KSDLIVENEWS

Real news for everyone

സംസ്ഥാനങ്ങള്‍ തമ്മില്‍ ‘യുദ്ധം’; ഭരണത്തില്‍ ബിജെപി: നോക്കുകുത്തിയാണോ കേന്ദ്രംl

SHARE THIS ON

കൊൽക്കത്ത∙ അസം-മിസോറം ‘യുദ്ധത്തിന്’ താൽക്കാലിക വിരാമമായെങ്കിലും സംഘർഷം പുകയുകയാണ്. മിസോറാമിനെതിരായ ‘സാമ്പത്തിക ഉപരോധം’ കേന്ദ്ര സർക്കാർ നിർദേശത്തെത്തുടർന്ന് അസം അവസാനിപ്പിച്ചെങ്കിലും ചരക്കുനീക്കം ഇതുവരെയും സുഗമമായിട്ടില്ല. രണ്ടു ശത്രുരാജ്യങ്ങൾ തമ്മിലുള്ള സംഘർഷംപോലെയാണ് ഇന്ത്യയിലെ രണ്ടു സംസ്ഥാനങ്ങൾ ഏറ്റുമുട്ടുന്നത്. ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ രണ്ടു രാഷ്ട്രത്തലവൻമാരെപ്പോലെ വാക്‌പോര് നടത്തുന്നു. പൊലീസ് മേധാവി മുതൽ ജില്ലാ ഭരണകൂടങ്ങൾ വരെ ‘ശത്രുവിന്’ എതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നു. സംസ്ഥാന അതിർത്തിയിൽ എതിരാളികളെ നേരിടാൻ ട്രഞ്ച് നിർമിക്കുന്നു. രാജ്യാന്തര ലഹരിക്കടത്തിന് എതിർ സംസ്ഥാനത്തിന്റെ മൗനാനുവാദം ഉണ്ടെന്ന രീതിയിൽ പ്രചാരണം നടത്തുന്നു. ട്വിറ്ററിൽ ഹാഷ്‌ടാഗ് ക്യാംപയിനുകൾ എതിരാളിക്കെതിരെ ആരംഭിക്കുന്നു…!
ശത്രു രാജ്യങ്ങളെപ്പോലെ സംസ്ഥാനങ്ങൾ!
ഇന്ത്യയ്ക്കകത്തെ രണ്ടു സംസ്ഥാനങ്ങൾ, രണ്ട് ശത്രുരാജ്യങ്ങളെപ്പോലെ പോരാടുന്നതും പൊലീസ് സേനകൾ പരസ്പരം വെടിവയ്ക്കുന്നതും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവരെ സംബന്ധിച്ചിടത്തോളം അദ്ഭുതപ്പെടുത്തുന്നതാണ്. പക്ഷേ വടക്കുകിഴക്കൻ സംസ്ഥാനങ്ങളും വിവിധ ഗോത്രങ്ങളും തമ്മിലുള്ള അതിർത്തി തർക്കം ചോരയിൽ മുങ്ങുന്നത് ആദ്യമായിട്ടല്ല. ജൂലൈ അവസാന വാരം അസം-മിസോറം സംസ്ഥാനങ്ങളിലെ പൊലീസ് പരസ്പരം നടത്തിയ വെടിവയ്പ്പിൽ ആറു പൊലീസുകാർ ഉൾപ്പെടെ ഏഴു പേരാണ് മരിച്ചത്. മരിച്ചതു മുഴുവൻ അസം ഭാഗത്തുള്ളവരാണ്. പൊലീസ് എസ്പി ഉൾപ്പെടെയുള്ളവർക്ക് വെടിയേൽക്കുകയും ചെയ്തു.
വ്യോമസേനയുടെ എയർ ആംബുലൻസിലാണ് അസമിലെ കച്ചർ എസ്.പി. വൈഭവ് ചന്ദ്രകാന്ത് നിംബൽക്കറെ മുംബൈയിൽ വിദഗ്ധ ചികിൽസയ്ക്ക് എത്തിച്ചത്. മിസോറം പൊലീസ് കുന്നിൻ മുകളിലും അസം പൊലീസ് താഴ്‌വരയിലുമായതിനാലാണ് ‘യുദ്ധത്തിൽ’ ആളപായവും നാശനഷ്ടവും മുഴുവനും അസമിന് ഉണ്ടായത്. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും സ്നൈപ്പർ തോക്കുകളുമായി സിവിലിയൻ വേഷത്തിലുള്ളവരും വെടിവച്ചുവെന്ന് അസം ആരോപിച്ചിട്ടുണ്ട്. രാജ്യാന്തര ലഹരിക്കടത്ത് സംഘങ്ങളാണ് ഇതിനു പിന്നിലെന്നാണ് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയുടെ ആരോപണം.
