KSDLIVENEWS

Real news for everyone

ലക്ഷ്യം തെരഞ്ഞെടുപ്പ്; ബജറ്റിൽ പ്രഖ്യാപനങ്ങൾ ഏറെ

SHARE THIS ON

“ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിൻ്റെ അവസാന സമ്പൂർണ ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഒട്ടേറെ പ്രഖ്യാപനങ്ങളുമായാണ് ധനമന്ത്രി തൻ്റെ അഞ്ചാമത് ബജറ്റ് അവതരിപ്പിച്ചത്. സമ്പദ്ഘടന ശരിയായ ദിശയിലാന്നെന്ന് ധനമന്ത്രി അവകാശപ്പെട്ടു. അമൃതകാലത്തെ ആദ്യ ബജറ്റാണ് ഇതെന്നും അടുത്ത 100 വർഷത്തെ വികസനത്തിനുള്ള ബ്ലൂപ്രിന്റാകും ബജറ്റെന്നും ധനമന്ത്രി പറഞ്ഞു. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള പദ്ധതികളൊന്നുമില്ലാത്ത ബജറ്റിൽ സബ്‌സിഡികൾ വെട്ടിക്കുറക്കുന്നതടക്കം സാധാരണക്കാരെ പ്രതികൂലമായി ബാധിക്കുന്ന ഒട്ടേറെ നിർദ്ദേശങ്ങളുണ്ട്. ഭക്ഷ്യ സബ്സിഡിയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 90,000 കോടി രൂപയുടെ വെട്ടിക്കുറവു വരുത്തി. വളം സബ്സിഡി 50,000 കോടി കുറച്ചു. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിക്കുള്ള വകയിരുത്തൽ കഴിഞ്ഞ ബജറ്റിനെ അപേക്ഷിച്ച് 33 ശതമാനമാണ് വെട്ടിക്കുറച്ചത്. മുൻ വർഷത്തെക്കാൾ അറുപതിനായിരം കോടി രൂപയുടെ കുറവ്. ഉജ്ജ്വല പദ്ധതി ഉൾപ്പെടെയുള്ള പെട്രോളിയം സബ്സിഡിക്കായി 6900 കോടി രൂപ മാത്രമാണ് വകയിരുത്തിയത്. 75 ശതമാനമാണ് വെട്ടിക്കുറവ് വരുത്തിയത്. പി.എം കിസാൻ പദ്ധതിയുടെ ബജറ്റ് വിഹിതവും കുത്തനെ കുറച്ചു. കഴിഞ്ഞ ബജറ്റിലെ 66, 825 കോടിയുടെ സ്ഥാനത്ത് ഇത്തവണ 60, 000 കോടി മാത്രം. ആദായ നികുതി ഇളവ് പരിധി ഏഴ് ലക്ഷമാക്കി ഉയർത്തി. ഏഴ് ലക്ഷം വരെ വരുമാനക്കാർക്ക് നികുതിയില്ല. നികുതി സ്ലാബുകൾ അഞ്ചായി നിജപ്പെടുത്തി. മൂന്നു മുതൽ ആറു ലക്ഷം രൂപ വരെ 5 ശതമാനമാണ് നികുതി. 6 മുതൽ 9 ലക്ഷം വരെ 10 ശതമാനവും 9 മുതൽ12 ലക്ഷം വരെ 15 ശതമാനവും നികുതി നൽകണം. 12 മുതൽ15 ലക്ഷം വരെ 20 ശതമാനവും 15 ലക്ഷത്തിനു മുകളിൽ 30 ശതമാനവുമാണ് നികുതി. പുതിയ സ്കീം തെരഞ്ഞെടുക്കുന്നവർക്ക് മറ്റു നികുതി ഇളവുകൾ ഒന്നും ലഭിക്കില്ല. ഏകലവ്യാ മാതൃകയിൽ ആദിവാസി മേഖലയിൽ 740 റസിഡൻഷ്യൽ സ്‌കൂളുകൾ സ്ഥാപിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. 3.5 ലക്ഷം ആദിവാസി വിദ്യാർത്ഥികൾക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കും. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 38,800 അധ്യാപകരെ നിയമിക്കും. സ്വകാര്യവത്കരണ നീക്കത്തിൻ്റെ പശ്ചാത്തലത്തിൽ റെയിൽവേയ്ക്ക് എക്കാലത്തേയും ഉയർന്ന വിഹിതമാണ് പ്രഖ്യാപിച്ചത്. റെയിൽവേയ്ക്ക് 2.40 ലക്ഷം കോടി രൂപ വകയിരുത്തി. 