റോഡ് സൗകര്യമില്ല; പാണത്തൂരിൽ കാൻസർ രോഗിയെ കിലോമീറ്ററോളം ചുമന്ന് വാഹനത്തിൽ എത്തിച്ചത് ചുമട്ടു തൊഴിലാളികൾ

രാജപുരം∙ വീട്ടിലേക്ക് റോഡ് സൗകര്യമില്ല; കാൻസർ രോഗിയെ ഒരു കിലോമീറ്ററോളം ചുമന്ന് വാഹനത്തിൽ എത്തിച്ചത് പാണത്തൂരിലെ ചുമട്ടു തൊഴിലാളികൾ. പനത്തടി പഞ്ചായത്തിലെ പാണത്തൂർ മാപ്പിളശേരിയിലെ ഐത്തമ്മ ഭായി(76)യെയാണ് ചുമട്ടു തൊഴിലാളികൾ വാഹനത്തിൽ എത്തിക്കാൻ കുന്ന് കയറി ഇടുങ്ങിയ വഴിയിലൂടെ ഒരു കിലോമീറ്ററോളം ദൂരം സ്ട്രക്ചറിൽ ചുമന്നത്. പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രം പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ കീഴിലെ രോഗിയാണ് ഐത്തമ്മ ഭായി. വ്യാഴാഴ്ച ഐത്താമ്മ ഭായിക്ക് വീണു പരുക്ക് പറ്റിയിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിക്കാൻ പറ്റാതെ വന്നതോടെ വീട്ടുകാർ പാലിയേറ്റീവ് നഴ്സ് അനിത കുമാരിയെ വിവരം അറിയിച്ചു. തുടർന്ന് അനിത കുമാരി ചുമട്ടു തൊഴിലാളികളുടെ സഹായം തേടുകയായിരുന്നു. സിഐടിയു ചുമട്ടു തൊഴിലാളി യൂണിയൻ പനത്തടി ഏരിയ സെക്രട്ടറി അറയ്ക്കൽ സെബാസ്റ്റ്യൻ, തൊഴിലാളികളായ പി.എൻ.സതീഷ് കുമാർ, എൻ.റഹീം, എം.കെ.മനു എന്നിവരാണ് സഹായത്തിനെത്തിയത്. പാലിയേറ്റീവ് വൊളന്റിയർമാരായ പി.ആർ.പ്രസാദ്, ജയരാജ് കെ.നായർ സെബിൻ ഇ.തോമസ് എന്നിവരും സഹായത്തിനെത്തി.