assam-riot
അസമിൽ കലാപം നടന്ന പ്രദേശം.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ അതിർത്തി തർക്കം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും അടുത്ത വർഷം രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കും മുൻപ് സമ്പൂർണ തർക്ക പരിഹാരം ഉണ്ടാകണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആവശ്യപ്പെട്ട് 48 മണിക്കൂറിനകമാണ് അതിർത്തിയിൽ ഇരു സംസ്ഥാനങ്ങളുടെയും പൊലീസുകാർ ഏറ്റുമുട്ടിയത്. ഷില്ലോങ്ങിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് അതിർത്തിത്തർക്കം വിഷയമായത്. അസം മുഖ്യമന്ത്രിയും മിസോറം മുഖ്യമന്ത്രിയും അമിത് ഷായുടെ യോഗത്തിൽ ഉണ്ടായിരുന്നു.
വെടിവയ്പിനു ശേഷം കേന്ദ്ര ആഭ്യന്തര സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തിലാണ് ഇരുസംസ്ഥാനങ്ങളും വിട്ടുവീഴ്ചയ്ക്കു തയാറായത് അസം-മിസോറം അതിർത്തിയിൽനിന്ന് ഇരു സംസ്ഥാനങ്ങളുടെയും പൊലീസ് സേന പിൻമാറുകയും പകരം സിആർപിഎഫ് സമ്പൂർണ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. ഏതാനും മാസങ്ങളായി സിആർപിഎഫ് ഇവിടെ ക്യാംപ് ചെയ്യുന്നുണ്ടായിരുന്നു. നിലവിൽ ആറു കമ്പനി സിആർപിഎഫിനെയാണ് നിയോഗിച്ചിട്ടുള്ളത്.

അസമിലൂടെ കടന്നുപോകുന്ന ദേശീയപാത പലയിടത്തും കല്ലും മരങ്ങളുംകൊണ്ട് തടഞ്ഞത് കേന്ദ്ര സർക്കാറിന്റെ നിർദേശപ്രകാരം നീക്കം ചെയ്തിട്ടുണ്ട്. ഈ ദേശീയപാതയിലൂടെയാണ് മിസോറമിലേക്കുള്ള അവശ്യവസ്തുക്കൾ എത്തിക്കുന്നത്. റയിൽവേ ട്രാക്കുകളും പലയിടത്തും നശിപ്പിച്ചിരുന്നു. ദേശീയപാത തുറന്നുകൊടുത്തെങ്കിലും ട്രക്ക് ഡ്രൈവർമാർ ഉൾപ്പെടെയുള്ളവർ ചരക്കുകൾ കൊണ്ടുപോകാൻ വിസമ്മതിക്കുകയാണ്.
ഏതു നിമിഷവും കലാപം?
assam-crpf
ചിത്രം: ട്വിറ്റർ
സ്ഥിതിഗതികൾ ശാന്തമെന്ന് ബന്ധപ്പെട്ടവർ പറയുമ്പോൾ അതിർത്തിയിൽ സംഘർഷം പുകയുന്നു. രണ്ടു സംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന ദേശീയ പാത 306ൽ സിആർപിഎഫ് 24 മണിക്കൂറും പട്രോളിങ് നടത്തുന്നതിനാലാണ് നിലവിലെ സംഘർഷം കലാപത്തിലേക്കു നയിക്കപ്പെടാതിരിക്കുന്നത്. യുദ്ധത്തിനെന്നപോലെ മിസോറം തങ്ങളുടെ അതിർത്തിയിൽ ട്രഞ്ചുകൾ നിർമിച്ചിട്ടുണ്ട്. അതിർത്തിയിൽ ഡ്രോണുകൾ പറപ്പിക്കുന്നത് നിരോധിച്ച് ഉത്തരവും ഇറക്കി. വനമേഖല ഉൾപ്പെടെയുള്ള അതിർത്തികൾ നോ ഫ്ലയിങ് സോണുകളാണ്. പട്ടാളത്തിനും അർധസൈനികവിഭാഗത്തിനും അതിർത്തിയിൽ ഡ്രോൺ ഉപയോഗിക്കണമെങ്കിൽ ജില്ലാ മജിസ്ട്രേറ്റിന്റെ മുൻകൂർ അനുമതി വാങ്ങണം.
