KSDLIVENEWS

Real news for everyone

മുന്‍മന്ത്രിയും കോൺഗ്രസ് നേതാവുമായ പി. സിറിയക് ജോണ്‍ അന്തരിച്ചു

SHARE THIS ON

കോഴിക്കോട്: മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. സിറിയക് ജോണ്‍ (91) അന്തരിച്ചു. കോഴിക്കോട് പാലിയേറ്റീവ് കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വ്യാഴാഴ്ച വൈകീട്ട് എട്ടുമണിയോടെയാണ് അന്ത്യം. തിരുവമ്പാടി, കല്പറ്റ നിയോജക മണ്ഡലങ്ങളില്‍നിന്ന് മത്സരിച്ച് 17 വര്‍ഷം എം.എല്‍.എ.യായി. ഏറെക്കാലമായി മറവി രോഗബാധിതനായിരുന്നു. കെ. കരുണാകരന്‍ മന്ത്രിസഭയില്‍ കൃഷി, മൃഗസംരക്ഷണവകുപ്പ് മന്ത്രിയായിരുന്നു. മൃതദേഹം കോഴിക്കോട്ട് കോവൂരിലുള്ള ഗുഡ് എര്‍ത്ത് വില്ല അപ്പാര്‍ട്ട്‌മെന്റില്‍ വെള്ളിയാഴ്ച രാവിലെ പത്തുവരെയും തുടര്‍ന്ന് ടൗണ്‍ ഹാളില്‍ 12 മണിവരെയും പൊതുദര്‍ശനത്തിനു വയ്ക്കും. ശേഷം കട്ടിപ്പാറയിലുള്ള തറവാട്ടിലേക്ക് കൊണ്ടുപോകും. ശവസംസ്‌കാരം വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിക്ക് കട്ടിപ്പാറ ഹോളി ഫാമിലി ചര്‍ച്ച് സെമിത്തേരിയില്‍. മൂന്ന് വര്‍ഷത്തോളം എന്‍.സി.പി. സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. താമരശ്ശേരി കോ-ഓപ്പറേറ്റീവ് ബാങ്ക് മുന്‍ പ്രസിഡന്റ്, കേരള റബ്ബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ പ്രസിഡന്റ്, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രഡിസന്റ്, റബ്ബര്‍ ബോര്‍ഡ് മെമ്പര്‍ മുതലായ പദവികള്‍ വഹിച്ചിട്ടുണ്ട്. ഇദ്ദേഹം കൃഷിമന്ത്രിയായിരുന്ന കാലത്താണ് കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും കൃഷിഭവനുകള്‍ സ്ഥാപിക്കുന്നത്. പാലാ മരങ്ങാട്ടുപള്ളിക്കടുത്ത് കടപ്ലാമറ്റം ജോണിന്റെയും മറിയമ്മയുടെയും മകനായി 1933 ജൂണ്‍ 11-ന് ജനിച്ചു. എസ്.എസ്.എല്‍.സി. വരെയുള്ള പഠനത്തിനുശേഷം 1950-ല്‍ കുടുംബം കട്ടിപ്പാറയിലേക്ക് കുടിയേറിയപ്പോള്‍ അച്ഛനോടൊപ്പം കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടു. പ്രദേശത്തെ പിന്നാക്കാവസ്ഥ ഉയര്‍ത്തിക്കാട്ടി പൊതുകാര്യങ്ങളില്‍ ഇടപെട്ട് പ്രവര്‍ത്തിച്ചതിനു പിന്നാലെ കോണ്‍ഗ്രസിന്റെ താമരശ്ശേരി മണ്ഡലം പ്രസിഡന്റായി. പിന്നീട് കെ.പി.സി.സി.അംഗം, കെ.പി.സി.സി. നിര്‍വാഹകസമിതി അംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. എന്‍.പി. അബു സാഹിബ് സ്മാരക പുരസ്‌കാരം, മുഹമ്മദ് അബ്ദുറഹ്‌മാന്‍ സ്മാരക പുരസ്‌കാരം തുടങ്ങിയ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. ഭാര്യ: കണ്ണോത്ത് വരിക്കമാക്കല്‍ അന്നക്കുട്ടി. മക്കള്‍: പി.സി. ബാബു (ബിസിനസ്, മംഗളൂരു), പി.സി. ബീന, പി.സി. മിനി, മനോജ് സിറിയക് (കട്ടിപ്പാറ), വിനോദ് സിറിയക് (ആര്‍ക്കിടെക്റ്റ്, കോഴിക്കോട്). മരുമക്കള്‍: സിന്‍സി ബാബു, ജോയി തോമസ് (റിട്ട. പി.ഡബ്ല്യു.ഡി. സൂപ്രണ്ടിങ്‌ എന്‍ജിനീയര്‍), ജോസ് മേല്‍വട്ടം (പ്ലാന്റര്‍, പുതുപ്പാടി), അനിത (ആര്‍ക്കിടെക്റ്റ്). സഹോദരങ്ങള്‍: പി.ജെ. മാത്യു, ഏലിക്കുട്ടി മാത്യു, മേരി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!