രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം രൂക്ഷം; പ്രതിദിന കണക്ക് ഉയർന്ന് 24 മണിക്കൂറിനുള്ളില്‍ 1.15 ലക്ഷം പുതിയ കേസുകള്‍,

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് പ്രതിദിന കേസുകളിൽ വൻ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,736 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇതുവരെ റിപ്പോർട്ട് ചെയ്ത ഏറ്റവും വലിയ കോവിഡ് പ്രതിദിന കേസുകളാണ് ഇത്. 24 മണിക്കൂറിനിടെ 630 പേർ രോഗബാധയെ തുടർന്ന് മരിച്ചിട്ടുണ്ട്. 59,856 പേർ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,28,01,785 ആയി ഉയർന്നു. 1,17,92,135 പേർ രോഗമുക്തി നേടി. നിലവിൽ 8,43,473 പേരാണ് ചികിത്സയിലുള്ളത്. ആകെ മരണസംഖ്യ 1,66,177 ആയി ഉയർന്നു. രാജ്യത്ത് ഇതുവരെ 8,70,77,474 പേർക്കാണ് വാക്സിൻ നൽകിയത്. 25,14,39,598 സാംപിളുകൾ ഇതുവരെ പരിശോധിച്ചു. ചത്തീസ്ഗഢ്, ഡൽഹി, കർണാടക,മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതൽ കോവിഡ് കേസുകളുള്ളത്. മഹാരാഷ്ട്രയിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിനിടെ 55,000 പേർക്കും ഡൽഹിയിൽ 5100 പേർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് വ്യാപനവും മരണനിരക്കും രാജ്യമൊട്ടുക്കും ഉയർന്നതോടെ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിച്ചുതുടങ്ങിയിട്ടുണ്ട്. ദേശീയതലത്തിൽ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടില്ലെങ്കിലും സംസ്ഥാനങ്ങൾ പ്രാദേശിക സ്ഥിതിഗതികൾ വിലയിരുത്തി നടപടികൾ ആരംഭിച്ചു. മഹാരാഷ്ട്രയിൽ രാത്രിസമയത്തും ശനി, ഞായർ ദിവസങ്ങളിലും കർഫ്യൂ ഏർപ്പെടുത്തിയതിനു പിന്നാലെ ഡൽഹിയിലും ചൊവ്വാഴ്ച മുതൽ ഏപ്രിൽ 30 വരെ രാത്രി കർഫ്യൂ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനം തടയാൻ സംസ്ഥാനത്ത് മൂന്നോ നാലോ ദിവസം ലോക്ഡൗൺ ഏർപ്പെടുത്താൻ ഗുജറാത്ത് ഹൈക്കോടതിയുടെ നിർദേശിച്ചിട്ടുണ്ട്. കോവിഡ് വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഇതു സംബന്ധിച്ച് ചീഫ് സെക്രട്ടറി രാജീവ് രഞ്ജൻ ബുധനാഴ്ച പ്രഖ്യാപനം നടത്തിയേക്കും. വോട്ടെടുപ്പിനുശേഷം സ്ഥിതിഗതികൾ വിലയിരുത്തി നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുമെന്ന് കഴിഞ്ഞദിവസം ആരോഗ്യ വകുപ്പ് സെക്രട്ടറി ജെ. രാധാകൃഷ്ണൻ അറിയിച്ചിരുന്നു. കൂടുതൽ സംസ്ഥാനങ്ങൾ കർശന നിയന്ത്രണത്തിലേക്ക് നീങ്ങുമെന്നാണ് സൂചനകൾ.