മിസോറമും അസമും തമ്മിലുള്ള അതിർത്തി തർക്കം ബ്രിട്ടിഷ് കാലത്ത് തുടങ്ങിയതാണ്. സംസ്ഥാനങ്ങളുടെ രൂപീകരണത്തിന് മുൻപ് വിവിധ ഗോത്രങ്ങൾ താമസിക്കുന്ന പ്രദേശങ്ങളുടെയും കുന്നുകളുടെയും അവകാശത്തർക്കം വംശീയകലാപങ്ങളായി മാറുകയായിരുന്നു. സംസ്ഥാനങ്ങൾ ഉടലെടുത്തതോടെ അവ തമ്മിലായി സംഘർഷം. കേന്ദ്ര സർക്കാറിന്റെ നിരീക്ഷണത്തിൽ ഇരു സംസ്ഥാനങ്ങളും പലവട്ടം അതിർത്തി സർവേകളും മറ്റും നടത്തിയെങ്കിലും ഇതുവരെ പ്രശ്നപരിഹാരമായില്ല.
പ്രശ്നം രൂക്ഷമാക്കി ‘സ്വയംഭരണാധികാരവും’
സ്വാതന്ത്ര്യാനന്തരം അസം സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു മിസോറം. 1963ൽ അസമിൽനിന്ന് നാഗാലാൻഡും 1972ൽ മേഘാലയയും മിസോറമും രൂപീകരിക്കരിക്കപ്പെട്ടു. അനവധി കലാപങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും അനന്തരഫലമായാണ് സംസ്ഥാനങ്ങൾ നിലവിൽ വന്നത്. ഇതിനിടെ പലേടത്തും കൃത്യമായി അതിർത്തികൾ രേഖപ്പെടുത്താത്തത് പ്രശ്നങ്ങൾ രൂക്ഷമാക്കി.

assam-goalpara
അസമിലെ ഗോൽപാറ ജില്ലയിലെ വനാതിർത്തിയിലെ ആകാശക്കാഴ്ച. ചിത്രം: AFP
അസം-മിസോറം അതിർത്തിയിലെന്നപോലെ ചില സ്ഥലങ്ങളിൽ വനങ്ങളും മറ്റുമാണ് അതിർത്തിയായത്. ഭരണഘടനയുടെ ആറാം ഷെഡ്യൂൾ അനുസരിച്ച് അസം, മേഘാലയ, ത്രിപുര, മിസോറം എന്നിവിടങ്ങളിലെ ഗോത്രപ്രദേശങ്ങൾക്ക് സ്വയംഭരണ കൗൺസിലുകൾ അനുവദിച്ചതോടെ ഭൂമി, വനം എന്നിവയിൽ സ്വതന്ത്രാധികാരവുമായി. സംസ്ഥാനങ്ങളുടെ വിശാലതാൽപര്യങ്ങൾക്കപ്പുറം സ്വയംഭരണാധികാരമുള്ള കൗൺസിലുകൾ ഇത്തരം തർക്കങ്ങൾ കൈകാര്യം ചെയ്തത് സ്ഥിതി പിന്നെയും രൂക്ഷമാക്കി.
അസമിലെ കച്ചാർ, ഹെയ്‌ലകന്ദി, കരിംഗഞ്ച് ജില്ലകളും മിസോറമിലെ ഐസ്വാൾ, കൊലാസിബ്, മാമിത് ജില്ലകളിലുമായി 164 കിലോമീറ്റർ അതിർത്തിയാണ് ഇരുസംസ്ഥാനങ്ങളും പങ്കുവയ്ക്കുന്നത്. ജനവാസ പ്രദേശങ്ങളുമായി ബന്ധപ്പെട്ട് അതിർത്തി തർക്കം നിലനിൽക്കുന്നുണ്ടെങ്കിലും അസം-മിസോറം അതിർത്തിയിലെ വനമേഖലയാണ് (ഇന്നർലൈൻ ഫോറസ്റ്റ്) രണ്ടു സംസ്ഥാനങ്ങളും തമ്മിലുള്ള ഇപ്പോഴത്തെ തർക്കത്തിന്റെ ആണിക്കല്ല്. 509 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള പ്രകൃതിദത്ത വനാതിർത്തിയാണ് ഇത്.
