കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ഒരുങ്ങുന്നത് 3000 ച.മീറ്റർ പാർക്കിങ് ഗ്രൗണ്ട്

കാഞ്ഞങ്ങാട്: റെയിൽവേ സ്റ്റേഷനിലെത്തുന്നവരുടെ വാഹന പാർക്കിങ് പ്രശ്നങ്ങൾക്ക് പരിഹാരമാവുന്നു. സ്റ്റേഷനിൽ വിപുലമായ പാർക്കിങ് സൗകര്യം ഒരുങ്ങുന്നു. 3000 ചാതുരശ്ര മീറ്റർ വിസ്തൃതിയിൽ ഒന്നാംനമ്പർ പ്ലാറ്റ്ഫോമിനോട് ചേർന്നാണ്ഒരുക്കുന്നത്. 350 കാറുകൾക്ക് ഒരേസമയം പാർക്ക് ചെയ്യാൻ പറ്റുന്ന രീതിയിലാണ് നിർമാണം. അടിത്തറ കോൺക്രീറ്റ് ചെയ്ത് കൊരുപ്പുകട്ട പാകിയാണ് പാർക്കിങ് ഗ്രൗണ്ട് നിർമാണം നടക്കുന്നത്.
ആളുകൾ മൂക്കുപൊത്തി മാത്രം സഞ്ചരിച്ചിരുന്ന കാടുമൂടിക്കിടന്നിരുന്ന സ്ഥലമാണ് റെയിൽവേ പദ്ധതിയിൽ സുന്ദരഭൂപ്രദേശമായി മാറിയത്. ചെളിവെള്ളക്കെട്ടും മാലിന്യവും നിറഞ്ഞ് ദുർഗന്ധം വമിച്ചിരുന്ന സ്ഥലം നഗരത്തിലെ പ്രധാന കൊതുകുവളർത്തുകേന്ദ്രം കൂടിയായിരുന്നു. അതുകൊണ്ടുതന്നെ, ചുരുക്കം യാത്രക്കാർ മാത്രമാണ് പട്ടണത്തിന്റെ തെക്കുഭാഗം ഉണ്ണിമിശിഹാ പള്ളി ഭാഗത്തേക്കെത്തുന്ന ഈ വഴി ഉപയോഗിച്ചിരുന്നത്.
പദ്ധതിക്കായി ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന്റെ തെക്കേയറ്റം മുതൽ സ്റ്റേഷൻകെട്ടിടംവരെയുള്ള 200 മീറ്ററോളം ദൈർഘ്യത്തിലാണ് റെയിൽവേ ഭൂമി പരമാവധി ഉപയോഗപ്പെടുത്തി പാർക്കിങ്് ഗ്രൗണ്ട് നിർമാണം നടക്കുന്നത്. 250-ലോഡിലധികം മണ്ണിറക്കിയാണ് ചെളിവെള്ളക്കെട്ട് നികത്തിയത്.
നിലവിൽ സ്റ്റേഷൻകെട്ടിടത്തിന് വടക്കുഭാഗത്തുള്ള പാർക്കിങ് ഗ്രൗണ്ടിൽ യാത്രക്കാരുടെ ഇരുചക്രവാഹനങ്ങൾക്ക് പോലും പാർക്കിങ് സ്ഥലം കിട്ടാത്ത സ്ഥിതിയാണ്. സ്ഥിരമായി തീവണ്ടിയാത്ര നടത്തുന്നവർ പലരും പട്ടണത്തിലെ റോഡരികിലാണ് പകലന്തിയോളം വാഹനം നിർത്തിയിടുന്നത്. ഇത് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നതായി ട്രാഫിക് പോലീസ് ചൂണ്ടിക്കാട്ടുന്നു.