157 നഴ്‌സിങ് കോളേജുകൾ സ്ഥാപിക്കും. അരിവാൾ രോഗം നിർമാർജ്ജനം ചെയ്യും. സംസ്ഥാനങ്ങൾക്ക് ഒരു വർഷം കൂടി പലിശ രഹിത വായ്പ നൽകും കാർഷിക ഉത്തേജക പാക്കേജ് നടപ്പാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. കാർഷിക വായ്പാ ലക്ഷ്യം 20 ലക്ഷം കോടിയായി ഉയർത്തുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. കാർഷിക മേഖലയിൽ ഐടി അധിഷ്ടിത അടിസ്ഥാന വികസനം നടപ്പാക്കും. മത്സ്യമേഖലയ്ക്ക് 6000 കോടിയുടെ അനുബന്ധ പദ്ധതി നടപ്പാക്കും. മൃഗപരിപാലനം, പാൽ, ഫിഷറീസ് മേഖലകൾക്ക് പ്രത്യേക പരിഗണന. തടവിലുള്ള പാവപ്പെട്ടവർക്ക് സഹായം നൽകും. ജാമ്യത്തുക, പിഴത്തുക എന്നിവയിൽ സഹായം നൽകുമെന്നും മന്ത്രി പറഞ്ഞു. 50 പുതിയ വിമാനത്താവളങ്ങളും ഹെലിപോർട്ടുകളും സ്ഥാപിക്കും. പിഎം ആവാസ് യോജനയ്ക്ക് 66 ശതമാനം വർധനയോടെ 79,000 കോടി രൂപ വകയിരുത്തി. നഗരവികസനത്തിന് 10,000 കോടി. നഗരങ്ങളിൽ അഴുക്കുചാലുകൾ വൃത്തിയാക്കാൻ യന്ത്ര സംവിധാനം കൊണ്ടുവരും. മുനിസിപ്പൽ ബോണ്ട് മുഖേന നഗരവികസനത്തിന് പണം കണ്ടെത്തും. ഗതാഗത മേഖലയ്ക്ക് 75,000 കോടി. ഇനിമുതൽ പാൻകാർഡും തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം. എല്ലാ സർക്കാർ ഏജൻസികളും സാർവത്രിക ഐഡിയായി പാൻ കാർഡ് പരിഗണിക്കും. തൊഴിലവസരങ്ങൾ വർധിപ്പിക്കാൻ പ്രധാനമന്ത്രി കൗശൽ വികാസ് യോജന 4.0 നടപ്പാക്കും. വിവിധ സംസ്ഥാനങ്ങളിലായി നൈപുണ്യ വികസനത്തിന് 30 സ്‌കിൽ ഇന്ത്യ ഇന്റർനാഷണൽ സെന്ററുകൾ സ്ഥാപിക്കും. ഗോവർധൻ പദ്ധതിക്ക് 10,000 കോടി വകയിരുത്തി. ആദിവാസി വികസനത്തിന് 15,000 കോടി രൂപ. ഇ-കോടതികൾ തുടങ്ങാൻ 7000 കോടി. 5ജി അനുബന്ധ ആപ്പുകൾ വികസിപ്പിക്കാൻ 100 ലാബുകൾ വരും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷണത്തിന് 3 കേന്ദ്രങ്ങൾ ഏർപ്പെടുത്തും. സ്ത്രീകൾക്കും കുട്ടികൾക്കുമായി നിക്ഷേപ പദ്ധതി കൊണ്ടുവരും. മുതിർന്ന പൗരന്മാരുടെ നിക്ഷേപ പരിധി 30 ലക്ഷമായി ഉയർത്തി. നേരത്തെ 15 ലക്ഷമായിരുന്നു. അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി നിരക്കുകൾ 21ൽ നിന്ന് 13 ശതമാനമാക്കി കുറയ്ക്കും. ടിവിക്ക് വില കുറയും. ടിവി നിർമ്മാണത്തിന് ഉപയോഗിക്കുന്ന സാധനങ്ങൾക്ക് കസ്റ്റംസ് തീരുവ ഇളവ്. ഇലക്ട്രിക് കിച്ചൺ, ഹീറ്റ് കോയിൽ എന്നിവയുടേയും വില കുറയും. സിഗരറ്റ്, സ്വർണം, വെള്ളി, വജ്രം എന്നിവയ്ക്ക് വില കൂടും.”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!