മിസോറം വനം കയ്യേറുകയും കൃഷിഭൂമിയാക്കുകയും ചെയ്തിട്ടുണ്ടെന്നാണ് അസം സർക്കാറിന്റെ ആരോപണം. തുടർന്ന് ഒരു ഫാം ഹൗസ് ഉൾപ്പെടെ കൃഷിയിടങ്ങൾ അസം പൊലീസും വനം വകുപ്പും ചേർന്ന് അഗ്നിക്കിരയാക്കിയിരുന്നു. അതോടെയായിരുന്നു സംഘർഷം മൂർച്ഛിച്ചത്. ജൂലൈ 26ന് മിസോറം അതിർത്തിയിലെത്തി പൊലീസ് ഡ്യൂട്ടി പോസ്റ്റ് അസം പൊലീസ് നീക്കം ചെയ്തതോടെ വെടിവയ്പ്പിനു തുടക്കമായി. അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയും മിസോറാം മുഖ്യമന്ത്രി സൊറംതാങ്ങയും തമ്മിലുള്ള ട്വിറ്റർ പോരും ഇതിനു പിന്നാലെ ശക്തമായി.
മിസോറമിനു പുറമെ നാഗാലാൻഡ്, മേഘാലയ, അരുണാചൽ സംസ്ഥാനങ്ങളുമായും അസമിന് അതിർത്തി തർക്കം ഉണ്ട്. അരുണാചൽ പ്രദേശ് ഒഴികെയുള്ളവ അസമിൽനിന്നു പിന്നീട് വിഭജിച്ചുണ്ടായ സംസ്ഥാനങ്ങളാണ്. ഇതിൽ അസം-നാഗാലൻഡ് തർക്കം പലവട്ടം കലാപങ്ങൾക്ക് വഴി തെളിയിച്ചിട്ടുണ്ട്. സാധാരണക്കാർ ഉൾപ്പെടെ നൂറിലധികം പേർ കൊല്ലപ്പെടുകയും ചെയ്തു. 1979, 1985, 2014 വർഷങ്ങളിൽ നാഗാലാൻഡിലെ സായുധ കലാപകാരികൾ നടത്തിയ വെടിവയ്പ്പും ബോംബ് ആക്രമണവും പ്രദേശത്തെ യുദ്ധഭൂമിയാക്കി. 1980ൽ അസം-നാഗാലാൻഡ് പൊലീസ് ഏറ്റുമുട്ടുകയും ചെയ്തു. പക്ഷേ രണ്ടു സംസ്ഥാന പൊലീസ് സേന പരസ്പരം വെടിവയ്ക്കുന്ന രീതിയിലേക്ക് ഒരിക്കലും അസം- മിസോറം തർക്കം മുൻപ് എത്തിയിരുന്നില്ല.
assam-mizoram-protest
അസം-മിസോറം സംഘർഷം രൂക്ഷമായപ്പോൾ. ചിത്രം: ട്വിറ്റർ
തുടക്കമിട്ട ബ്രിട്ടിഷ് കാലം!
ബ്രിട്ടിഷ്‌കാലത്ത് പുറപ്പെടുവിച്ച രണ്ടു വിജ്ഞാപനങ്ങളാണ് അസം-മിസോറം തർക്കത്തിനു തുടക്കം കുറിച്ചത്. പ്രത്യേക കേന്ദ്ര ഭരണപ്രദേശവും പിന്നീട് സംസ്ഥാനവുമാകുന്നതിന് മുൻപ് ഇപ്പോഴത്തെ മിസോറം അസമിന്റെ ഭാഗമായ ലുഷായ് ഹിൽസ് ഡിസ്ട്രിക്ട് ആയിരുന്നു. ലുഷായ് കുന്നുകളെ അസമിലെ കച്ചാർ സമതലവുമായി വിഭജിക്കുന്ന 1875ലെ ബ്രിട്ടിഷ് വിജ്ഞാപനത്തെയാണ് മിസോറം അംഗീകരിക്കുന്നത്. എന്നാൽ ലുഷായ് കുന്നുകളെ മണിപ്പൂരുമായി വിഭജിക്കുന്ന 1933ലെ വിജ്ഞാപനമാണ് അസം അംഗീകരിക്കുന്നത്. ആലോചനകൾക്കു അവസരമൊരുക്കാതെയാണ് അതിർത്തികൾ നിശ്ചയിച്ചതെന്നും 1933ലെ ബ്രിട്ടിഷ് വിജ്ഞാപനം സ്വീകാര്യമല്ലെന്നും മിസോറം പറയുന്നു.
