അല്‍ ശിഫയില്‍ ഇസ്രായേല്‍ നടത്തിയത് സമാനതയില്ലാത്ത ക്രൂരതകള്‍; സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഇരുന്നൂറോളം പേരെ കൊലപ്പെടുത്തി ആശുപത്രി പൂർണമായും തകർത്തു

ചികിത്സ തേടിയെത്തിയവരെയും അഭയാർത്ഥികളെയും കൊന്നൊടുക്കിയതിന് പുറമെ ഗസ്സയിലെ അല്‍ ശിഫ ആശുപത്രിയെ പൂർണമായും തകർത്താണ് ഇസ്രായേല്‍ സേന മടങ്ങിയത്. രണ്ടാഴ്ച നീണ്ട നരനായാട്ടില്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നതും അഭയാർഥികളുമായ ഇരുന്നൂറോളം പേരയൊണ് സേന കൊലപ്പെടുത്തിയത്. നൂറ് കണക്കിന് ആളുകളെയാണ് പിടിച്ചുകൊണ്ടുപോയത്. ആശുപത്രിയെ പൂർണമായും തകർത്തുകളഞ്ഞ ഇസ്രായേല്‍ സേന സമാനതകളില്ലാത്ത ക്രൂരതയാണ് ആശുപത്രിയിലുണ്ടായിരുന്ന കുട്ടികളോടും സ്ത്രീകളോടും ചെയ്തത്. കെട്ടിടങ്ങളും ആശുപത്രിക്കുള്ളിലെ സൗകര്യങ്ങളുമെല്ലാം തകർത്തതോടെ ശ്മശാനത്തിന് സമാനമായി മാറി ആശുപത്രി സമുച്ചയം. ഗസ്സയില്‍ യുദ്ധം തുടങ്ങിയതിന് പിന്നാലെ നാലാം തവണയാണ് അല്‍ ശിഫ ആശുപത്രിക്കെതിരെ ഇസ്രായേല്‍ സേന ആക്രമം അഴിച്ചുവിട്ടത്. വലിയ കെട്ടിടങ്ങള്‍ നിന്നിടങ്ങളെല്ലാം കോണ്‍ക്രീറ്റ് കൂനകളായി മാറിയിരിക്കുകയാണ്. പ്രദേശത്തെ കെട്ടിടങ്ങള്‍ തകർക്കുക മാത്രമല്ല അഭയാർഥികളെയും പരിക്കേറ്റവരെയും ഇസ്രായേല്‍ കൊന്നുകളഞ്ഞു. ഇസ്രായേല്‍ ക്രൂരത ലോകത്തോട് വെളിപ്പെടുത്തുന്നതാണ് അല്‍ ശിഫയില്‍ നിന്ന് പുറത്തുവരുന്ന ചിത്രങ്ങളും വാർത്തകളുമെന് ലോക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. അല്ശിഫയെന്ന ആതുരാലയം തകർക്കുക എന്നത് ഇസ്രായേലിന്റെ പ്രധാന അജണ്ടകളിലൊന്നായിരുന്നു. ആശുപത്രികളിലേക്ക് ഇരച്ച് കയറിയ ഇസ്രായേല്‍ സേന സ്ത്രീകളെയും നവജാത ശിശുക്കളെയടക്കം കൊന്ന് തള്ളിയാണ് കൂട്ടക്കുരുതിക്ക് തുടക്കം കുറിച്ചത്. ആശുപത്രി വളപ്പില്‍ നടന്നത് അരുംകൊല ആശുപത്രിക്കുള്ളില്‍ ദിവസങ്ങളോളം തങ്ങിയ സേന ക്രൂരമായ അരുംകൊലയാണ് നടത്തിയത്. ഇതിനൊപ്പം ആരോഗ്യപ്രവർത്തകരെയും സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോയി അജ്ഞാത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്. ചികിത്സതേടിയെത്തിയവരും അഭയംപ്രാപിച്ചവരുമായ നൂറ് കണക്കിനാളുകള്‍ തിങ്ങിപ്പാർക്കുന്ന ഇടം കൂടിയായിരുന്നു അല്‍ശിഫ ആശുപത്രി. ആശുപത്രിക്ക് ഉള്‍ക്കൊള്ളാവുന്നതിനേക്കാള്‍ ഇരട്ടിയിലേറെ ആളുകളാണ് അവിടെ തിങ്ങിപ്പാർത്തിരുന്നത്. പരിക്കേല്‍ക്കുകയും വീടുകളും മറ്റും നഷ്ടമായവർക്കും അനാഥമായവർക്കും ഒരിടം കൂടിയായിരുന്നു അത്. സാധാരണക്കാരുടെ ആശ്രയമായ ആശുപത്രി മാത്രമല്ല, ആശുപത്രി പരിസരങ്ങളും ഇസ്രായേല്‍ സേന തകർത്തു. ചികിത്സയും ഭക്ഷണവും ലഭിക്കാതെ രോഗികളും അഭയാർഥികളുമായ ആശുപത്രിയിലെത്തിയ ജനതക്ക് നേരെയാണ് ഇസ്രായേല്‍ സേന ക്രൂരമായ അതിക്രമം അഴിച്ച് വിട്ടത്. ആ ക്രൂരത ലോകം അറിഞ്ഞത് സൈന്യം പിന്മാറിയതിന് പിന്നാലെയാണ്. പ്രിയപ്പെട്ടവരെ തിരഞ്ഞെത്തിയവരും