ചന്ദ്രഗിരിപ്പുഴയിൽ ചേരൂർ കടവിൽ നിന്ന് പാലം നിർമാണത്തിന് ഭരണാനുമതി തേടി അധികൃതർ

നായന്മാർമൂല∙ദേശീയപാതയ്ക്കു സമാന്തരമായി ചെങ്കള–ചെമ്മനാട് പഞ്ചായത്തുകളിലെ ഇരു കരകളെ ബന്ധിപ്പിക്കുന്നതിനു ചേരൂർക്കടവിനു സമീപം ചന്ദ്രഗിരിപ്പുഴയ്ക്കു കുറുകെ പാലം നിർമിക്കുന്നതിനു അധികൃതർ സർക്കാരിന്റെ ഭരണാനുമതി തേടി. 28 കോടി രൂപയാണ് അധികൃതർ ചെലവ് കണക്കാക്കിയിട്ടുള്ളത്. രൂപരേഖയും എസ്റ്റിമേറ്റും അടക്കമാണ് അധികൃതർ ഭരണാനുമതി ലഭിക്കുന്നതിന് അപേക്ഷ നൽകിയിട്ടുള്ളത്. പല ഇടങ്ങളിലായി പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ചേരൂർ തൂക്കുപാലം വഴിയുള്ള യാത്ര കൂടുതൽ അപകടമാകുമെന്ന ആശങ്കയുണ്ട്. ഈ സാഹചര്യത്തിൽ ഉടൻ ഭരണാനുമതി ലഭ്യമാക്കാൻ ജനപ്രതിനിധികൾ ശക്തമായ സമ്മർദം ചെലുത്തണമെന്ന് നാട്ടുകാരിൽ നിന്നു ആവശ്യം ഉയർന്നു. 4 വർഷം മുൻപാണ് പുഴയുടെ ഇരു കരകളിലുള്ള പഞ്ചായത്ത് വാർഡ് അംഗങ്ങളും നാട്ടുകാരും ചേർന്നുള്ള ആക്‌ഷൻ കമ്മിറ്റി പാലം നിർമാണത്തിനു വേണ്ടി അധികൃതർക്കും ജനപ്രതിനിധികൾക്കും നിവേദനം നൽകിയത്. എംഎൽഎമാരായ എൻ.എ.നെല്ലിക്കുന്ന്, സി.എച്ച്.കുഞ്ഞമ്പു എന്നിവർ ശക്തമായ ഇടപെടൽ നടത്തിയാൽ പാലം യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിലാണ് അവർ. ചെമ്മനാട് പഞ്ചായത്തിലെ കല്ലുംകടവ് വയലാംകുഴി പ്രദേശം ബന്ധപ്പെടുത്തുന്നതാണ് നിർദിഷ്ട പാലം. മേൽപറമ്പ്, കോളിയടുക്കം, ചട്ടഞ്ചാൽ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് കാസർകോട്, നായന്മാർമൂല, ചെങ്കള, നാലാം മൈൽ, പാണലം, അണങ്കൂർ, ബെദിര, ചാല, വിദ്യാനഗർ ഭാഗങ്ങളിൽ എത്താൻ നിർദിഷ്ട പാലം കൂടി സഹായമാകും.350 മീറ്റർ നീളം, 12 മീറ്റർ വീതിയാണ് നിർദിഷ്ട പാലം നിർമാണത്തിന്റെ രൂപരേഖ. 35 മീറ്റർ ഇടപെട്ട് 10 സ്പാൻ നിർമിക്കണം.

