KSDLIVENEWS

Real news for everyone

‘ഫോൺ വിളിച്ചപ്പോൾ എടുത്തില്ല, അതിനാൽ ബോംബിട്ട് മുന്നറിയിപ്പ് നൽകി’; ആശുപത്രി ആക്രമണത്തിൽ ഇസ്രായേൽ വാദം പുറത്തുവിട്ട് ഗസ്സ ആരോഗ്യമന്ത്രാലയം

SHARE THIS ON

ഗസ്സ സിറ്റി: ഗസ്സയിലെ അൽ-അഹ്ലി അൽ-അറബ് ആശുപത്രിയിൽ നടന്ന ഇസ്രായേൽ ആക്രമണത്തിന്റെ വിശദാംശങ്ങൾ പങ്കുവെച്ച് ആരോഗ്യ മന്ത്രാലയം അണ്ടർസെക്രട്ടറി യൂസഫ് അബു അൽ-റിഷ്. അൽ അഹ്‌ലി ആശുപത്രിയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾക്ക് നടുവിൽ നിന്നുകൊണ്ടാണ് ഇദ്ദേഹം വാർത്താസമ്മേളനം നടത്തിയത്. ആശുപത്രിയിലേക്ക് ഫോൺ വിളിച്ചപ്പോൾ ആരും എടുക്കാത്തതിനാലാണ് രണ്ട് ഷെല്ലുകളിട്ട് മുന്നറിയിപ്പ് നൽകിയതെന്ന് ഇസ്രായേൽ സൈന്യം അവകാശപ്പെട്ടതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മിഡിൽ ഈസ്റ്റ് ഐയടക്കം ഈ വാർത്താസമ്മേളനം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ഒക്‌ടോബർ 14ന് രാത്രി എട്ടരയ്ക്കാണ് രണ്ട്‌ ഷെല്ലുകൾ ആശുപത്രിയ്ക്ക് മേലിട്ടതെന്ന് യൂസഫ് അബൂ അൽ റിഷ് പറഞ്ഞു. ഷെല്ലുകൾ പതിക്കുന്ന ചിത്രങ്ങൾ ഉയർത്തിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തുടർന്ന് ആശുപത്രിയിലുണ്ടായ നാശനഷ്ടങ്ങളുടെ ചിത്രവും കാണിച്ചു. ‘ഇന്നലെ രണ്ട് ഷെല്ലിട്ട് നിങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടും നിങ്ങളെന്ത് കൊണ്ടാണ് ആശുപത്രി ഒഴിപ്പിക്കാത്തതെന്ന്’ ചോദിക്കാൻ തൊട്ടടുത്ത ദിവസം ഇസ്രായേൽ പ്രതിരോധ സേന ആശുപത്രി ഡയറക്ടർ ഡോ. മാഹിർ അയ്യാദിനെ വിളിച്ചെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്തുകൊണ്ടാണ് നിങ്ങൾ ഫോൺ വിളിക്കാതിരുന്നതെന്ന് ഡോ. മാഹിർ ചോദിച്ചപ്പോൾ, ‘ഞങ്ങൾ വിളിച്ചു, എന്നാൽ ആരും മറുപടി നൽകിയില്ല, അതിനാൽ മിസൈലുകളിലൂടെയുള്ള വഴി തിരഞ്ഞെടുത്തു’ എന്നായിരുന്നു ഇസ്രായേൽ മറുപടിയെന്നും യൂസഫ് വ്യക്തമാക്കി. മിസൈലുകൾ കൊണ്ട് മുന്നറിയിപ്പ് നൽകുന്ന ലോകത്തിലെ ഏക പ്രദേശം ഗസ്സ മുനമ്പാണെന്നും അദ്ദേഹം വിമർശിച്ചു. വീടുകളിൽ ബോംബിടുമെന്നത് അറിയാൻ ബോംബിട്ട് മുന്നറിയിപ്പ് നൽകുന്നതും ഇവിടെയാണെന്നും യൂസഫ് കുറ്റപ്പെടുത്തി”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!