രക്ഷാപ്രവർത്തകരും ഇസ്രായേല്‍ സേനയുടെ ക്രൂരത കണ്ട് വിറങ്ങലിച്ചുപോയി. ക്രൂരമായി മുറിവേറ്റാണ് മിക്കവരും കൊല്ലപ്പെട്ടിരിക്കുന്നത്. മൃതദേഹങ്ങള്‍ ചിന്നിച്ചിതറിയ നിലയിലാണ്. ഭയാനകരവും മനുഷ്യത്വരഹിതവുമായ അവസ്ഥയാണ് ആശുപത്രിയിലേതെന്ന് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റ പലർക്കും ആവശ്യമായ വൈദ്യ പരിചരണവും മരുന്നുകളും നല്‍കാനാകുന്നില്ല. ഡയപ്പർ, യൂറിൻ ബാഗുകള്‍ എന്നിവയുടെ ലഭ്യതക്കുറവ് മുതല്‍ ആവശ്യമായ വെള്ളം പോലും ആശുപത്രിയിലില്ല. ഭക്ഷണവും വളരെ പരിമിതമാണ്. മറ്റൊരു ദുരന്തമുഖത്താണ് ഗസ. കുട്ടികളോടും സ്ത്രീകളോടും പോലും ക്രൂരമായ വേട്ടയാടലാണ് ഇസ്രായേല്‍ നടത്തിയത്. ആശുപത്രിയെ പൂർണമായും തകർത്ത സേന,ആശുപത്രിയിലെ സംവിധാനങ്ങള്‍ തീയിട്ട് നശിപ്പിച്ചു. മരുന്നുകളും മറ്റും ഉപയോഗ ശൂന്യമാക്കിയിരിക്കുകയാണ്. ആശുപത്രിക്ക് സമീപമുള്ള താല്‍ക്കാലിക ഖബറിടങ്ങള്‍ പോലും തകർത്തുകളഞ്ഞു. ഖബറടക്കിയ മൃതദേഹങ്ങള്‍ വലിച്ചെറിഞ്ഞിരിക്കുന്നു. ഇതിനൊപ്പം ആശുപത്രിയില്‍ രാപ്പകല്‍ സേവനം അനുഷ്ഠിച്ചിരുന്ന ആരോഗ്യപ്രവർത്തകരെ കൊലപ്പെടുത്തിയ സേന പലരെയും പിടിച്ചുകൊണ്ടുപോയതായി ഫലസ്തീൻ റെഡ്ക്രസന്റ് റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേല്‍ ക്രൂരതകള്‍ പുറം ലോകത്തെത്തിച്ചിരുന്ന അല്‍ജസീറ ലേഖകൻ ഇസ്മായില്‍ അല്‍-ഗൗലിനെയും സേന തടവിലാക്കിയിരുന്നു. ക്രൂരമായി മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്ത ശേഷം വലിയ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് വിട്ടയച്ചത് അല്‍ ശിഫ തകർക്കുക എന്നും ഇസ്രായേലിന്റെ ലക്ഷ്യം യുദ്ധത്തില്‍ മാരകമായി പരിക്കേറ്റവർക്ക് താരതമ്യേന മികച്ച ചികിത്സ നല്‍കാനുള്ള പ്രധാന കേന്ദ്രങ്ങളിലൊന്നാണ് അല്‍ ശിഫ ആശുപത്രി. ഒക്ടോബർ ഏഴിന് തുടങ്ങിയ ഇസ്രായേല്‍ നരനായാട്ടില്‍ കൊല്ലപ്പെട്ടവരുടെ ശവപ്പറമ്ബായി അല്‍ ശിഫ നിരവധി തവണ മാറിയിരുന്നു. ഇസ്രായേല്‍ ആക്രമണത്തില്‍ അല്‍ ശിഫ സെമിത്തേരിക്ക് സമാനമായി മാറിയെന്ന് കഴിഞ്ഞ നവംബറില്‍ ലോകത്തോട് വിളിച്ച് പറഞ്ഞത് ലോകാരോഗ്യ സംഘടനയാണ് ഡബ്ല്യൂ.എച്ച്.ഒ. ലോകാരോഗ്യ സംഘടന പോലും ആശുപത്രിയെന്ന് പറഞ്ഞ അല്‍ ശിഫ പക്ഷെ ഇസ്രായേലിന് ‘ഹമാസിന്റെ താവളമാണ്’. അങ്ങനെയൊരു നുണ വേണമായിരുന്നു മുറിവേറ്റവരെയും കുട്ടികളെയും കൊണ്ട് നിറഞ്ഞുകവിഞ്ഞ ആശുപത്രിക്ക് നേരെ ബോംബാക്രമണം നടത്താൻ ഇസ്രായേല്‍ സേനക്ക്.ഗസ്സയില്‍ ഇനിയെന്നാണ് ഇത്രയും സംവിധാനങ്ങളുള്ള ആശുപത്രി കെട്ടിപ്പൊക്കുക എന്നാണ് ഫലസ്തീനികള്‍ ഉയർത്തുന്ന ചോദ്യം. ആശുപത്രിയിലുണ്ടായിരുന്നവരെയും മുറിവേറ്റവരെയും അല്‍ അഹ്ലി ആശുപത്രിയിലാക്കിയെങ്കിലും നൂറോളം പേരെ ഒരു കെട്ടിടത്തിലേക്കാണ് നിലവില്‍ മാറ്റിയിരിക്കുന്നത്. പരിക്കേറ്റ പലരും ചികിത്സയും മരുന്നമില്ലാതെ മരണത്തിലേക്ക് നടന്നുനീങ്ങുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