1873ലെ ബംഗാൾ ഫ്രോണ്ടിയർ റഗുലേഷൻ ആക്ടിന്റെ തുടർച്ചയാണ് 1875ലെ വിജ്ഞാപനമെന്നും ഇതരസംസ്ഥാനക്കാർക്ക് മിസോറമിൽ പ്രവേശിക്കണമെങ്കിൽ ആവശ്യമായ ഇന്നർ ലൈൻ പെർമിറ്റിന്റെ തുടക്കം അവിടെനിന്നാണെന്നും മിസോറം ചൂണ്ടിക്കാട്ടുന്നു. ബ്രിട്ടിഷ്‌കാലത്തെ നിയമങ്ങളും വിജ്ഞാപനങ്ങളുമല്ല പരിഗണിക്കേണ്ടെന്നും മിസോറമിനെ അസമിൽനിന്നു വേർപെടുത്തി കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിച്ചപ്പോൾ തീരുമാനിച്ച അതിർത്തിയാണ് പരിഗണിക്കേണ്ടതെന്നും അസം മുഖ്യമന്ത്രി ഹിമന്ദ പറയുന്നു. എന്നാൽ ഈ അതിർത്തി വ്യക്തമല്ലാത്തതിനാലാണ് പ്രശ്നങ്ങൾ തുടരുന്നത്. നാളെ അസമിൽനിന്നു ചില പ്രദേശങ്ങൾ മിസോറമിന് കൊടുക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചാൽ അത് അംഗീകരിക്കേണ്ടിവരുമെന്നും പക്ഷേ അതുവരെ നിലവിലുള്ള സ്ഥിതി തുടരുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
assam-cm
അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മ.
എങ്ങനെ അവരുടെ കയ്യിൽ തോക്കെത്തി?
അസം-മിസോറം അതിർത്തിയിൽ ഇരു സംസ്ഥാനങ്ങളിലെയും പൊലീസിന്റെ വെടിവയ്പ്പിനു പുറമെ ചില ക്രിമിനലുകളും ഇടപെട്ടതായി അസം മുഖ്യമന്ത്രി പറയുന്നു. രാജ്യാന്തര ലഹരി കടത്തു സംഘത്തെയാണ് ഹിമന്ദ ഉന്നം വയ്ക്കുന്നത്. ഹിമന്ദ അസം മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ശേഷം ലഹരി മരുന്നുകൾക്കെതിരെ വൻ വേട്ടയാണ് നടത്തിയത്. കോടിക്കണക്കിന് രൂപയുടെ ലഹരി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു പിടിച്ചെടുത്തു. ഇതിൽ പ്രകോപിതരായ രാജ്യാന്തര ലഹരി കടത്തു സംഘം ആക്രമണത്തിന് പിന്നിലുണ്ടെന്ന് അസം മുഖ്യമന്ത്രി പറയുന്നു. മ്യാൻമറിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ സാന്നിധ്യവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
മ്യാൻമറിൽനിന്നാരംഭിക്കുന്ന ലഹരികടത്ത് മിസോറം വഴി അസമിലെ ബരാക്ക് വാലിയിലെത്തി പിന്നീട് പഞ്ചാബിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും നീളുകയാണ്. മ്യാൻമർ അതിർത്തിയിലും വനങ്ങളിലുമുള്ള ഇന്ത്യയിൽ നിന്നുള്ള വിഘടനവാദികളും വ്യാപകമായി ലഹരിക്കടത്ത് നടത്തുന്നുണ്ട്. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും സ്നൈപ്പർ തോക്കുകളുമായി എങ്ങനെയാണ് സിവിലിയൻ ആളുകൾ അതിർത്തിയിൽ നിലയുറപ്പിച്ചതെന്ന് മിസോറം സർക്കാർ അന്വേഷിക്കണമെന്ന് ഹിമന്ദ പറഞ്ഞിരുന്നു.
അസമും മിസോറവും തമ്മിലുള്ള വെടിവയ്പ്പും തർക്കവും ബിജെപിക്കും ക്ഷീണമാണ്. അസമിൽ ബിജെപിയ്ക്കാണു ഭരണം. ബിജെപി കൂടി പങ്കാളികളായ സർക്കാരാണ് മിസോറം ഭരിക്കുന്നത്. മിസോറമിലെ ഭരണകക്ഷിയായ മിസോ നാഷണൽ ഫ്രണ്ട്, ബിജെപി നേതൃത്വം നൽകുന്ന നോർത്തീസ്റ്റ് ഡമോക്രാറ്റിക് അലയൻസിന്റെ ഭാഗവുമാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ബിജെപി സഖ്യകക്ഷികളുടെ കൂട്ടായ്മയായ നോർത്തീസ്റ്റ് ഡമോക്രാറ്റിക് അലയൻസിന്റെ കൺവീനറാകട്ടെ അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയും!

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!