KSDLIVENEWS

Real news for everyone

പോളിങ് ശതമാനം ഉയർന്നേക്കും; അന്തിമ കണക്കായിട്ടില്ലെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ

SHARE THIS ON

തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് ശതമാനം കഴിഞ്ഞ തവണത്തെക്കാൾ ഉയർന്നേക്കും. ബൂത്തിലെത്തി വോട്ടു ചെയ്തവർ 73 ശതമാനത്തിലേറെയാണെന്നാണു തിരഞ്ഞെടുപ്പു കമ്മിഷന്റെ വിലയിരുത്തൽ.

പോളിങ് ഉദ്യോഗസ്ഥരിൽ പലരും വിശദാംശങ്ങൾ സമർപ്പിക്കാത്തതിനാൽ അന്തിമ കണക്കായിട്ടില്ലെന്നു കമ്മിഷൻ വ്യക്തമാക്കി. 80 വയസ്സു കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും കോവിഡ് ബാധിതർക്കുമായുള്ള തപാൽ വോട്ട് ഉൾപ്പെടുത്താതെയാണ് ആദ്യ കണക്കു തിട്ടപ്പെടുത്തിയത്.

ആകെയുള്ള 2,74,46,039 വോട്ടർമാരിൽ 3.53 ലക്ഷം പേരാണു വീട്ടിൽ തപാൽ വോട്ട് രേഖപ്പെടുത്തിയത്. ഇത് 1.28% വരും. ബൂത്തിൽ വോട്ടു ചെയ്തവർക്കൊപ്പം ഇവരുടെ കണക്കുകൂടി ഉൾപ്പെടുത്തുമ്പോൾ പോളിങ് ശതമാനം 74.28 ആകും. ഇതിനു പുറമേ, പോളിങ് ഡ്യൂട്ടിക്കു നിയോഗിക്കപ്പെട്ട മൂന്നര ലക്ഷത്തോളം ജീവനക്കാരിൽ 3 ലക്ഷമെങ്കിലും വോട്ടു ചെയ്തിരിക്കാനാണു സാധ്യത. ഇവരുടെ എണ്ണവും ആകെ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല.

57,160 സർവീസ് വോട്ടുകൾ വേറെയുമുണ്ട്. മറ്റൊരു വിഭാഗമായ അവശ്യ സർവീസ് വോട്ടുകൾ താരതമ്യേന കുറവാണെങ്കിലും അതുകൂടി ഉൾപ്പെടുത്തുമ്പോഴേ അന്തിമ പോളിങ് ശതമാനമാകൂ. വോട്ടെണ്ണലിനോടടുത്ത് ഇൗ കണക്ക് കൂടിയാകുമ്പോൾ പോളിങ് കഴിഞ്ഞ തവണത്തെ 77.10 ശതമാനവും കടന്നേക്കും. പ്രതിപക്ഷത്തിന്റെ ജാഗ്രതയും തിരഞ്ഞെടുപ്പു കമ്മിഷന്റെ ഇടപെടലും കാരണം ഇരട്ട/ വ്യാജ വോട്ടുകൾ ഇക്കുറി കുറഞ്ഞിരിക്കാം.

ഫലം വൈകിയേക്കും

തിരുവനന്തപുരം ∙ തപാൽ വോട്ടുകളുടെ ആധിക്യവും കോവിഡ് പ്രോട്ടോക്കോൾ മൂലം വോട്ടെണ്ണുന്ന മേശകളുടെ എണ്ണം കുറയ്ക്കുന്നതും കാരണം ഇക്കുറി വോട്ടെണ്ണൽ പൂർത്തിയാകാൻ വൈകും. ഫലം ഉച്ചയോടെ അറിയാമെന്നാണ് കമ്മിഷൻ പറയുന്നതെങ്കിലും അതിലും വൈകാനാണു സാധ്യത. മേയ് 2നു രാവിലെ 8നാണു വോട്ടെണ്ണൽ ആരംഭിക്കുന്നത്. ആദ്യം എണ്ണുന്നതു തപാൽ വോട്ടുകളാണ്. കഴിഞ്ഞ തവണ 2 ലക്ഷത്തോളമായിരുന്നെങ്കിൽ ഇക്കുറി 7 ലക്ഷത്തോളമായിരിക്കും. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ഒരു ഹാളിലെ വോട്ടെണ്ണൽ മേശകൾ കഴിഞ്ഞ തവണത്തെ 15ൽനിന്ന് ഏഴായി കുറയുകയും ചെയ്യും.

ജില്ലകളിലെ ലഭ്യമായ പോളിങ് കണക്ക് (2016 ലെ കണക്ക് ബ്രാക്കറ്റിൽ)

തിരുവനന്തപുരം 70.02 (72.69)

കൊല്ലം 73.16 (75.23)

പത്തനംതിട്ട 67.18 (71.55)

ആലപ്പുഴ 74.74 (79.58)

കോട്ടയം 72.16 (77.16)

ഇടുക്കി 70.38 (73.82)

എറണാകുളം 74.17 (80.03)

തൃശൂർ 73.74 (77.99)

പാലക്കാട് 76.20 (78.42)

മലപ്പുറം 74.26 (76.05)

വയനാട് 74.98 (78.48)

കോഴിക്കോട് 78.42 (82.20)

കണ്ണൂർ 77.78 (80.69)

കാസർകോട് 74.96 (78.76)

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!