KSDLIVENEWS

Real news for everyone

ഉദയ്പൂര്‍ കൊലപാതകം: കോടതി പരിസരത്ത് പ്രതികളെ കയ്യേറ്റം ചെയ്‌ത് ജനം

SHARE THIS ON

ന്യൂഡല്‍ഹി: ഉദയ്പൂരില്‍ തയ്യല്‍ക്കടയുടമ കനയ്യ ലാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കോടതി പരിസരത്ത് വളഞ്ഞിട്ട് ആക്രമിച്ച്‌ ജനക്കൂട്ടം. ജയ്പൂരിലെ എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കിയതിന് ശേഷം പോലീസ് വാഹനത്തിലേക്ക് കൊണ്ടുപോവുകയായിരുന്ന രണ്ട് പ്രതികളെ ചുറ്റും നിന്ന രോക്ഷാകുലരായ ജനക്കൂട്ടം ആക്രമിക്കുകയായിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് പ്രയാസപ്പെട്ടു.

ആള്‍ക്കൂട്ടത്തില്‍നിന്ന് പൊലീസ് ഇരു പ്രതികളെയും വെയ്റ്റിങ് വാനിലേക്ക് മാറ്റിയാണ് അപകടം ഒഴിവാക്കിയത്. ആക്രമണത്തില്‍ പ്രതികളുടെ വസ്ത്രം കീറി. ഉദയ്പുരില്‍ കനയ്യ ലാലിനെ കൊലപ്പെടുത്തി വിഡിയോ പ്രചരിപ്പിച്ച കേസിലെ പ്രതികളെയാണ് ജനം ആക്രമിച്ചത്. പ്രതികളായ റിയാസ് അഖ്താറി, ഗോസ് മുഹമ്മദ് എന്നിവര്‍ കൊലപാതകത്തിന്റെ വിഡിയോ എടുത്തിരുന്നു.

കൊലപാതകം നടന്നു മണിക്കൂറുകള്‍ക്കകം പൊലീസ് ഇരുവരെയും അറസ്‌റ്റ് ചെയ്‌തു. ഇവരെ കൂടാതെ തയ്യല്‍ക്കടയില്‍ പ്രശ്നമുണ്ടാക്കാനും കൊല നടത്താനും കൂട്ടുനിന്ന 2 പേരെക്കൂടി പൊലീസ് പിടികൂടി. ജയ്‌പുരിലെ എന്‍ഐഎ കോടതിയില്‍ നാലുപേരെയും ഹാജരാക്കാന്‍ എത്തിയപ്പോഴാണ് ജനക്കൂട്ടം പ്രതികളെ കയ്യേറ്റം ചെയ്തത്. പ്രതികളെ ജൂലൈ 12 വരെ കസ്റ്റഡിയില്‍ വിട്ടുനല്‍കാന്‍ കോടതി അനുവദിച്ചു.

ചൊവ്വാഴ്ചയാണ് ഉദയ്പൂരിലെ തയ്യല്‍ക്കടയുടമയായ കനയ്യ ലാലിനെ ഒരു സംഘം കഴുത്തറുത്ത് കൊലപ്പെടുത്തിയത്. പ്രവാചകനെതിരേ പരാമര്‍ശം നടത്തിയ ബിജെപി നേതാവ് നൂപുര്‍ ശര്‍മയെ പിന്തുണച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!