‘യെമെന്‍ സന്ദര്‍ശനം യുക്തിപരമല്ല, പുനഃപരിശോധിക്കണം’; നിമിഷപ്രിയയുടെ അമ്മയോട് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: യെമെന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സനയിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി കുടുംബം ഇപ്പോള്‍ യെമെന്‍ സന്ദര്‍ശിക്കുന്നത് യുക്തിപരമല്ലെന്ന് കേന്ദ്രം. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷപ്രിയയുടെ അമ്മയ്ക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കത്ത് നല്‍കി. ശരിയത്ത് നിയമ പ്രകാരമുളള ‘ബ്ലഡ് മണി’ കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാല്‍ ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ സാധ്യത ഉണ്ടെന്നാണ് നിമിഷപ്രിയയുടെ കുടുംബത്തിന്റെ വാദം. ഈ ചര്‍ച്ചകള്‍ക്കായി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയും, മകള്‍ മിഷേല്‍ ടോമി തോമസും യെമെന്‍ സന്ദര്‍ശിക്കാനുള്ള അനുമതി തേടി കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ നിമിഷപ്രിയയുടെ കുടുംബം യെമെന്‍ സന്ദര്‍ശിച്ചാല്‍ അവിടുത്തെ സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ ഡയറക്ടര്‍ തനുജ് ശങ്കര്‍, പ്രേമകുമാരിക്ക് കൈമാറിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. യെമെനിലെ ആഭ്യന്തര സാഹചര്യങ്ങള്‍ കാരണം എംബസി ജിബുട്ടിയിലേക്ക് മാറ്റിയിരിക്കുകയാണ്. സനയിലെ സര്‍ക്കാരുമായി നിലവില്‍ ഔപചാരിക ബന്ധങ്ങള്‍ ഇല്ല. എന്നാല്‍ നിമിഷപ്രിയയുടെ കേസില്‍ സാധ്യമായ നടപടികള്‍ എല്ലാം ചെയ്യുന്നുണ്ടെന്നും കേന്ദ്രം പ്രേമകുമാരിക്ക് കൈമാറിയ കത്തില്‍ വിശദീകരിച്ചിട്ടുണ്ട്. വധശിക്ഷയ്‌ക്കെതിരെ നിമിഷപ്രിയ നല്‍കിയ അപ്പീല്‍ നവംബര്‍ 13-ന് യമനിലെ സുപ്രീം കോടതി തള്ളിയിരുന്നു. യെമെന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി 2017-ല്‍ കൊല്ലപ്പെട്ട കേസില്‍ ലഭിച്ച വധശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷപ്രിയയുടെ ആവശ്യം നേരത്തെ യെമെന്‍ കോടതിയും തള്ളിയിരുന്നു. ഇതിന് എതിരെ നല്‍കിയ അപ്പീലാണ് യെമെന്‍ സുപ്രീം കോടതി ഇപ്പോള്‍ തള്ളിയത്. ഈ സാഹചര്യത്തില്‍ മോചന ചര്‍ച്ചകള്‍ക്കായി യെമെന്‍ സന്ദര്‍ശിക്കാന്‍ നിമിഷപ്രിയയുടെ അമ്മയും മറ്റ് മൂന്ന് പേരുമാണ് അനുമതി തേടി കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നത്. പ്രേമകുമാരിക്ക് പുറമെ, മകള്‍ മിഷേല്‍ ടോമി തോമസ്, സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ ട്രഷറര്‍ കുഞ്ഞ് അഹമ്മദ് നടുവിലക്കണ്ടി, കോര്‍ കമ്മിറ്റി അംഗം സജീവ് കുമാര്‍ എന്നിവരാണ് യമനിലേക്ക് യാത്ര അനുമതി തേടിയത്. കേന്ദ്രത്തിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ എന്ത് തുടര്‍ നടപടി സ്വീകരിക്കണമെന്ന് ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്ന് പ്രേമകുമാരിയുടെ അഭിഭാഷകന്‍ കെ.ആര്‍. സുഭാഷ് ചന്ദ്രന്‍ അറിയിച്ചു.