അവസാനപന്തില്‍ ട്വിസ്റ്റ്; ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം

വിശാഖപട്ടണം: ട്വന്റി 20 ഇന്ത്യ – ഓസ്ട്രേലിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ഓസ്ട്രേലിയ ഉയര്‍ത്തിയ 209 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ശേഷിക്കെ ഇന്ത്യന്‍ യുവനിര മറികടന്നു. അവസാനപന്തിലേക്കുനീണ്ട ആവേശപ്പോരില്‍ രണ്ടുവിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. അവസാന പന്തില്‍ വിജയിക്കാന്‍ ഒരു റണ്‍സ് വേണമെന്നിരിക്കെ റിങ്കുസിങ് പന്ത് സിക്സര്‍ പറത്തി. എന്നാല്‍ പന്ത് ഓവര്‍സ്റ്റെപ്പ് ചെയ്തതിന് അമ്പയര്‍ നോബോള്‍ വിളിച്ചതോടെ റിങ്കുവിന്റെ സിക്സര്‍ കൂടാതെതന്നെ ഇന്ത്യ വിജയം സ്വന്തമാക്കി. സ്കോര്‍: ഓസ്ട്രേലിയ 20 ഓവറില്‍ മൂന്നുവിക്കറ്റ് നഷ്ടത്തില്‍ 208. ഇന്ത്യ 19.5 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 209. ഇന്ത്യന്‍ നായകന് സൂര്യകുമാര്‍ യാദവും ഇഷാന് കിഷനും അര്‍ധസെഞ്ചുറി നേടി. മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് 22 റണ്‍സെടുക്കുന്നതിനിടെ ഓപ്പണ്‍മാരായ ഋതുരാജ് ഗെയ്ക് വാദിന്റെയും യശ്വസി ജയ്സ്വാളിന്റെയും വിക്കറ്റ് നഷ്ടമായി. ആദ്യ ഓവറില്‍ ഗെയ്ക് വാദ് റണ്ണൗട്ടാവുകയായിരുന്നു. എട്ട് പന്തില്‍ രണ്ടുവീതം സിക്സും ഫോറും സഹിതം 21 റണ്‍സാണ് ജയ്സ്വാള്‍ നേടിയത്. മൂന്നാം ഓവറില്‍ മാറ്റ് ഷോര്ട്ടെറിഞ്ഞ പന്ത് സ്റ്റീവ് സ്മിത്തിന്റെ കൈകളിലെത്തിയതോടെ ജയ്സ്വാള്‍ മടങ്ങി. സൂര്യകുമാര്‍- ഇഷാന് കിഷന് മൂന്നാം വിക്കറ്റ് സംഖ്യമാണ് ഇന്ത്യയുടെ പോരാട്ടവീര്യം ഉയര്‍ത്തിയത്. 112 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയര്‍ത്തിയത്. അഞ്ച് സിക്സും രണ്ട് ഫോറും സഹിതം 58 റണ്‍സാണ് ഇഷാന് നേടിയത്. ഇഷാന് പുറത്തായിട്ടും ഒരറ്റത്ത് സൂര്യകുമാര്‍ നിലയുറപ്പിച്ചു. നാല് സിക്സും ഒമ്പത് ഫോറും സഹിതം 80 റണ്‍സെടുത്തശേഷമാണ് സൂര്യകുമാര്‍ പുറത്തായത്. ഈ സമയം ഇന്ത്യന്‍ സ്കോര്‍ 194. എന്നാല്‍, അവസാന ഓവറില്‍ മൂന്നുവിക്കറ്റ് നഷ്ടമായതോടെ ആശങ്കയുടെ നിമിഷങ്ങള്‍. അസ്കര്‍ പട്ടേല്‍(2), രവി ബിഷ്ണോയി(0), അര്‍ഷ് ദ്വീപ് (0) എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്. അവസാന പന്തില്‍ ജയിക്കാന്‍ വേണ്ടത് ഒരു റണ്‍സ്. സീന്‍ അബോട്ടെറിഞ്ഞ അവസാനപന്തില്‍ റിങ്കുസിങിന്റെ പടുകൂറ്റന്‍ സിക്സര്‍. എന്നാല്‍ ഈ പന്ത് നോബോള്‍ വിളിച്ചതോടെ സിക്സര്‍ കൂടാതെതന്നെ ഇന്ത്യ വിജയം കരസ്ഥമാക്കി. 14 പന്തില്‍ 22 റണ്‍സാണ് റിങ്കു നേടിയത്. നേരത്തെ, സെഞ്ചുറിയുമായി കളത്തില്‍ നിറഞ്ഞാടിയ ജോഷ് ഇന്‍ഗ്ലിസിന്റെ കരുത്തിലാണ് കൂറ്റന്‍ സ്കോര്‍ ഓസ്ട്രേലിയ കെട്ടിപ്പടുത്തത്. ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓസ്ട്രേലിയയ്ക്കുവേണ്ടി ഓപ്പണറായെത്തിയ സ്റ്റീവ് സ്മിത്ത് അര്‍ധ സെഞ്ചുറി നേടി. 52 റണ്‍സെടുത്ത സ്മിത്ത് റണ്‍ ഔട്ട് ആയി. മാത്യു ഷോര്‍ട്ട് 13, ജോഷ് ഇന്‍ഗ്ലിസ് 110, മാര്‍ക്കസ് സ്റ്റോണിസ് ഏഴ്, ടിം ഡേവിഡ് 19 എന്നിങ്ങനെയാണ് സ്കോര്‍. 50 പന്ത് നേരിട്ടാണ് മാര്‍ക്കസ് സ്റ്റോണിസ് 110 റണ്‍സ് നേടിയത്. ഇന്ത്യയ്ക്കായി പ്രസിദ്ധ് കൃഷ്ണ, രവി ബിഷ്ണോയ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.47 പന്തില്‍ സെഞ്ചുറിയിലെത്തിയ ഇന്‍ഗ്ലിസ്, രാജ്യാന്തര ട്വന്റി 20-യില്‍ ഓസീസ് താരത്തിന്റെ വേഗമേറിയ സെഞ്ചുറിയെന്ന റെക്കോര്‍ഡും സ്വന്തമാക്കി

