KSDLIVENEWS

Real news for everyone

തോല്‍ക്കുമെന്ന് പറഞ്ഞിട്ടും അഴീക്കോട്ട് മത്സരിപ്പിച്ചെന്ന് കെ.എം ഷാജി

SHARE THIS ON

കോഴിക്കോട്: സി.പി.എം. നിരന്തരമായി വേട്ടയാടിയിട്ടും കെ.എം. ഷാജിയെ അഴീക്കോട് മണ്ഡലത്തിൽത്തന്നെ മത്സരിപ്പിക്കാൻ നേതൃത്വം നിർബന്ധിച്ചെന്നും സുരക്ഷിതമണ്ഡലം നൽകേണ്ടിയിരുന്നുവെന്നും മുസ്ലിം ലീഗ് സംസ്ഥാന ഭാരവാഹികളുടെയോഗത്തിൽ വിമർശനം. കെ.എം. ഷാജി തന്നെയാണ് ഈ വിഷയം ആദ്യം അവതരിപ്പിച്ചത്.

അഴീക്കോട്ടേക്കില്ലെന്ന് ആയിരംതവണ പറഞ്ഞതാണ്. അഴീക്കോട്ടാണെങ്കിൽ തോൽക്കുമെന്നും ബോധ്യപ്പെടുത്തിയിരുന്നു. എന്നിട്ടും അവിടെത്തന്നെ മത്സരിക്കാൻ നേതൃത്വം ആവശ്യപ്പെടുകയായിരുന്നുവെന്നും ഷാജി യോഗത്തിൽ പറഞ്ഞു.


തുടർന്ന് സംസാരിച്ച മുതിർന്ന നേതാക്കളുൾപ്പെടെയുള്ളവർ ഇതിനെ പിന്തുണച്ചു. കെ.എം. ഷാജിയുടെ തോൽവി ലീഗിന് വലിയ തിരിച്ചടിയായെന്നും അഭിപ്രായമുയർന്നു. ഇക്കാര്യത്തിൽ വീഴ്ചയുണ്ടായെന്നും വിമർശനങ്ങൾ ഉൾക്കൊള്ളുന്നുവെന്നും പി.കെ. കുഞ്ഞാലിക്കുട്ടി യോഗത്തിൽ സമ്മതിച്ചതായാണ് സൂചന. കെ.പി.എ. മജീദിനെ മാറ്റി പി.എം.എ. സലാമിനെ ജനറൽ സെക്രട്ടറിയാക്കിയ രീതി ശരിയായില്ലെന്നും വിമർശനമുണ്ടായി. സംസ്ഥാന കൗൺസിലാണ് കെ.പി.എ. മജീദിനെ തിരഞ്ഞെടുത്തത്. പക്ഷേ, അദ്ദേഹത്തെ മാറ്റി പുതിയ ആൾക്ക് ചുമതല നൽകിയത് ഏതാനും നേതാക്കൾ മാത്രമെടുത്ത തീരുമാനമാണ്. അതുകൊണ്ട് കെ.പി.എ. മജീദിനെ ആ പദവിയിൽ തിരിച്ചുകൊണ്ടുവരണം. അതിനുശേഷം പുതിയ ജനറൽ സെക്രട്ടറിയെ കൗൺസിൽ കൂടി തീരുമാനിക്കട്ടെയെന്നും പി.എം. സാദിഖലി ഉൾപ്പെടെയുള്ള നേതാക്കൾ ആവശ്യപ്പെട്ടു.

പാർട്ടിയുടെ അടിത്തട്ട് മുതൽ പ്രശ്നങ്ങളുണ്ടെന്ന് വിമർശനമുയർന്നു. അതുകൊണ്ട് താഴെത്തട്ടിൽനിന്ന് പരിഹാരം തുടങ്ങണം. നേതാക്കൾ നിശ്ചയിക്കുന്നവരല്ല ഭാരവാഹികളാവേണ്ടത്. അങ്ങനെ തുടർന്നാൽ പാർട്ടിനേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ കഴിയില്ല. കോൺഗ്രസ് മാറ്റത്തിന് തയ്യാറായി. ലീഗും അത് മാതൃകയാക്കണം.


കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ് അനിവാര്യമായിരുന്നു. പക്ഷേ, തിരിച്ചുവന്ന രീതി ശരിയായില്ല. അദ്ദേഹം ഉപമുഖ്യമന്ത്രിയാവുമെന്നും ലീഗ് യു.ഡി.എഫ്. സംവിധാനത്തിൽ പിടിമുറുക്കുമെന്നുമുള്ള രീതിയിൽ സി.പി.എം. പ്രചാരണം നടത്തിയപ്പോൾ അതിനെ പ്രതിരോധിക്കുന്നതിൽ ലീഗ് പരാജയപ്പെട്ടു. അതുകൊണ്ടാണ് കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ് യു.ഡി.എഫിന് തന്നെ തിരിച്ചടിയായി മാറിയതെന്നും അഭിപ്രായമുയർന്നു. കെ.എം. മാണി വിഭാഗത്തെ കൈവിട്ടതും ശരിയായില്ല.

തിരഞ്ഞെടുപ്പ് തിരിച്ചടി പഠിക്കാൻ നിയോഗിക്കപ്പെട്ട ഉപസമിതി നൽകുന്ന നിർദേശങ്ങൾ വിലയിരുത്താനായി ഉടൻ ഭാരവാഹികളുടെ യോഗം ചേരും. അതിനുശേഷമായിരിക്കും പ്രവർത്തക സമിതിചേർന്ന് അന്തിമ തീരുമാനമെടുക്കുക. ഉപസമിതിക്ക് പുറമെ ഓരോ മണ്ഡലത്തിലേക്കും അന്വേഷണക്കമ്മിഷനെ നിയോഗിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!