കാസർകോട് റെയിൽവേ സ്റ്റേഷനിൽ : യാത്രക്കാർക്ക് ചുവപ്പ് കൊടി

“തളങ്കര : കാസർകോട് റെയിൽവേ സ്റ്റേഷനിലെത്തുന്ന യാത്രക്കാർക്ക് റെയിൽവേ അധികൃതരുടെ ചുവപ്പ് കൊടി. രണ്ടാമത്തെ പ്ലാറ്റ്ഫോമിൽനിന്ന് ഒന്നിലേക്കെത്താനുള്ള മേൽപ്പാലം അടച്ചിട്ടിട്ട് രണ്ട് മാസം കഴിഞ്ഞു. തീവണ്ടി സമയവും മറ്റു വിവരങ്ങളും അറിയാനുള്ള ഇൻഫർമേഷൻ സെൻറർ തുറക്കുന്നില്ല. ലിഫ്റ്റ് പണിമുടക്കിലാണ്. യാത്രക്കാരുടെ എണ്ണം വർധിക്കുന്നെങ്കിലും ആവശ്യത്തിന് വണ്ടികളില്ല. ഇതുവഴി കടന്നുപോകുന്ന പല വണ്ടികൾക്കും സ്റ്റേഷനിൽ സ്റ്റോപ്പുമില്ല. ജില്ലയിലെ ഏറ്റവും വലിയ ഈ റെയിൽവേ സ്റ്റേഷനിൽ ആകെയുള്ളത് ഒരു ഫൂട്ട് ഓവർ ബ്രിഡ്ജ് മാത്രമാണ്. അറ്റകുറ്റപ്പണിയുടെ പേരിൽ അത് അടച്ചിട്ടതിനാൽ തെക്കേയറ്റത്തുള്ള നടപ്പാതയിലൂടെയാണ് ഇപ്പോൾ യാത്രക്കാർ വരുന്നതും പോകുന്നതും. തിരക്കുകാരണം നിയമം ലംഘിച്ച് സ്ത്രീകളടക്കമുള്ളവർ പാളങ്ങൾ മുറിച്ചുകടന്നാണ് തലങ്ങും വിലങ്ങും ഓടുന്നത്. ഇത് വലിയ അപകടങ്ങൾ വരുത്തിവെക്കാനിടയുണ്ട്. കാലങ്ങളായി അധികൃതർ കാണിക്കുന്ന അവഗണനയുടെ നേർക്കാഴ്ചയായി കാസർകോട് റെയിൽവേ സ്റ്റേഷൻ മാറിയിരിക്കുകയാണ്. യാത്രക്കാർക്ക് ഏറെ സഹായകമായിരുന്ന ഇൻഫർമേഷൻ സെൻറർ അടച്ചുപൂട്ടി. മൂന്ന് ജീവനക്കാരുണ്ടായിരുന്നത് ഒരാൾ മാത്രമായി ഒതുങ്ങി. മൈക്കിലൂടെയുള്ള അറിയിപ്പും നിർത്തലാക്കി. തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ധി എക്സ്പ്രസ്സും ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്സും കണ്ണൂർ -എറണാകുളം ഇൻറർസിറ്റി എക്സ്പ്രസ്സും നിലവിൽ കണ്ണൂരിൽ ഓട്ടം നിർത്തുന്നവയാണ്. ഇത് മംഗളൂരുവിലേക്ക് നീട്ടിയാൽ കാസർകോട്ടുകാർക്ക് വലിയ ഉപകാരമായിരിക്കും. ആവശ്യങ്ങളുമായി പാസഞ്ചേഴ്സ് അസോസിയേഷൻ :ടിക്കറ്റ് കൗണ്ടറിൽനിന്ന് വെയിലും മഴയും കൊള്ളാതെ നേരിട്ട് പ്ലാറ്റ്ഫോമിലേക്ക് എത്താനുള്ള പ്രവേശനകവാടം തുറക്കുക, മംഗളൂരുവിൽ നിർത്തിയിടുന്ന വാരാന്ത്യവണ്ടികൾ കൂടുതൽ ദിവസങ്ങൾ ഓടിക്കുക, കാസർകോട് റെയിൽവേ സ്റ്റേഷനിലെത്തുന്ന യാത്രക്കാർ അനുഭവിക്കുന്ന ദുരിതങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ രംഗത്തു വന്നിരിക്കുകയാണ്.”

