KSDLIVENEWS

Real news for everyone

മേയ് രണ്ടിനുശേഷം കര്‍ണാടകയില്‍ പുതിയ മുഖ്യമന്ത്രിയെന്ന് ബി.ജെ.പി എം.എല്‍.എ

SHARE THIS ON

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായ ബി.എസ്. യെദിയൂരപ്പയെ നേതൃസ്ഥാനത്തുനിന്നും മാറ്റുമെന്ന് ബി.ജെ.പി എം.എല്‍.എ ബസനഗൗഡ പാട്ടീല്‍ യത്നാല്‍. മേയ് രണ്ടിനുശേഷം തീര്‍ച്ചയായും മാറ്റം ഉണ്ടാകുമെന്നും വടക്കന്‍ കര്‍ണാടകയില്‍നിന്നുള്ള ഒരാളായിരിക്കും പുതിയ മുഖ്യമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെ ഫലപ്രഖ്യാപനം നടക്കുന്ന ദിവസമാണ് മേയ് രണ്ട്. ഇതിനൊപ്പം ഏപ്രില്‍ 17 ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയിലെ മസ്കി, ബസവകല്യാണ്‍ നിയമസഭ മണ്ഡലങ്ങളിലെയും ബെളഗാവി ലോക്സഭ മണ്ഡലത്തിലെയും ഫലപ്രഖ്യാപനമുണ്ടാകും.

നേരത്തേയും യെദിയൂരപ്പക്കെതിരെ രൂക്ഷവിമര്‍ശനം ഉന്ന‍യിച്ചിരുന്ന യത്നാല്‍ സംസ്ഥാനത്ത് നേതൃമാറ്റമുണ്ടാകുമെന്ന് പലതവണ ആവര്‍ത്തിച്ചിരുന്നു. യെദിയൂരപ്പക്കെതിരെ മന്ത്രി കെ.എസ്. ഈശ്വരപ്പ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയ സംഭവം വിവാദമായതിന് പിന്നാലെയാണ് യത്നാല്‍ വീണ്ടും മുഖ്യമന്ത്രിയെ മാറ്റുമെന്ന അവകാശ വാദം ഉന്നയിച്ചിരിക്കുന്നത്.

പുതിയ മുഖ്യമന്ത്രിയുണ്ടാകുമെന്ന് പറഞ്ഞതിനൊപ്പം യെദിയൂരപ്പക്കും കുടുംബത്തിനുമെതിരെ രൂക്ഷ വിമര്‍ശനവും ഉന്നയിച്ചു.കശ്മീരിനുണ്ടായിരുന്നപോലെ യെദിയൂരപ്പക്ക് എന്തെങ്കിലും പ്രത്യേക പദവി ഉണ്ടായെന്നും യത്നാല്‍ ചോദിച്ചു.

75 വയസ്സിന് മുകളിലുള്ളവരെ മത്സരിപ്പിക്കരുതെന്ന പാര്‍ട്ടി നയമുണ്ടായിട്ടും യെദിയൂരപ്പക്ക് രണ്ടു തവണ ബോണസ് ലഭിച്ചു. ഏപ്രില്‍ 17ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുശേഷം യെദിയൂരപ്പ സ്വമേധയാ വിരമിക്കുന്നതാണ് നല്ലത്.

ഏപ്രില്‍ 17നുശേഷം കൂടുതല്‍ എം.എല്‍.എമാരും മന്ത്രിമാരും യെദിയൂരപ്പക്കെതിരെ രംഗത്തുവരും. ഇപ്പോള്‍ യെദിയൂരപ്പക്ക് പിന്തുണ നല്‍കാന്‍ അവര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. സംസ്ഥാനത്തെ എല്ലാ കാര്യങ്ങളെക്കുറിച്ചും കേന്ദ്ര നേതൃത്വം അറിയുന്നുണ്ട്. അഴിമതിയെക്കുറിച്ചും ട്രാന്‍സ്ഫര്‍ മാഫിയയെകുറിച്ചും അവര്‍ അറിയുന്നുണ്ട്.

സര്‍ക്കാറിനെതിരെ ഹൈകോടതി എങ്ങനെയാണ് പ്രതികരിക്കുന്നതെന്നും വീക്ഷിക്കുന്നുണ്ടെന്നും യത്നാല്‍ പറഞ്ഞു. ചോദ്യം െചയ്യുന്നതിനായി യെദിയൂരപ്പയുടെ മകന്‍ ബി.വൈ. വിജയേന്ദ്രയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. ഇക്കാര്യം വിജയേന്ദ്ര നിഷേധിക്കും. ഫെഡറല്‍ ബാങ്കില്‍നിന്നും വിദേശ ബാങ്കിലേക്ക് കോടിക്കണക്കിന് രൂപ ട്രാന്‍സ്ഫര്‍ ചെയ്തിട്ടില്ലെന്നും അദ്ദേഹത്തിന് പറയാം.

പിതാവിെന്‍റയും മക‍െന്‍റയും യഥാര്‍ഥ നിറവും തട്ടിപ്പും വൈകാതെ പുറത്തവരുമെന്നും യത്നാല്‍ തുറന്നടിച്ചു. നേരത്തേ, യെദിയൂരപ്പക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച യത്നാലിന് ബി.ജെ.പി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!