യുദ്ധം അവസാനിപ്പിക്കാൻ ഇസ്രയേലിന്റെ പുതിയ ഫോർമുല, വെടിനിർത്തൽ ഉപാധികൾ ഇരുകൂട്ടരും അംഗീകരിക്കണമെന്ന് ബൈഡൻ

ജറുസലം: ഇസ്രയേൽ – ഹമാസ് യുദ്ധം അവസാനിപ്പിക്കാൻ പുതിയ ഫോർമുലയുമായി ഇസ്രയേൽ. ആറാഴ്ച നീളുന്ന മൂന്നുഘട്ടങ്ങളായി നടപ്പാക്കേണ്ട ഫോർമുലയാണ് മുന്നോട്ടുവച്ചിരിക്കുന്നത്. ഖത്തർ വഴിയാണ് ഹമാസിനെ നിർദേശങ്ങൾ അറിയിച്ചിരിക്കുന്നത്. സമ്പൂർണ വെടിനിർത്തൽ, ഇസ്രയേൽ സൈനിക പിന്മാറ്റം, ബന്ദികളുടെ മോചനം തുടങ്ങിയ കാര്യങ്ങൾ ആദ്യഘട്ടത്തിൽ നടപ്പാക്കും.
അമേരിക്കൻ നയതന്ത്രശ്രമങ്ങളുടെ ഫലമായാണ് പുതിയ നിർദേശങ്ങളുമായി ഇസ്രയേൽ രംഗത്തെത്തിയിരിക്കുന്നതെന്ന് വൈറ്റ് ഹൗസിൽ നടത്തിയ പ്രസംഗത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ഇസ്രയേൽ നിർദേശിച്ച വെടിനിർത്തൽ വാഗ്ദാനം ഹമാസ് സ്വീകരിക്കണമെന്നും യുദ്ധം അവസാനിപ്പിക്കാനുള്ള ഏറ്റവും മികച്ച മാർഗമിതാണെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.
ആറാഴ്ച കൊണ്ടു മൂന്നുഘട്ടമായി നടപ്പാക്കാൻ കഴിയുന്ന വെടിനിർത്തൽ പദ്ധതി ബൈഡൻ വിശദീകരിച്ചു. ഇസ്രയേൽ സൈന്യം ഗാസയിൽനിന്നു പിന്മാറുകയും ഇതോടൊപ്പം ഹമാസ് ബന്ദികളാക്കി വച്ചിരിക്കുന്നവരെ വിട്ടയയ്ക്കുകയുമാണ് ആദ്യഘട്ടം. നൂറുകണക്കിനുള്ള പലസ്തീൻ തടവുകാരെ ഇസ്രയേലും വിട്ടയയ്ക്കും. മരുന്നും ഭക്ഷണവും ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുമായി ദിവസേന 600 ട്രക്കുകൾ വീതം ഗാസയിലെത്തും. തർക്കങ്ങൾക്കു സ്ഥിരം പരിഹാരമുണ്ടാക്കാൻ ഇസ്രയേലും ഹമാസും ചർച്ച നടത്തുന്നതാണ് രണ്ടാംഘട്ടം. ചർച്ചകൾ തുടരുന്നിടത്തോളം കാലം വെടിനിർത്തലും തുടരും. ഗാസയുടെ പുനർനിർമാണമാണു മൂന്നാംഘട്ടം. നിർദേശത്തോട് ഹമാസ് പ്രതികരിച്ചിട്ടില്ല.
ജബാലിയയിൽ തകർത്തത് 1,000 വീടുകൾ
ജറുസലം ∙ വടക്കൻ ഗാസയിലെ ജബാലിയ അഭയാർഥി ക്യാംപ് മേഖലയിൽ രണ്ടാഴ്ചയിലേറെ നീണ്ട ആക്രമണം അവസാനിപ്പിച്ച് ഇസ്രയേൽ സൈന്യം പിൻവാങ്ങി. തെക്കൻ ഗാസയിൽ റഫ നഗരമധ്യത്തിലെത്തിയ സൈന്യം ഹമാസിന്റെ റോക്കറ്റ് ലോഞ്ചറുകളും തുരങ്കങ്ങളിൽ ആയുധശേഖരവും കണ്ടെത്തിയതായി അവകാശപ്പെട്ടു. പടിഞ്ഞാറൻ റഫയിലെ അഭയാർഥിക്യാംപിലെ ആക്രമണത്തിനു പിന്നാലെ, നഗരഹൃദയത്തോടു ചേർന്ന ഷബൂര ക്യാംപിൽ സൈന്യം റെയ്ഡ് തുടരുന്നുവെന്ന് റിപ്പോർട്ടുണ്ട്. ആക്രമണങ്ങളിൽ മധ്യഗാസയിൽ അടക്കം 60 പലസ്തീൻകാർ കൊല്ലപ്പെട്ടു.
20 ദിവസം നീണ്ട ജബാലിയ ആക്രമണത്തിൽ 1,000 വീടുകൾ അടക്കം ക്യാംപിലെ കെട്ടിടങ്ങളിലേറെയും ഇസ്രയേൽ ഇടിച്ചുനിരത്തി. യുഎൻ പലസ്തീൻ അഭയാർഥി ഏജൻസിയുടെ (യുഎൻആർഡബ്ള്യൂഎ) 170 കേന്ദ്രങ്ങളും തകർക്കപ്പെട്ടു. പലസ്തീനു രാഷ്ട്രപദവി നൽകുന്നതിനെ മധ്യയൂറോപ്യൻ രാജ്യമായ സ്ലോവേനിയയും പിന്തുണച്ചു.
ഇതിനിടെ, ഹൂതികളെ ലക്ഷ്യമിട്ട് യെമനിലെ ഹൊദേദ പ്രവിശ്യയിൽ യുഎസ്– ബ്രിട്ടിഷ് സഖ്യസേന നടത്തിയ ബോംബാക്രമണങ്ങളിൽ 16 പേർ കൊല്ലപ്പെട്ടു.

