കേരളത്തില്‍ പറ്റില്ല, ഡല്‍ഹിയില്‍ ആകാം; ആര്‍.എസ്.എസുമായി നേരിട്ട് ചര്‍ച്ച നടത്തിയ ജമാഅത്തെ ഇസ്ലാമിയുടെ നടപടി വിവാദത്തില്‍

ന്യൂഡല്‍ഹി: ആര്‍.എസ്.എസുമായി നേരിട്ട് ചര്‍ച്ച നടത്തിയ ജമാഅത്തെ ഇസ്ലാമിയുടെ നടപടി വിവാദമാകുന്നു. പൊതുവേ ഇതര മുസ്ലിം സംഘടനകള്‍ ആര്‍.എസ്.എസ്- ബി.ജെ.പി നേതാക്കളെ തങ്ങളുടെ പരിപാടികളിലേക്ക് ക്ഷണിക്കുകയോ അവരുമായി സഹകരിക്കുകയോ ചെയ്യുന്നതിനെ രൂക്ഷമായി വിമര്‍ശിക്കുന്ന ജമാഅത്തെ ഇസ്ലാമി, ആര്‍.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതാണ് വിവാദത്തിനിടയാക്കിയത്.ആര്‍.എസ്.എസിന്റെ ചര്‍ച്ചയുമായി സഹകരിച്ച നടപടി ജമാഅത്ത് വൃത്തങ്ങള്‍ക്കുള്ളില്‍ തന്നെ വിമര്‍ശനത്തിന് വഴിവച്ചിട്ടുണ്ട്. അടുത്തിടെ കോഴിക്കോട്ട് നടന്ന മുജാഹിദ് സമ്മേളനത്തില്‍ ബി.ജെ.പി നേതാക്കള്‍ സംബന്ധിച്ചതിനെ ഏറ്റവും കൂടുതല്‍ വിമര്‍ശിച്ചത് ജമാഅത്ത് കേന്ദ്രങ്ങളായിരുന്നു. ഈ സമയത്ത് തന്നെയാണ് ആര്‍.എസ്.എസുമായുള്ള ജമാഅത്തിന്റെ ചര്‍ച്ച നടന്നത്.
കഴിഞ്ഞമാസമാണ് ഡല്‍ഹി മുന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ്ങിന്റെ വീട്ടില്‍ മുസ് ലിം സംഘടനാ ഭാരവാഹികള്‍ ആര്‍.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. മുസ് ലിം പക്ഷത്ത് നിന്ന് ജമാഅത്തെ ഇസ് ലാമി, ജംഇയ്യത്ത് ഉലമായെ ഹിന്ദ് എന്നിവയുടെ നേതാക്കള്‍, അജ്മീര്‍ ദര്‍ഗയുടെ സല്‍മാന്‍ ചിഷ്തി അടക്കം 15 പേരാണ് പങ്കെടുത്തത്. കേന്ദ്രസര്‍ക്കാരോ അല്ലെങ്കില്‍ മറ്റ് ഔദ്യോഗികകേന്ദ്രങ്ങളോ ആയിരുന്നില്ല യോഗം സംഘടിപ്പിച്ചത്.
സംഘ്പരിവാരിനെതിരേ മുസ്ലിം സമുദായത്തിനുള്ളിലുള്ള എതിര്‍പ്പ് കുറയ്ക്കുന്നതിന് വേണ്ടിയായിരുന്നു ആര്‍.എസ്.എസ് നേരിട്ട് മുസ്ലിം സംഘടനകളുമായി ചര്‍ച്ചക്ക് നീക്കം നടത്തിയത്. എന്നാല്‍, തങ്ങളുടെ അജണ്ടകളില്‍ വിട്ടുവീഴ്ചചെയ്യുന്നതിന് പകരം മുന്‍ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു ചര്‍ച്ചയിലും ആര്‍.എസ്.എസ് ചെയ്തത്. ജ്ഞാന്‍വാപിയും മഥുരയിലെ ഷാഹി ഈദ്ഗാഹ് പള്ളിയും വിട്ടുനല്‍കിയാലും കൂടുതല്‍ പള്ളികള്‍ക്ക് മേല്‍ അവകാശമുന്നയിക്കില്ലെന്ന് ഉറപ്പുപറയാന്‍ സാധിക്കില്ലെന്നാണ് ചര്‍ച്ചയില്‍ ആര്‍.എസ്.എസ് സ്വീകരിച്ച നിലപാട്.
ദേശീയ സെക്രട്ടറി മാലിക് മുഅ്തസിം ഖാനെയാണ് ആര്‍.എസ്.എസുമായുള്ള യോഗത്തിലേക്ക് ജമാഅത്തെ ഇസ് ലാമി തങ്ങളുടെ പ്രതിനിധിയായി പറഞ്ഞയച്ചത്. ചര്‍ച്ചയുടെ രണ്ടാംഘട്ടമായി ഉത്തരേന്ത്യയിലെ ബറേല്‍വി, ദയൂബന്തി വിഭാഗം നേതാക്കളെ കാണാനും ആര്‍.എസ്.എസ് പദ്ധതിയിട്ടിട്ടുണ്ട്.
Jamathe Islami meet with top rss brass trigger controversy inside Islamic outfit