KSDLIVENEWS

Real news for everyone

ഒറ്റ ഫോൺകോൾ എല്ലാ സർവീസും റെഡി-ക്വട്ടേഷന്‍ സംഘത്തിന് ഒത്തുതീർപ്പിനും സഹായത്തിനും ഉന്നതർ

SHARE THIS ON

എന്തിനുമേതിനും ആളും അർഥവും തയ്യാർ. ഇതാണ് ഈ ക്വട്ടേഷൻ സംഘങ്ങളുടെ പിൻബലം. ഒളിസങ്കേതവും പണവും നിയമസഹായവും മുൻകൂർ ഗാരന്റി. രാഷ്ട്രീയ ചായ്വിന്റെ പേശികൾ വിറപ്പിക്കുമ്പോൾ എതിരാളികൾ നിശ്ശബ്ദരാകും.

സ്വർണക്കള്ളക്കടത്ത്- പാർട്ടി ബന്ധത്തെ കുറിച്ചുള്ള ആരോപണങ്ങൾക്ക് കൂടുതൽ കരുത്ത് പകരുന്നതാണ് ഇതിൽ ആരോപണ വിധേയരായ പ്രതികൾക്ക് പാർട്ടി നേതൃത്വം ഇടപ്പെട്ട് പരോൾ അനുവദിച്ചത്. കൊടി സുനിയുടെ കൂട്ടാളികളായ ഷാഫിയും സിജിത്തും ഉൾപ്പെടെ ജീവപര്യന്തം തടവനുഭിക്കുന്നവർവരെ കോവിഡ് വ്യാപനത്തിന്റെ ആനുകൂല്യം പറ്റി മാസങ്ങളായി പരോളിലാണ്. ഇതിൽ കണ്ണൂർ, വിയ്യൂർ സെൻട്രൽ ജയിലിൽനിന്നുള്ളവരെല്ലാം ഉൾപ്പെടും.

ഒത്തുതീർപ്പിനും സഹായത്തിനും ഉന്നതർ

2017-ൽ കോഴിക്കോട്ടുനിന്ന് സ്വർണം തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് ജയിലിൽനിന്നുള്ള കൊടി സുനിയുടെ നാലുമാസത്തെ ഫോൺ കോൾ പോലീസ് പരിശോധിച്ചപ്പോൾ ഒട്ടേറെ തവണ വിളിച്ചവരിൽ കണ്ണൂർ ജില്ലയിലെ ഒരു പാർട്ടിപ്രമുഖനുമുണ്ടായിരുന്നു. കൊടി സുനി ഫോണിൽ വിളിച്ച ഒരുപാടുപേരെ അന്ന് ചോദ്യം ചെയ്തിരുന്നെങ്കിലും പോലീസിന് ‘പരിമിതികളുള്ളതിനാൽ’ ആ ഉന്നതനിലേക്കെത്താൻ മാത്രം കഴിഞ്ഞില്ല. കൊടി സുനി നടത്തിയ ഓപ്പറേഷനുകളെക്കുറിച്ച് അദ്ദേഹത്തിന് അറിവുണ്ടായിരിക്കാമെന്നാണ് സംശയിക്കുന്നത്. പാർട്ടി ക്വട്ടേഷൻ സംഘങ്ങളെ ഒരുപാടുകാലം നിയന്ത്രിച്ചത് ഇദ്ദേഹമാണെന്നതിനാൽ ഇത്തരം സംഭവങ്ങളിൽ ഉൾപ്പെടുന്നവരെ സംരക്ഷിക്കുന്നുവെന്ന ആരോപണം സി.പി.എമ്മിനുള്ളിൽനിന്നുതന്നെ ഉയർന്നുവരുകയും ചെയ്തിരുന്നു.


