റിയാദ് കെഎംസിസി പ്രവാസി കുടുംബ സുരക്ഷാ പദ്ധതി; എഴുപത്തിയഞ്ച് ലക്ഷം രൂപയുടെ ധനസഹായ വിതരണം ചെയ്തു

റിയാദ്: കെഎംസിസി റിയാദ് സെൻട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന് വരുന്ന പ്രവാസി കുടുബ സുരക്ഷാ പദ്ധതിയില്‍ അംഗമായിരിക്കെ മരണപ്പെട്ട 7 അംഗങ്ങളുടെ ആശ്രിതര്‍ക്കുള്ള ധന സഹായവും ചികിത്സാ സഹായവും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വിതരണം ചെയ്തു. കോഴിക്കോട് ലീഗ് ഹൗസില്‍ നടന്ന ചടങ്ങില്‍ സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി വര്‍ക്കിങ് പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട്ട് അധ്യക്ഷത വഹിച്ചു. 10 ലക്ഷം വീതം മരണപ്പെട്ട ഏഴ് അംഗങ്ങളുടെ കുടുബത്തിനും അഞ്ചു ലക്ഷം രൂപയുടെ ചികിത്സാ സഹായവുമാണ് ചടങ്ങില്‍ വിതരണം ചെയ്തത്. നാല് വര്‍ഷത്തിനിടയില്‍ പദ്ധതിയില്‍ അംഗങ്ങളായ 24 പേര്‍ മരണപ്പെട്ടിട്ടുണ്ട്. മരണാന്തര സഹായമായി 2 കോടി നാല്പത് ലക്ഷം രൂപയും ചികിത്സാ സഹായമായി 12 ലക്ഷം രൂപയുമാണ് ഇത് വരെ വിതരണം ചെയ്തതെന്ന് ഭാരവാഹികള്‍ അറിയിച്ചു. പ്രവാസികളുടെ നോവും നൊമ്ബരവും തിരിച്ചറിഞ്ഞു അവര്‍ക്കൊപ്പം സഹായ ഹസ്തവുമായി നിലകൊള്ളുന്ന കെഎംസിസിയുടെ റിയാദ് സെൻട്രല്‍ കമ്മിറ്റി 2019ലാണ് പത്ത് ലക്ഷം രൂപ മരണാന്തര സഹായമായി ലഭിക്കുന്ന കുടുംബ സുരക്ഷാ പദ്ധതി ആരംഭിച്ചത്. ഇത്രയും വലിയൊരു തുക ധനസഹായമായി ലഭിക്കുന്ന പദ്ധതിക്ക് റിയാദിലെ പൊതുസമൂഹത്തില്‍ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചത്. പദ്ധതിയില്‍ തുടര്‍ച്ചയായി അംഗങ്ങളായവര്‍ക്ക് പെൻഷൻ പദ്ധതിയടക്കം കമ്മിറ്റിയുടെ പരിഗണനയിലുണ്ട്. സെപ്തംബറില്‍ പദ്ധതിയുടെ അഞ്ചാം ഘട്ട ക്യാംപയില്‍ തുടങ്ങുകയാണെന്നും ഭാരവാഹികള്‍ അറിയിച്ചു. ചടങ്ങില്‍ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍, അബ്ദുസമദ് സമദാനി എം പി, കെ പി എ മജീദ്, അബ്ദുറഹ്മാൻ രണ്ടത്താണി, ഷാഫി ചാലിയം, പി കെ ഫിറോസ്, സി കെ സുബൈര്‍, സി എച്ച് റഷീദ്, കുറുക്കോളി മൊയ്തീൻ, കളത്തില്‍ അബ്ദുല്ല, എം എ റസാഖ് മാസ്റ്റര്‍, ഡോ. സമദ് (ഖത്തര്‍ കെഎംസിസി ), കുന്നുമ്മല്‍ കോയ, റഷീദ് മണ്ണാര്‍ക്കാട് എന്നിവര്‍ സംസാരിച്ചു. മൊയ്തീൻകോയ കല്ലമ്ബാറ പദ്ധതിയെ കുറിച്ചു വിശദീകരിച്ചു. സിദീഖ് കോങ്ങാട്, നൗഷാദ് ചാക്കീരി, റഫീഖ് പൂപ്പലം, നൗഷാദ് വൈലത്തൂര്‍ (മലേഷ്യൻ കെഎംസിസി), സക്കീര്‍ പെരിന്തല്‍മണ്ണ. ഹമീദ് മണ്ണാര്‍ക്കാട്. ഇല്യാസ് മണ്ണാര്‍ക്കാട്, അബ്ദുസലാം കളരാന്തിരി, അബൂബക്കര്‍ പയ്യാനക്കല്‍, അബ്ദുസമദ് പെരുമുഖം, മുത്തു കട്ടുപ്പാറ നേതൃത്വം നല്‍കി. ആക്റ്റിംഗ് സെക്രട്ടറി കബീര്‍ വൈലത്തൂര്‍ സ്വാഗതവും സെക്രട്ടറി ശംസു പെരുമ്ബട്ട നന്ദിയും പറഞ്ഞു.