KSDLIVENEWS

Real news for everyone

പെരിയ ഇരട്ടക്കൊലക്കേസില്‍ ശിക്ഷാവിധി നാളെ; പ്രതികള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത് വധശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങള്‍

SHARE THIS ON

കൊച്ചി: കേരള മനസാക്ഷിയെ പിടിച്ചുലച്ച പെരിയ ഇരട്ടക്കൊലക്കേസില്‍ കുറ്റവാളികളെന്ന് കണ്ടെത്തിയ 14 പ്രതികളുടെ ശിക്ഷ നാളെ പ്രഖ്യാപിക്കും.

കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്. വധശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്.

സിപിഎം നേതാവും ഉദുമ മുൻ എം എല്‍ എയുമായ കെ വി കുഞ്ഞിരാമൻ, ഉദുമ സി പി എം മുൻ ഏരിയ സെക്രട്ടറി കെ മണികണ്‌ഠൻ ഉള്‍പ്പടെ 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഒന്ന് മുതല്‍ 8 വരെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. 10 പ്രതികളെ കുറ്റവിമുക്തരാക്കി. 20 മാസത്തോളം നീണ്ട വിചാരണ നടപടികള്‍ക്ക് ശേഷമാണ് സിബിഐ കോടതി വിധി പറഞ്ഞത്. ഒന്നാം പ്രതി എ പീതാംബരൻ ഉള്‍പ്പടെ 10 പ്രതികള്‍ക്കെതിരെയാണ് കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപം സൃഷ്ടിക്കല്‍, തടഞ്ഞുവയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ കണ്ടെത്തിയത്.

ജീവപര്യന്തം മുതല്‍ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണിത്. പത്താം പ്രതി ടി രഞ്ജിത്ത് പതിനഞ്ചാം പ്രതി എ സുരേന്ദ്രൻ എന്നിവർ ഈ കുറ്റങ്ങള്‍ക്ക് പുറമെ തെളിവ് നശിപ്പിച്ചതായും പ്രതികളെ സംരക്ഷിച്ചതായും കോടതി കണ്ടെത്തി. മുൻ എംഎല്‍എ കെ വി കുഞ്ഞിരാമൻ ഉള്‍പ്പടെ നാല് പ്രതികള്‍ക്കെതിരെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് പ്രതിയെ കടത്തിക്കൊണ്ടുപോയെന്ന കുറ്റമാണ് ചുമത്തിയത്. പരമാവധി രണ്ടുവർഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. 2019 ഫെബ്രുവരി 17 നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും രാഷ്ട്രീയ വൈരാഗ്യംമൂലം വെട്ടിക്കൊലപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!