മാത്രമല്ല ഈ കേസിൽ പ്രതിയായ രാജേഷ്ഖന്ന എന്ന കൊല്ലം വാടിക്കൽ സ്വദേശിയായ ബ്ലേഡ് പലിശക്കാരനുവേണ്ടി ഹാജരായതും കണ്ണൂരിലെ ഒരു പ്രമുഖ സി.പി.എം. അഭിഭാഷകന്റെ ജൂനിയറാണ്. പാർട്ടിയുടെ അഭിഭാഷകനായി അറിയപ്പെടുന്ന ഇദ്ദേഹം രാജേഷ് ഖന്നയ്ക്കുവേണ്ടി ഹാജരായതിനുപിന്നിൽ കൊടി സുനിയാണെന്ന് പറയുന്നുണ്ടെങ്കിലും അതിനുമുകളിൽ ഇടപെടലുകളുണ്ടായിട്ടുണ്ടെന്നാണ് സൂചന. ഒട്ടേറെ കേസുകളിൽ പ്രതിയായ രാജേഷ്ഖന്ന കൊള്ളപ്പലിശക്കാരനാണെങ്കിലും കണ്ണൂരിലെ സംഘങ്ങളുമായി അടുത്തബന്ധമുണ്ട്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട കെ.കെ. മുഹമ്മദ് ഷാഫിയുടെ വിവാഹച്ചടങ്ങിലും രാജേഷ്ഖന്നയെത്തിയിട്ടുണ്ട്.

‘ഒരു സെറ്റിൽമെന്റ് പ്രമുഖൻ’
സ്വർണക്കടത്ത് പൊട്ടിക്കും. പാർട്ടികളുമായി ബന്ധമുള്ളവരുടെ കൈയിൽ നിന്നാണ് തട്ടിക്കൊണ്ടുപോയതെങ്കിൽ അത് തിരികെ വാങ്ങിക്കൊടുക്കും. പാർട്ടിയിൽ ഭാരവാഹിത്വമൊന്നുമില്ലാത്ത കൂത്തുപറമ്പിലെ ഒരു പ്രമുഖന്റെ പ്രധാന പരിപാടികളിലൊന്ന് ഇതാണ്. മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുപ്പമുള്ള ഉന്നതന്റെ ബന്ധുവാണെന്നതാണ് ഇദ്ദേഹത്തിന്റെ സ്വാധീനത്തിന് കാരണം. ഏതാനും മാസങ്ങൾക്കു മുമ്പ് സി.പി.എമ്മുമായി അടുപ്പമുള്ള പാനൂരിലെ ഒരാളുടെ കള്ളക്കടത്ത് സ്വർണം തൊക്കിലങ്ങാടിക്കാരനായ പാർട്ടി ക്വട്ടേഷൻ അംഗത്തിന്റെ നേതൃത്വത്തിൽ തട്ടിയെടുത്തപ്പോൾ സ്വർണക്കടത്തുകാർ ഈ പ്രമുഖനെയാണ് ആദ്യം സമീപിച്ചത്. സ്വർണം തിരികെ കൊടുക്കാൻ ആവശ്യപ്പെട്ടെങ്കിലും ക്വട്ടേഷൻ ടീം വഴങ്ങിയില്ല.

ഒടുവിൽ സ്വർണക്കടത്തുകാരുമായി ബന്ധമുള്ള സംഘത്തെ തൊക്കിലങ്ങാടിക്ക് സമീപം വാടകക്ക് താമസിപ്പിച്ച് തന്ത്രപരമായി തിരിച്ചെടുപ്പിക്കുകയായിരുന്നു. ഗുഡ്സ് ഓട്ടോ ഡ്രൈവറായ ക്വട്ടേഷൻ സംഘാംഗമാണ് സ്വർണം തട്ടിയത്. അയാളുമായി വാടകയ്ക്ക് താമസിക്കുന്നവർ പരിചയത്തിലാവുകയും ഒരു ദിവസം വീട്ടിൽനിന്ന് ഫ്രിഡ്ജ് കൊണ്ടുപോവാനാണെന്ന വ്യാജേനെ വിളിച്ചുവരുത്തി അകത്തിട്ടുപൂട്ടുകയായിരുന്നു. ഈ സംഭവത്തോടെ ക്വട്ടേഷന് നേതൃത്വം കൊടുത്തയാൾ സി.പി.എമ്മുമായി അകന്നു. അതോടെ തൊക്കിലങ്ങാടിയിൽ മറ്റൊരിടത്തേക്ക് താമസം മാറ്റേണ്ടിവരികയും ചെയ്തു. പക്ഷേ, സ്വാധീനമുപയോഗിച്ച് കാസർകോട് ഇത്തരമൊരു സെറ്റിൽമെന്റിനു പോയെങ്കിലും അടികിട്ടി ഒടുവിൽ ആശുപത്രിയിൽ കിടക്കേണ്ടിവന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!