ടി ഇ അബ്ദുല്ലയ്ക്ക് വിട, വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ തളങ്കര മാലിക് ദീനാര്‍ വലിയ ജുമാ മസ്ജിദില്‍ മൃതദേഹം ഖബറടക്കി

കാസര്‍കോട്: അന്തരിച്ച മുസ്ലിം ലീഗ് കാസകോട് ജില്ലാ പ്രസിഡണ്ടും മുന്‍ നഗരസഭാ ചെയര്‍മാനുമായ ടി ഇ അബ്ദുല്ലയ്ക്ക് നാടിന്റെ വിട. രാഷ്ട്രീയ, സാമൂഹിക, സാസ്‌കാരിക, മതരംഗത്തെ പ്രമുഖരടക്കമുള്ള വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ തളങ്കര മാലിക് ദീനാര്‍ വലിയ ജുമാ മസ്ജിദില്‍ മൃതദേഹം ഖബറടക്കി.
കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ടിഇ അബ്ദുല്ല വിടവാങ്ങിയത്. അവിടെ നിന്നും, മൃതദേഹം തുടര്‍ന്ന് കോഴിക്കോട് സിഎച്ച് സെന്ററില്‍ എത്തിച്ചിരുന്നു. മൃതദേഹത്തില്‍ പാര്‍ടി പതാക പുതപ്പിച്ച് പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ സിഎച്ച് സെന്ററില്‍മയ്യിത്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കി. രാത്രി 10 മണിയോടെ മൃതദേഹം തളങ്കര കടവത്തെ വീട്ടിലെത്തിച്ചു. രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, മത രംഗത്തുള്ളവരും, പാര്‍ട്ടി പ്രവര്‍ത്തകരുമടക്കം ആയിരങ്ങളാണ് അന്തിമോപചാരമര്‍പ്പിക്കുവാന്‍ തളങ്കരയിലെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. ബന്ധുക്കള്‍ക്ക് പുറമെ മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍റഹ്‌മാന്‍, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി തുടങ്ങിയവരുടെ നേതൃത്വത്തില്‍ മുസ്ലിംലീഗ് നേതാക്കളും കെ.എം.സി.സി നേതാവ് യഹ്യ തളങ്കരയും നേതൃത്വത്തില്‍ സുഹൃത്തുക്കളും ചേര്‍ന്ന് മയ്യത്ത് സ്വീകരിച്ചു. വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ ആയിരങ്ങള്‍ അന്തിമോപചാരമര്‍പ്പിച്ചു.
സൗമ്യത മുഖമുദ്രയാക്കിയ,കാസര്‍കോടിന്റെ വികസനത്തിന് വേണ്ടി എന്നും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച ടി.ഇ അബ്ദുല്ലയുടെ മയ്യത്ത് അവസാനമായി ഒരു നോക്കുകാണാന്‍ രാത്രിയും ഇന്ന് രാവിലെയുമായി വന്‍ ജനാവലിയാണ് വസതിയിലേക്കെത്തിയത്.
വ്യാഴാഴ്ച രാവിലെ 9.50ഓടെ മയ്യത്ത് വീട്ടില്‍ നിന്ന് ഖബറടക്കത്തിനായി കൊണ്ടുവന്നപ്പോള്‍ മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയും പരിസരവും ജനങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു.
മയ്യത്ത് നിസ്‌കാരത്തിന് ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍ നേതൃത്വം നല്‍കി. തളങ്കര മാലിക് ദീനാര്‍ മസ്ജിദ് ഖത്വീബ് മജീദ് ബാഖവി പ്രാര്‍ഥന നടത്തി. തുടര്‍ന്ന് മസ്ജിദിലെ ഖബര്‍സ്ഥാനില്‍ മൃതദേഹം ഖബറടക്കി. സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുവാന്‍ ഒഴുകിയെത്തിയ ജനങ്ങളെ മുസ്ലിം ലീഗ് നേതാക്കളും വൈറ്റ് ഗാര്‍ഡ് അംഗങ്ങളും ചേര്‍ന്നാണ് നിയന്ത്രിച്ചത്.സമീപ കാലത്ത് കാസര്‍കോട് കണ്ട ഏറ്റവും വലിയ ജനാവലിയാണ് ടി.ഇ അബ്ദുല്ലക്ക് വിട നല്‍കാനായി എത്തിയത്.