അനധികൃതമായി കടത്തിയ 35.97 ലക്ഷം രൂപ കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് പിടികൂടി

കോഴിക്കോട്: ട്രെയിനിൽ അനധികൃതമായി കടത്തിയ 35.97 ലക്ഷം രൂപ കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽനിന്ന് പിടികൂടി. മംഗളൂരു – ചെന്നൈ എക്സ്പ്രസിൽ (02602) നിന്നാണ് വൈകീട്ടോടെ പ്രത്യേക സംഘം പണം പിടികൂടിയത്. രാജസ്ഥാൻ സ്വദേശിയായ ബാബൂത്ത് സിംഗ്(54)നെ റെയിൽവേ പോലീസ് അറസ്റ്റു ചെയ്തു. പണം കോഴിക്കോടേക്ക് കൊണ്ടുവന്നതാണെന്ന് ചോദ്യം ചെയ്യലിൽ ബാബൂത്ത് സിംഗ് സമ്മതിച്ചിട്ടുണ്ട്.
നിയമസഭാ തിരഞ്ഞൈടുപ്പിന്റെ പശ്ചാത്തലത്തിൽ പാലക്കാട് ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണർ ജെതിൻ പി രാജിന്റെ നേതൃത്വത്തിൽ പരിശോധനയ്ക്കായി പ്രത്യേക സംഘം രൂപവത്കരിച്ചിരുന്നു. സംഘത്തിലെ ആർ.പി.എഫ് എ.എസ്.ഐ കെ.സജു, കോൺസ്റ്റബിൾമാരായ പി.കെ ഷെറി, ഒ.കെ അജീഷ്, അബ്ദുൾ സത്താർ എന്നിവരാണ് പണം പിടികൂടിയത്. പ്രതിയെ തുടർ നടപടികൾക്കായി ആദായ നികുതി ഉദ്യോഗസ്ഥർക്ക് കൈമാറി.