കാസർകോട് ജില്ലയിൽ ഒരാഴ്ചയ്ക്കിടെ മാത്രം അഞ്ഞൂറിലധികം കോവിഡ് രോഗികൾ
കാസർകോട് ∙ കോവിഡ് ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ട് നാളേക്ക് 6 മാസം. കഴിഞ്ഞ ഫെബ്രുവരി 3 നാണ് ജില്ലയിൽ ആദ്യമായി കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തത്. ചൈനയിലെ വുഹാനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർഥിക്കായിരുന്നു കോവിഡ് പോസിറ്റീവായത്. മാർച്ച് 17 നാണ് ജില്ലയിൽ രണ്ടാം ഘട്ട രോഗ വ്യാപനം റിപ്പോർട്ട് ചെയ്തത്.
ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനായി ഗൾഫിൽ നിന്നെത്തിയ കളനാട് സ്വദേശിക്കാണ് അന്നു രോഗം സ്ഥിരീകരിച്ചത്. മേയ് 10 നു രോഗം സ്ഥിരീകരിച്ച 178 പേരും രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങിയതോടെ ജില്ല കോവിഡ് മുക്തമായി. ഒറ്റ ദിവസത്തെ ആശ്വാസത്തിന് ശേഷം പിറ്റേന്ന് തന്നെ ജില്ലയിൽ മൂന്നാം ഘട്ട രോഗ വ്യാപനത്തിന് തുടക്കമായി. മൂന്നാം ഘട്ടത്തിൽ രോഗം വ്യാപനം അതിവേഗത്തിലാണ്. ആദ്യ 500 രോഗികളിലെത്താൻ 5 മാസമെടുത്തപ്പോൾ 25 ദിവസം കൊണ്ടാണ് 800 കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തത്.
അവസാന ഒരാഴ്ചയിൽ മാത്രം 500 ലേറെ രോഗികൾ. ജാഗ്രത കുറഞ്ഞാൽ സമൂഹ വ്യാപനമെന്ന ഭീതിയാണ് നമ്മളെ കാത്തിരിക്കുന്നത്. ജില്ലയിൽ 9 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. എന്നാൽ ഇതിൽ 6 പേരുടെ മരണം മാത്രമാണ് ആരോഗ്യവകുപ്പിന്റെ പട്ടികയിലുള്ളത്. കഴിഞ്ഞ മാസം മാത്രം 1193 പേരാണ് കോവിഡ് ബാധിരായത്