ബെന്‍സേമയ്ക്ക് പകരം മെസ്സിക്ക് വോട്ട്; റയല്‍ താരം ഡേവിഡ് അലാബയ്ക്കെതിരേ വംശീയാധിക്ഷേപം

മാഡ്രിഡ്: മികച്ച ഫുട്ബോള്‍ താരത്തെ കണ്ടെത്താനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്കാരത്തിന്റെ വോട്ടിങ്ങില്‍ അര്‍ജന്റീന താരം ലയണല്‍ മെസ്സിക്ക് വോട്ട് ചെയ്തതിന് റയല്‍ മാഡ്രിഡ് താരം ഡേവിഡ് അലാബയ്ക്കെതിരേ വംശീയാധിക്ഷേപം. റയല്‍ ആരാധകര്‍ തന്നെയാണ് ക്ലബ്ബ് അംഗത്തിനെതിരേ തിരിഞ്ഞിരിക്കുന്നത്. അലാബ, പുരസ്കാര പട്ടികയില്‍ ഉണ്ടായിരുന്ന റയലിലെ സഹതാരം കരീം ബെന്‍സേമയ്ക്ക് മുകളില്‍ മെസ്സിക്ക് വോട്ട് ചെയ്തതാണ് ആരാധകരുടെ രോഷത്തിന് കാരണം. താരത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കൂട്ടായ ആക്രമണമാണ് നടക്കുന്നത്. അന്തിമ പട്ടികയില്‍ ഉണ്ടായിരുന്ന ഫ്രാന്‍സ് താരങ്ങളായ കിലിയന്‍ എംബാപ്പെ, കരീം ബെന്‍സേമ എന്നിവരെ മറികടന്ന് മെസ്സി മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പുരസ്കാര പ്രഖ്യാപനത്തിനു പിന്നാലെ വോട്ടു ചെയ്തവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു. ആദ്യ വോട്ട് മെസ്സിക്ക് നല്കിയ അലാബ രണ്ടാമത് ബെന്‍സേമയ്ക്കും മൂന്നാമത് എംബാപ്പെയ്ക്കുമാണ് വോട്ട് നല്‍കിയത്. വോട്ട് ഓസ്ട്രിയന്‍ ടീമിന്റെ തീരുമാനപ്രകാരം സോഷ്യല്‍ മീഡിയയില്‍ ആക്രമണം കടുത്തതോടെ മെസ്സിക്ക് വോട്ട് നല്‍കിയതില്‍ വിശദീകരണവുമായി ഓസ്ട്രിയന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ കൂടിയായ ഡേവിഡ് അലാബ രംഗത്തെത്തി. ഓസ്ട്രിയന്‍ ക്യാപ്റ്റനെന്ന നിലയിലായിരുന്നു അലാബയ്ക്ക് വോട്ടിങ്ങിന് അവസരമുണ്ടായിരുന്നത്. മെസ്സിക്ക് വോട്ട് നല്‍കിയത് വ്യക്തിപരമായ തീരുമാനമല്ലെന്നും ഓസ്ട്രിയന്‍ ടീം എന്ന നിലയില്‍ ചര്‍ച്ച ചെയ്തെടുത്ത തീരുമാനപ്രകാരമായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു

