പൂട്ടിയ വീട് തുറന്ന് സ്വർണക്കവർച്ച: ബന്ധുവായ യുവതി അറസ്റ്റിൽ

ചെറുവത്തൂർ: പയ്യങ്കി മലയരുവിലെ കെ.ബിന്ദുവിന്റെ പൂട്ടിയ വീട് പകൽ തുറന്ന് മൂന്നര പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ ബന്ധുവായ കാടങ്കോട് അസിനാർമുക്കിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന കെ.ബിന്ദുവിനെ (44) ചന്തേര എസ്ഐ കെ.പി.സതീഷും സംഘവും അറസ്റ്റ് ചെയ്തു. ബിന്ദു പിലിക്കോട് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലെ തൊഴിലാളിയാണ്. പയ്യങ്കൈ മലയരുവിലെ കെ.ബിന്ദുവിന്റെ വീട്ടിൽ ഏപ്രിൽ 27ന് ഞായറാഴ്ചയാണ് കവർച്ച നടന്നത്. ബിന്ദുവും കുടുംബവും ബന്ധുവിന്റെ മരണാനന്തര ചടങ്ങിന് കാഞ്ഞങ്ങാട് പോയി വൈകിട്ട് തിരിച്ചെത്തിയപ്പോൾ വീടിന്റെ മുൻ വാതിലിന്റെ ഒരു പാളി തുറന്നു കിടക്കുന്നതായി കണ്ടു.
തുടർന്ന് പരിശോധിച്ചപ്പോഴാണ് വീടിനകത്തെ അലമാരയുടെ ലോക്കറിൽ സൂക്ഷിച്ച സ്വർണത്തിന്റെ 2 മാല, കൈച്ചെയിൻ, മോതിരം എന്നിവ നഷ്ടപ്പെട്ടതായി അറിഞ്ഞത്. വീട് പൂട്ടി താക്കോൽ പുറത്തുണ്ടായിരുന്ന തയ്യൽ മെഷിനിലെ ബോക്‌സിൽ സൂക്ഷിച്ചിരുന്നു. ഇവിടെ നിന്ന് താക്കോൽ എടുത്താണ് കവർച്ച നടത്തിയത്. ബിന്ദുവിന്റെ പരാതിയെ തുടർന്ന് എസ്ഐ കെ.പി.സതീഷിന്റെ നേതൃത്വത്തിൽ വിരലടയാള വിദഗ്‌ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തിയിരുന്നു. സമീപ പ്രദേശത്തെ നിരീക്ഷണ ക്യാമറകളും ഫോൺ കോളുകളും പരിശോധിച്ചപ്പോഴാണ് ബിന്ദുവിലേക്ക് അന്വേഷണം നീണ്ടത്. കവർച്ച ചെയ്ത സ്വർണാഭരണങ്ങൾ നീലേശ്വരത്തെ ഒരു ജ്വല്ലറിയിൽ നിന്ന് പൊലീസ് കണ്ടെടുത്തു.
ഇതേ ജ്വല്ലറിയിൽ നിന്നും ബിന്ദു ഒരു മാലയും, രണ്ടു മോതിരവും, ബാക്കി 62,000രൂപയും വാങ്ങിയിരുന്നു. പുതിയതായി വാങ്ങിയ സ്വർണാഭരണങ്ങളും 52,000 രൂപയും ബിന്ദു താമസിക്കുന്ന വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തു. 10,000രൂപ ചെലവായതായി പ്രതി പൊലീസിനോട് പറഞ്ഞു. ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി പ്രതിയെ റിമാൻഡ് ചെയ്തു. പൊലീസ് ഇൻസ്പെക്ടർ കെ.പ്രശാന്തിന്റെ നിർദേശത്തിൽ എസ്ഐ കെ.പി.സതീഷിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണ സംഘത്തിൽ എഎസ്ഐ ലക്ഷ്മണൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഹരീഷ്, രഞ്ജിത്ത്, അജിത്ത് പള്ളിക്കര, സുധീഷ് ഓരി, വനിതാ സിവിൽ പൊലീസ് ഓഫിസർ ലിസ, ഡ്രൈവർ ജിതിൻ മുരളി എന്നിവരും ഉണ്ടായിരുന്നു.

