ദേശീയപാതയുടെ പേരിൽ നിയന്ത്രണമില്ലാതെ മണ്ണെടുപ്പ്; കടുത്ത വേനലിലും ശക്തമായ ഉറവയുള്ള മല അപ്രത്യക്ഷം

പെരിയ: അനിയന്ത്രിതമായ മണ്ണെടുപ്പിനെത്തുടർന്ന് ദേശീയപാതയ്ക്കു സമീപം പൊള്ളക്കടയിലെ മയിലാട്ടിക്കുന്ന് അപ്രത്യക്ഷമാകുന്നു. ഇതോടെ പ്രദേശത്തെ ആയിരത്തോളം കുടുംബങ്ങൾ രൂക്ഷമായ കുടിവെള്ള ക്ഷാമവും വയലുകളിലെ കൃഷി നാശവും ഭയക്കുകയാണ്. രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഡസൻകണക്കിന് മണ്ണുമാന്ത്രി യന്ത്രങ്ങളും ലോറികളുമാണ് ഒരു വർഷത്തിലേറെയായി ഈ കുന്ന് ഇല്ലാതാക്കാൻ വിശ്രമമില്ലാതെ ‘ജോലി’ ചെയ്യുന്നത്. അതിവിദൂരമല്ലാത്ത കാലത്ത് ചൂരൽമലയും മുണ്ടക്കൈയും ഇവിടെയും ആവർത്തിച്ചാൽ അതിശയപ്പെടാനില്ലെന്നാണ് നാട്ടുകാർ സങ്കടത്തോടെ പറയുന്നത്.
ദേശീയപാതയുടെ പേരിൽ തുടക്കം
പൊള്ളക്കട മയിലാട്ടിക്കുന്നിന്റെ ഒരു ഭാഗത്തു നിന്ന് ദേശീയപാത നിർമാണത്തിന്റെ പേരിലാണ് ആദ്യം മണ്ണെടുത്ത് തുടങ്ങിയത്. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നുള്ള മണ്ണെടുപ്പ് ഒരു വർഷത്തിലേറെയായി തുടരുന്നതോടെയാണ് പ്രദേശങ്ങൾക്കാകെ ഭീഷണിയായത്. കേളോത്ത്, പൊള്ളക്കട, തടത്തിൽ, ഉദയനഗർ പ്രദേശവാസികളാണ് കുടിവെള്ള ക്ഷാമവും കൃഷിനാശവും മുന്നിൽ കാണുന്നത്. കടുത്ത വേനലിലും ശക്തമായ ഉറവകളുള്ള മലയാണ് ഇല്ലാതാകുന്നത്. ഇതോടെ സമീപപ്രദേശങ്ങളിലെ വീടുകളിലെ കുഴൽക്കിണറുകളിൽ വരെ ജലനിരപ്പ് താഴ്ന്നു തുടങ്ങി.
നശിക്കുന്നത് ഏക്കർ കണക്കിന് സ്ഥലത്തെ ആവാസ വ്യവസ്ഥ
പൊള്ളക്കട മുതൽ തടത്തിൽ വരെ ഇപ്പോൾ മണ്ണെടുക്കുന്ന സ്ഥലം ഒരേ വ്യക്തിയുടേതാണ്. നാട്ടുകാർ പരാതിയുമായി പുല്ലൂർ വില്ലേജ് ഓഫിസിൽ എത്തിയപ്പോൾ ജിയോളജി വകുപ്പിന്റെ അനുമതിയോടെയാണ് ഖനനമെന്നായിരുന്നു അധികൃതരുടെ മറുപടി. പുല്ലൂർ പെരിയ പഞ്ചായത്ത് ഓഫിസിലെത്തിയപ്പോഴും ഇതേ മറുപടിയാണ് ലഭിച്ചത്. കാട്ടുമരങ്ങളും അക്വേഷ്യ മരങ്ങളും നിറഞ്ഞ കുന്ന് നശിപ്പിക്കുന്നതോടെ ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥ കൂടിയാണ് ഇല്ലാതാകുന്നത്.
മണ്ണെടുപ്പ് ‘നിയമവിധേയ’മെന്ന് ജിയോളജി വിഭാഗം
ദേശീയപാത നിർമാണക്കമ്പനിയായ മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും (മെയിൽ) ദേശീയപാതാ അതോറിറ്റിയും ഒരു വർഷത്തേക്ക് പാട്ടത്തിനെടുത്ത സ്ഥലത്താണ് മണ്ണ് ഖനനമെന്നാണ് മൈനിങ് ആൻഡ് ജിയോളജി വിഭാഗം അധികൃതർ പറയുന്നത്. 1,27,980 എംജി മണ്ണ് നീക്കുന്നതിനായി 5,11,920 രൂപയും ഇതിനായി ഫീസ് അടച്ചിരുന്നു. ഈ വർഷം പാട്ടക്കരാർ വീണ്ടും പുതുക്കിയാണ് ഇപ്പോൾ മണ്ണെടുക്കുന്നതെന്നാണ് റവന്യൂ അധികൃതർ പറയുന്നത്. ദേശീയപാത നിർമാണത്തിനായി മണ്ണെടുക്കുന്നതിന് പാരിസ്ഥിതിക അനുമതി ആവശ്യമില്ല. ഇതു മറയാക്കിയാണ് വിവിധ സ്ഥലങ്ങളിലേക്കുള്ള മണ്ണ് കടത്ത്.
കൃഷിക്കും ഭീഷണി
മണ്ണെടുത്ത പ്രദേശങ്ങളിൽ നിന്നു മഴവെള്ളം കുത്തിയൊഴുകുന്നതോടെ നെൽകൃഷിയും പച്ചക്കറി കൃഷിയും നടത്തുന്ന ദേശീയപാതയ്ക്കിരുവശങ്ങളിലുമുള്ള പൊള്ളക്കട, കേളോത്ത് വയലുകളും നശിക്കുമെന്ന ഭീതിയിലാണ് കർഷകർ.

