KSDLIVENEWS

Real news for everyone

‘ മേഴ്സിക്കുട്ടിയമ്മ 2 തവണ ഫയൽ കണ്ടു ; വിവരം തന്നെത് മൽസ്യത്തൊഴിലാളി നേതാവ് ‘ : രമേശ് ചെന്നിത്തല

SHARE THIS ON

തിരുവനന്തപുരം∙ ഇഎംസിസിയുടെ ആഴക്കടല്‍ കൊള്ളയ്ക്കുള്ള ഫയല്‍ മന്ത്രി മെഴ്സിക്കുട്ടിയമ്മ രണ്ടുതവണ കണ്ടതായി സര്‍ക്കാർ രേഖകളില്‍ ഉണ്ടെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആഴക്കടല്‍ മത്സ്യബന്ധനത്തിന് ഇഎംസിസി സമര്‍പ്പിച്ച കോണ്‍സെപ്റ്റ് രേഖയിന്മേലുള്ളതാണ് ഫിഷറീസ് വകുപ്പിന്റെ 219/B3/2019 നമ്പര്‍ ഫയൽ. സര്‍ക്കാരിനൊന്നും ഒളിക്കാനില്ലെങ്കില്‍, ഫയല്‍ മന്തിമാരാരും കണ്ടിട്ടില്ലെങ്കില്‍ ഫിഷറീസ് വകുപ്പിന്റെ ഈ ഫയല്‍ പുറത്തു വിടാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നതായി രമേശ് ചെന്നിത്തല പറഞ്ഞു.

2019 ആഗസ്റ്റ് 3 നാണ് ഇഎംസിസി സര്‍ക്കാരിനു വിശദമായ കോണ്‍സെപ്റ്റ് രേഖ സമര്‍പ്പിച്ചത്. ഓഗസ്റ്റ് 9ന് ഇതിന്മേല്‍ ഫയല്‍ ഓപ്പണ്‍ ചെയ്തു. പലതലത്തിലുള്ള ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കു ശേഷം 2019 ഒക്ടോബര്‍ 19നു ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ ഫയല്‍ മന്ത്രി മെഴ്സിക്കുട്ടിയമ്മയ്ക്കു കൈമാറി. 21നു മന്ത്രി അത് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു മടക്കി നല്‍കി.

നവംബര്‍ 1നു ഫയല്‍ വീണ്ടും പ്രിന്‍സിപ്പല്‍ സെക്രട്ടറി മന്ത്രി മെഴ്സിക്കുട്ടിയമ്മയ്ക്കു നല്‍കി. ഫയല്‍ കണ്ടശേഷം നവംബർ 18നു മന്ത്രി സെക്രട്ടറിക്ക് അത് തിരിച്ചു നല്‍കി. ഫിഷറീസ് മന്ത്രി കണ്ടശേഷമാണ് പദ്ധതി അസെൻഡിൽ വയ്ക്കുന്നത് എന്നാണ് സര്‍ക്കാരിന്റെ തന്നെ ഈ ഫയല്‍ നീക്കരേഖ വ്യക്തമാക്കുന്നത്. ഇതിനിടയില്‍ കേന്ദ്രത്തിനു കത്തെഴുതുകയും മറുപടി വാങ്ങുകയുമൊക്കെ ചെയ്തു. ആഴക്കടല്‍ മത്സ്യക്കൊള്ള പ്രതിപക്ഷം പൊളിച്ചതില്‍ മുഖ്യമന്ത്രിക്കുള്ള അരിശം അതിര് വിടുകയാണെന്നും ചെന്നിത്തല പറഞ്ഞു.

കള്ളം കയ്യോടെ പിടിക്കപ്പെട്ടപ്പോള്‍ ഗൂഢാലോചനാ സിദ്ധാന്തവുമായി ഇറങ്ങിയിരിക്കുകയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും. തന്റെ ഐശ്വര്യ കേരളയാത്രയ്ക്കിടയില്‍ ആലപ്പുഴയില്‍വച്ച് വളരെ യാദൃശ്ചികമായി കേരള സ്വതന്ത്രമത്സ്യത്തൊഴിലാളി യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് ജാക്സണ്‍ പൊള്ളയില്‍ ആണ് ഈ നിര്‍ണ്ണായക വിവരം തന്നോട് പറഞ്ഞത്. അല്ലാതെ മുഖ്യമന്ത്രിയും മന്ത്രിമാരും പറയുന്നതുപോലെ ഇഎംസിസിക്കാര്‍ വന്ന് കണ്ട് പറഞ്ഞതുകൊണ്ടല്ലെന്നും ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!