വരുന്ന രണ്ടരമാസം ചൂട് കനക്കും; 20 ദിവസംവരെ നീളുന്ന ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

ന്യൂഡൽഹി:രാജ്യത്ത് ചൂട് കൂടുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര ഭൗമമന്ത്രാലയം. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ എല്ലാ സംസ്ഥാനങ്ങളും വേണ്ട മുന്നൊരുക്കങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ഭൗമശാസ്ത്ര മന്ത്രി കിരൺ റിജിജു പറഞ്ഞു. ഏപ്രിൽമുതൽ ജൂൺവരെയാണ് കടുത്തചൂട് അനുഭവപ്പെടുകയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മോഹപത്ര അറിയിച്ചു. ഈ സമയം രാജ്യത്തിന്റെ ഭൂരിഭാഗം മേഖലകളിലും സാധാരണയിലും ഉയർന്ന താപനില അനുഭവപ്പെടും. പടിഞ്ഞാറൻ ഹിമാലയൻമേഖല, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, വടക്കൻ ഒഡിഷ എന്നിവിടങ്ങളിലും താപനില ഉയരും. വിവിധ ഇടങ്ങളിൽ പത്തുമുതൽ 20 ദിവസംവരെ ഉഷ്ണതരംഗങ്ങൾക്കും സാധ്യതയുണ്ട്. ഗുജറാത്ത്, മധ്യമഹാരാഷ്ട്ര, വടക്കൻ കർണാടക, രാജസ്ഥാൻ, മധ്യപ്രദേശ്, ഒഡിഷ, വടക്കൻ ഛത്തീസ്ഗഢ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ് ഉഷ്ണതരംഗം കാര്യമായി ബാധിക്കുക

