KSDLIVENEWS

Real news for everyone

ഡിജിറ്റല്‍ പണമിടപാടിന് ഇനി e-RUPI; പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും

SHARE THIS ON

ന്യൂഡൽഹി: രാജ്യത്തെ ഡിജിറ്റൽ പേയ്മെന്റിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇ- റുപ്പി(e-RUPI) സംവിധാനം അവതരിപ്പിക്കാൻ കേന്ദ്രസർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇ-റുപ്പി രാജ്യത്തിന് സമർപ്പിക്കും. ഇലക്ട്രോണിക് വൗച്ചറിനെ അടിസ്ഥാനമാക്കിയാണ് ഇ- റുപ്പി പ്രവർത്തിക്കുക. ഡിപ്പാർട്മെന്റ് ഓഫ് ഫിനാൻഷ്യൽ സർവീസ്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ദേശീയ ആരോഗ്യ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെ നാഷണൽ പേയ്മെന്റ് കോർപറേഷനാണ് ഇ-റുപ്പി വികസിപ്പിച്ചിരിക്കുന്നത്.

കറൻസിരഹിതവും(cashless) സമ്പർക്കരഹിതവുമായ(contactless) ഒരു ഡിജിറ്റൽ പേയ്മെന്റ് സംവിധാനമാണ് ഇ-റുപ്പി. ഉപഭോക്താക്കളുടെ മൊബൈൽ ഫോണുകളിലേക്ക് എത്തുന്ന ക്യൂ ആർ കോഡ് അല്ലെങ്കിൽ എസ്.എം.എസ്. സ്ട്രിങ്ങിനെ അടിസ്ഥാനമാക്കിയാണ് ഇത് പ്രവർത്തിക്കുക. ഇ- റുപ്പി പേയ്മെന്റിലൂടെ കാർഡോ ഡിജിറ്റൽ പേയ്മെന്റ് ആപ്പുകളോ ഇന്റർനെറ്റ് ബാങ്കിങ് സൗകര്യത്തിന്റെ സഹായമോ ഇല്ലാതെ ഉപഭോക്താക്കൾക്ക് വൗച്ചറുകൾ മാറ്റിയെടുക്കാൻ കഴിയും. അതായത്, മുൻകൂറായി പണം അടച്ച സമ്മാന വൗച്ചറുകൾ(പ്രീ-പെയ്ഡ് ഗിഫ്റ്റ് വൗച്ചർ) പോലെയാണ് ഇ-റുപ്പി പ്രവർത്തിക്കുക എന്ന് പറയാം. ഇത് സ്വീകരിക്കുന്ന പ്രത്യേക കേന്ദ്രങ്ങളിലെത്തി മാറ്റിയെടുക്കാം.


സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നവരെയും(സർവീസ് സ്പോൺസർമാർ) ഉപഭോക്താക്കളെയും സേവനദാതാക്കളെയും ഇ-റുപ്പി ഡിജിറ്റലായി ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. സ്വകാര്യ- പൊതുമേഖലാ ബാങ്കുകളായിരിക്കും ഇ-റുപ്പി വിതരണം ചെയ്യുക. കോർപറേറ്റ് അല്ലെങ്കിൽ സർക്കാർ ഏജൻസികൾ സേവനങ്ങളുടെയും അത് വിതരണം ചെയ്യേണ്ട വ്യക്തികളുടെയും വിവരങ്ങളുമായി ഇത്തരത്തിലുള്ള ബാങ്കുകളെ സമീപിക്കാം. മൊബൈൽ നമ്പറിന്റെ സഹായത്തോടെയാണ് ഉപഭോക്താക്കളെ തിരിച്ചറിയുന്നത്. തുടർന്ന് ഉപഭോക്താവിന്റെ പേരിൽ ബാങ്ക് നീക്കിവെച്ചിരിക്കുന്ന വൗച്ചർ സേവനദാതാക്കൾക്ക് കൈമാറും. അത് ആ ഉപഭോക്താവിന് കൃത്യമായി ലഭ്യമാവുകയും ചെയ്യും.

ക്ഷേമപ്രവർത്തന സേവനങ്ങൾ ക്രമക്കേടുകളില്ലാതെ, കൃതമായി ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്നതാണ് ഇ-റുപ്പിയിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യം വെക്കുന്നത്. മാതൃ-ശിശു ക്ഷേമ സേവനങ്ങൾ, ക്ഷയരോഗ നിർമാർജന പ്രവർത്തനങ്ങൾ, ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന. വളം സബ്സിഡി വിതരണം തുടങ്ങിയവയ്ക്കും ഇ-റുപ്പിയെ പ്രയോജനപ്പെടുത്താനാവും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!