KSDLIVENEWS

Real news for everyone

കോവിഡ് ആശങ്കയൊഴിയാതെ തലസ്ഥാനം; സങ്കീർണ നിയന്ത്രിത മേഖലകള്‍ക്ക് പുറത്തേക്കും രോഗ വ്യാപനം

SHARE THIS ON

തിരുവനന്തപുരം: രോഗവ്യാപനം പിടിവിട്ട് കുതിക്കുന്ന തിരുവനന്തപുരത്ത് ജൂലൈയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പട്ടത് 4531 കേസുകള്‍. ഇതില്‍ 3167 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. ക്രിട്ടിക്കല്‍ നിയന്ത്രിത മേഖലകള്‍ക്ക് പുറത്തേക്കും വ്യാപനം തുടരുന്നതാണ് നിലവിലെ ആശങ്ക.സംസ്ഥാനത്ത് ഏറ്റവും അധികം പൊസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയപ്പെട്ട ജൂലൈയില്‍ 23 ശതമാനം രോഗികളും തിരുവനന്തപുരത്താണ്. ജൂണ്‍ 30ന് ജില്ലയില്‍ 97 പേര്‍ മാത്രമായിരുന്നു ചികിത്സയിലുണ്ടായിരുന്നത്. പിന്നീടാണ് ഉറവിടമറിയാതെ മണക്കാടും വി‍എസ്‍എസ്‍‍സിയിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന് അപ്പുറത്ത് ആശങ്ക തീരത്തേക്ക് പടര്‍ന്നത്.

അഞ്ചാം തീയതിയോടെ പുന്തൂറയിലും പുല്ലുവിളയിലും രോഗികളുടെ എണ്ണമുയര്‍ന്നു. പത്താം തീയതി 129 കേസുകളും 14ന് 200 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. 16ന് 339 കൊവിഡ് രോഗികള്‍. 246 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച 17ന് പൂന്തുറയിലും പുല്ലുവിളയിലും സമൂഹവ്യാപനം സ്ഥീരീകരിച്ചു. ലാര്‍ജ്ജ് ക്ലസ്റ്ററുകള്‍ക്ക് പുറമേ ബീമാപള്ളി വലിയതുറ, അടിമലത്തുറ, പൊരുമാതുറ, അഞ്ചുതെങ്ങ്, പൊഴിയൂര്‍ തുടങ്ങിയ ലിമിറ്റഡ് ക്ലസ്റ്റുകളും രൂപപ്പെട്ടു.

തീരദേശ മേഖലയെ ആകെ മൂന്ന് ക്രിട്ടിക്കല്‍ സോണുകളായി തിരിച്ചാണ് പിന്നീട് രോഗവ്യാപനത്തെ ചെറുത്തത്. പക്ഷെ ക്ലസ്റ്ററുകള്‍ക്ക് പുറത്തേക്ക് രോഗം പകരുകയാണ്. അഞ്ചുതെങ്ങിന് സമീപത്തെ കടയ്ക്കാവൂരിലും പൊഴിയൂര്‍ ഉള്‍പ്പെടുന്ന കുളത്തൂരിലും രോഗവ്യാപനം ഉയരുന്നു. പാറശ്ശാലയും നെയ്യാറ്റികര, കട്ടാക്കട, നെടുമങ്ങാട് തുടങ്ങിയ ഉള്‍പ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും നിലവില്‍ ആശങ്കയേറുകയാണ്. നഗരത്തിലുള്ള ബണ്ട് കോളനിയില്‍ അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ 38 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ജൂലൈയില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത പൊസിറ്റീവ് കേസുകളുടെ 23% വും തിരുവനന്തപുരത്തായിരുന്നു. പ്രായമായവര്‍ക്കും ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ക്കും മുന്‍ഗണ നല്‍കി പ്രതിദിനം 1500ന് അടുത്ത് പരിശോധനകളാണ് നിലവില്‍ ജില്ലയില്‍ നടക്കുന്നത്. ലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികളെ വീട്ടില്‍ പാര്‍പ്പിക്കാനുള്ള സുപ്രധാന നയമാറ്റത്തിലേക്കും ജില്ല കടക്കുകയാണ്. അടുത്ത ദിവസം ഇതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!