായ്: വിദേശസന്ദർശകർക്ക് സിംകാർഡുകൾ എടുക്കുന്നതിനും താമസക്കാർക്കും പൗരർക്കും പാസ്പോർട്ട്, എമിറേറ്റ്‌സ് ഐ.ഡി. എന്നിവ പുതുക്കുന്നതിനും കിയോസ്കുകൾ ആരംഭിക്കും. വിവരസാങ്കേതികരംഗത്ത് വലിയ ചലനങ്ങൾ സൃഷ്ടിക്കുന്ന ജൈറ്റക്സ് ഗ്ലോബലിലാണ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി.) കിയോസ്ക് പദ്ധതിയുടെ മാതൃകയവതരിപ്പിച്ചത്. പാസ്പോർട്ട്, എമിറേറ്റ്‌സ് ഐ.ഡി. എന്നിവ തത്ക്ഷണം പുതുക്കാൻ സൗകര്യമൊരുക്കുന്ന കിയോസ്ക് സേവനം 24 മണിക്കൂറും ലഭ്യമാക്കാനാണ് പദ്ധതിയിടുന്നത്. വിമാനത്താവളങ്ങൾ, ഷോപ്പിങ് മാളുകൾ എന്നിങ്ങനെയുള്ള സ്ഥലങ്ങളിലായിരിക്കും കിയോസ്കുകൾ സ്ഥാപിക്കുക. പദ്ധതിയുടെ ആദ്യഘട്ടത്തിൽ താമസക്കാർക്കും സന്ദർശകർക്കും അവരുടെ ബയോമെട്രിക്സ് സമർപ്പിക്കാൻ സൗകര്യമൊരുക്കും. ഇതോടെ ബയോമെട്രിക്സ് സമർപ്പിക്കുന്നതിനായി ഐ.സി.പി. കേന്ദ്രങ്ങൾ സന്ദർശിക്കേണ്ടതിന്റെ ആവശ്യകതയില്ലാതാകും. പ്രിന്ററുകളുള്ള കിയോസ്കുകളാണ് ഭാവിയിൽ സ്ഥാപിക്കുക. താമസക്കാരുടെ പാസ്പോർട്ടും എമിറേറ്റ്‌സ് ഐ.ഡി.യും സന്ദർശകരുടെ വിസയും തത്സമയം പ്രിന്റ് ചെയ്യാൻ ഇതുവഴി സാധിക്കും. സന്ദർശകർക്ക് യു.എ.ഇ.യിലെ സിം കാർഡുകൾ ലഭിക്കുന്നതിന് ആവശ്യമായ ബയോമെട്രിക്സ് സമർപ്പിക്കാനും കഴിയും. വിരലടയാളം, ഒപ്പ് എന്നിവ പകർത്താനും ഫോട്ടോയെടുക്കാനും കിയോസ്കുകൾ സഹായിക്കും. നിലവിൽ പദ്ധതിവികസിപ്പിക്കാനായി ഐ.സി.പി. പ്രവർത്തിക്കുന്നുണ്ട്. ഈ വർഷമോ അടുത്തവർഷമോ പരീക്ഷണഘട്ടങ്ങൾ വിജയകരമായി പൂർത്തിയാക്കി പദ്ധതി പ്രാബല്യത്തിലാക്കാനാണ് ഐ.സി.പി. ലക്ഷ്യമിടുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!