ഭീകരർ ഇപ്പോഴും ദക്ഷിണ കശ്മീരിൽ തന്നെയുണ്ടെന്ന് എൻഐഎ; ഭക്ഷണമടക്കമുള്ള സൗകര്യങ്ങൾ ലഭിക്കുന്നു

ന്യൂഡല്‍ഹി: ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ ഇപ്പോഴും ഇതേ പ്രദേശത്ത് തന്നെയുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). 26 പേരുടെ ജീവനെടുത്ത ഭീകരര്‍ക്കായി സൈന്യവും ലോക്കല്‍ പോലീസ് ഉള്‍പ്പെടെയുള്ളവരും പ്രദേശം അരിച്ചുപെറുക്കുന്നതിനിടെയാണ് അവര്‍ പ്രദേശത്ത് തന്നെ ഒളിവില്‍ കഴിയുന്നുണ്ടെന്ന എന്‍ഐഎയുടെ വെളിപ്പെടുത്തല്‍ വരുന്നത്. എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഒളിവില്‍ കഴിയാന്‍ ഭക്ഷണം അടക്കമുള്ള അവശ്യസാധനങ്ങള്‍ ഭീകരരുടെ പക്കല്‍ ഉണ്ടാകാമെന്നും അതിനാല്‍ തന്നെ ഇവര്‍ പ്രദേശത്തെ ഇടതൂര്‍ന്ന വനങ്ങളില്‍ ഒളിച്ചിരിക്കുകയായിരിക്കുമെന്നും എന്‍ഐഎ വൃത്തങ്ങള്‍ പറഞ്ഞു. ഇക്കാരണത്താലാണ് ഇവരെ കണ്ടെത്താന്‍ സാധിക്കാത്തതെന്നും ഏജന്‍സി വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തിന്റെ അന്വേഷണം എന്‍ഐഎക്കാണ്.
അതേസമയം, ആക്രമണം നടന്ന ബൈസാരന്‍ താഴ്‌വരയില്‍ സംഭവത്തിന് 48 മണിക്കൂര്‍ മുമ്പെങ്കിലും തീവ്രവാദികള്‍ ഉണ്ടായിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. തീവ്രവാദികളുടെ പക്കല്‍ നൂതന ആശയവിനിമയ ഉപകരണങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. സിം കാര്‍ഡുകള്‍ ആവശ്യമില്ലാത്ത ഉപകരണങ്ങളാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. എന്‍ക്രിപ്റ്റ് ചെയ്ത ഉകരണങ്ങളാകാം ഇതെന്നും ഇത് ട്രാക്ക് ചെയ്യാന്‍ ബുദ്ധിമുട്ടാണെന്നും റിപ്പോര്‍ട്ടിലുണ്ട്. മൂന്ന് സാറ്റലൈറ്റ് ഫോണുകളും തീവ്രവാദികള്‍ ഉപയോഗിച്ചതായി കരുതുന്നു.