KSDLIVENEWS

Real news for everyone

ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി നേതാക്കൾ; ഹരിയാന ബിജെപിയിൽ ആശയക്കുഴപ്പം

SHARE THIS ON

ന്യൂഡൽഹി: ലൈംഗികാതിക്രമ പരാതിയിൽ ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെതിരെ ഗുസ്തിതാരങ്ങൾ നടത്തുന്ന സമരവുമായി ബന്ധപ്പെട്ട് ഹരിയാന ബിജെപിയിൽ ആശയക്കുഴപ്പം. ഗുസ്‌തി താരങ്ങളുടെ സമരത്തെ ഹരിയാനയിൽ നിന്നുള്ള ചില ബിജെപി നേതാക്കൾ പിന്തുണയ്‌ക്കുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. അടുത്ത വർഷം ലോക്‌സഭാ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കെയാണ് സമരത്തെച്ചൊല്ലി ആശയക്കുഴപ്പം. ഹരിയാനയിൽ നിന്നുള്ള ഗുസ്തിതാരങ്ങൾ സമരത്തിന് നേതൃത്വം നൽകുന്നതാണ് നേതാക്കളെ രണ്ടുതട്ടിലാക്കിയിരിക്കുന്നത്. 

ഹിസാർ എംപി ബിജേന്ദ്ര സിങ്, ഹരിയാന ആഭ്യന്തരമന്ത്രി അനിൽ വിജ് എന്നിവരാണ് ഗുസ്തി താരങ്ങളെ പിന്തുണച്ച് രംഗത്തെത്തിയത്. എന്നാൽ ഇത് സംസ്ഥാനവുമായി ബന്ധപ്പെട്ട പ്രശ്നമല്ലെന്നായിരുന്നു മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ പ്രതികരണം. താരങ്ങളും കേന്ദ്രസർക്കാരും തമ്മിലുള്ള പ്രശ്നമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതോടെയാണ് നേതാക്കൾക്കിടയിലെ ഭിന്നത പുറത്തായത്. 

‘താരങ്ങൾ അവരുടെ ജീവിതകാലത്തെ കഠിനപ്രയത്നത്തിലൂടെ നേടിയെടുത്ത മെഡലുകൾ ഗംഗയിലൊഴുക്കാൻ തയ്യാറായ മാനസികാവസ്ഥ മനസ്സിലാകുമെന്നായിരുന്നു’ ബിജേന്ദ്ര സിങ്ങ് എംപി ട്വിറ്ററിലൂടെ പ്രതികരിച്ചത്. താരങ്ങളുടെ കേസ് ഉയർന്ന തലങ്ങളിലേക്ക് എത്തിക്കുമെന്നായിരുന്നു മന്ത്രി അനിൽ വിജിന്റെ പ്രതികരണം.

അതേസമയം, ഈ പ്രശ്നം കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂറുമായി ചർച്ച ചെയ്ത് പരിഹരിക്കുമെന്നാണ് ഹരിയാന ബിജെപി അധ്യക്ഷൻ ഓം പ്രകാശ് ധൻകർ പ്രതികരിച്ചത്. 

ഗുസ്തിതാരങ്ങളുടെ സമരത്തിൽ ഹരിയാന ബിജെപി പരസ്യമായ നിലപാട് സ്വീകരിച്ചിട്ടില്ലെങ്കിലും ബ്രിജ്ഭൂഷൺ സിങ്ങിന് പിന്തുണ ലഭിക്കുന്നുണ്ടെന്ന തോന്നലിനിടെയാണ് നേതാക്കളുടെ പരസ്യ പ്രതികരണങ്ങൾ. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!