ഷഹബാസിന്റെ മരണം ഏറെ ദുഃഖകരം: വിശദ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ് വകുപ്പ്

തിരുവനന്തപുരം: താമരശ്ശേരിയിലെ വിദ്യാർഥി മുഹമ്മദ് ഷഹബാസിന്റെ മരണത്തിൽ വിശദ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ് വകുപ്പ്. മന്ത്രി വി.ശിവൻകുട്ടിയാണ് ഇക്കാര്യം ഫെയ്സ്ബുക് പോസ്റ്റിൽ അറിയിച്ചത്. പൊതുവിദ്യാഭ്യാസ ഡയറക്ടറാകും അന്വേഷിക്കുക. ഷഹബാസിന്റെ മരണം ഏറെ ദുഃഖരമാണെന്നും മന്ത്രി പറഞ്ഞു.
മന്ത്രി വി. ശിവൻകുട്ടിയുടെ കുറിപ്പ്:
താമരശ്ശേരിയിൽ സ്‌കൂളിനു പുറത്തുവച്ചുണ്ടായ സംഘർഷത്തെ തുടർന്ന് എംജെ ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന മുഹമ്മദ് ഷഹബാസ് എന്ന വിദ്യാർഥി മരിച്ചത് ഏറെ ദുഃഖകരമായ സംഭവമാണ്. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു.
ഇക്കാര്യത്തിൽ പൊലീസ് ശക്തമായ അന്വേഷണം നടത്തുന്നുണ്ട്. കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ ഇക്കാര്യം അന്വേഷിക്കുകയും പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. വിശദമായ വകുപ്പുതല അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി.

