KSDLIVENEWS

Real news for everyone

ഉമ്മ കരള്‍ പകുത്തുനല്‍കി; കുഞ്ഞുഫാത്തിമ പുതിയ ജീവിതത്തിലേക്ക്, കേരളത്തില്‍ ആദ്യം

SHARE THIS ON

കൊച്ചി: കരള്‍മാറ്റ ശസ്ത്രക്രിയയിലൂടെ 6 മാസം പ്രായമുള്ള കുഞ്ഞിന് പുതുജീവന്‍. ലക്ഷദ്വീപിലെ ആന്ത്രോത്ത് സ്വദേശികളായ എ പി മുഹമ്മദ് ഫതാഹുദ്ദിന്റേയും കെ സി സറീനയുടേയും മകള്‍ ഫാത്തിമ ഫില്‍സയാണ് കൊച്ചി വിപിഎസ് ലേക്ക്‌ഷോര്‍ ഹോസ്പിറ്റലില്‍ വിജയകരമായി നടന്ന കരള്‍മാറ്റ ശസ്ത്രക്രിയയിലൂടെ പുതുജീവന്‍ നേടിയത്. കേരളത്തില്‍ കരള്‍ മാറ്റിവെയ്ക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞുങ്ങളിലൊരാളാണ് ഫാത്തിമയെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ആശുപത്രിയിലെ കോംപ്രിഹെന്‍സീവ് ലിവര്‍ കെയര്‍ വിഭാഗം ചീഫ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജന്‍ ഡോ അഭിഷേക് യാദവ് പറഞ്ഞു.

ജനിക്കുമ്ബോള്‍ തന്നെ ഫാത്തിമയ്ക്ക് കരള്‍ രോഗമുണ്ടായിരുന്നു.എത്രയും വേഗം കരള്‍ മാറ്റിവെയ്ക്കുക എന്നത് മാത്രമായിരുന്നു ഏക പോംവഴി.

പക്ഷെ കോവിഡും അതേത്തുടര്‍ന്ന് ദ്വീപുവാസികള്‍ നേരിട്ട യാത്രാതടസങ്ങളും വെല്ലുവിളിയായിരുന്നെങ്കിലും തടസങ്ങളെല്ലാം മറി കടന്ന് ഫാത്തിമ ജീവിതം തിരികെ പിടിച്ചു.ഫാത്തിമയുടെ ഉമ്മ സറീനയാണ് കരള്‍ ദാനം ചെയ്തത്.

ജനിച്ചപ്പോള്‍ത്തന്നെ ഫാത്തിമയ്ക്ക് കണ്ണുകളുടെ മഞ്ഞളിപ്പ്, കടുംനിറത്തിലുള്ള മൂത്രം എന്നിങ്ങനെയുള്ള കരള്‍വീക്ക ലക്ഷണങ്ങളുണ്ടായിരുന്നു. ഇത് ബിലിയറി അട്രീസിയ മൂലമാണെന്ന് കണ്ടുപിടിച്ചു. രണ്ടു മാസം പ്രായമുള്ളപ്പോള്‍ ഒരു ശസ്ത്രക്രിയ നടത്തിയെങ്കിലും തുടര്‍ച്ചയായുള്ള അണുബാധകള്‍ മൂലം ഫാത്തിമയുടെ സ്ഥിതി ഗുരുതരമായിക്കൊണ്ടിരുന്നു.

ഇത്രയും ചെറിയ പ്രായത്തിലുള്ള കുഞ്ഞുങ്ങളിലെ കരള്‍മാറ്റ ശസ്ത്രക്രിയ ഏറെ വിഷമകരമാണെന്ന് ഡോ. അഭിഷേക് യാദവ് പറഞ്ഞു. ചെറിയ കരളിലേയ്ക്ക് രക്തമെത്തിയ്ക്കുന്ന തീരെ ചെറുതും പൂര്‍ണവളര്‍ച്ചയെത്താതതുമായ രക്തക്കുഴലാണ് (പോര്‍ടല്‍ വെയിന്‍) ഏറ്റവും വലിയ വെല്ലുവിളി. പ്രായപൂര്‍ത്തിയായവരുടെ കഴുത്തിലെ ഞരമ്ബുകളിലിടുന്ന സ്റ്റെന്റ് പരിഷ്‌കരിച്ച്‌ ഫാത്തിമയുടെ ഈ പോര്‍ടല്‍ വെയിനിനുള്ളിലേയ്ക്ക് കടത്തിയാണ് ഡോക്ടര്‍മാര്‍ ഇതിന് പരിഹാരം കണ്ടെത്തിയത്.

ദാതാവായ സെറീനയുടെ കരള്‍ഞരമ്ബുകളുടെ വലിപ്പ വ്യത്യാസവും മറ്റൊരു പ്രശ്‌നമായിരുന്നു. തിരുവനന്തപുരത്ത് മസ്തിഷ്‌കമരണം സംഭവിച്ച ഒരാളുടെ തലച്ചോറില്‍ നിന്നെടുത്ത ഞരമ്ബുകള്‍ ഉപയോഗിച്ച്‌ ഈ പ്രശ്‌നവും പരിഹരിച്ചു. ശസ്ത്രക്രിയയെത്തുടര്‍ന്ന് ആശുപത്രി വിട്ട അമ്മയും കുഞ്ഞു സുഖമായിരിക്കുന്നുവെന്ന് ഡോ. യാദവ് പറഞ്ഞു.’പോര്‍ടല്‍ വെയിന്‍ സ്റ്റെന്റിംഗ് രാജ്യത്ത് 2-3 സ്ഥലങ്ങളില്‍ മാത്രമേ ലഭ്യമായിട്ടുള്ളു. ഫാത്തിമയാണ് ഇതിനു വിധേയയായ ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞ്’- ഡോ അഭിഷേക് യാദവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!