കാട്ടാക്കടയില്‍ മകനെ കഴുത്തു ഞെരിച്ചു കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു
കാട്ടാക്കട : മകനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം അച്ഛന്‍ ജീവനൊടുക്കി. കാട്ടാക്കട കണ്ടല കോട്ടയില്‍ വീട്ടില്‍ മുഹമ്മദ് സലിം (42) ആണ് മകന്‍ ആഷ്ലിന്‍ സലി (7) മിനെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്. വ്യവസായവകുപ്പിലെ ജീവനക്കാരനാണ് സലിം. ഇയാളുടെ കുടുംബവീടിന് സമീപം ഒരു വാടകവീട്ടിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം ഭക്ഷണം നല്‍കാനെത്തിയ സഹോദരിയാണ് സലിമിനെ തൂങ്ങിയ നിലയില്‍ ആദ്യം കാണുന്നത്. തുടര്‍ന്ന് അന്വേഷണത്തില്‍ കുട്ടിയെയും മരിച്ച നിലയില്‍ കണ്ടെത്തി പത്തു വർഷം മുൻപ്, സർക്കാർ ഉദ്യോഗസ്ഥയായ അടൂർ സ്വദേശിനിയായ അമ്പിളി ദാമോദരൻ എന്ന യുവതിയെ സലിം പ്രേമിച്ചു കല്യാണം കഴിച്ചിരുന്നു. ഇവരുടെ മകനാണ് ആഷ്‌ലിൻ. രോഗബാധയെത്തുടർന്ന് അമ്പിളി നാലു വർഷം മുൻപ് മരിച്ചു. തുടർന്ന് സലിമിന് വ്യവസായ വകുപ്പിൽ ആശ്രിതനിയമനം ലഭിച്ചു.
ഒന്നര വർഷം മുൻപ് സലിം, ജോലിചെയ്തിരുന്ന ഓഫീസിലെ ജീവനക്കാരി പത്തനംതിട്ട സ്വദേശി ഷംലയെ വിവാഹം കഴിച്ചു. അതിനുശേഷമാണ് മകനുമൊന്നിച്ച് കുടുംബവീടിനടുത്തുള്ള വാടകവീട്ടിൽ താമസമാക്കിയത്. ഒരു വർഷത്തിനു ശേഷം ഇവർ വേർപിരിഞ്ഞു. പത്തനംതിട്ട ജില്ലയിലേക്കു സ്ഥലംമാറ്റം കിട്ടി പോയ ഷംല സലിമിനോട് അങ്ങോട്ടു ചെല്ലാൻ ആവശ്യപ്പെട്ടതോടെയാണ് രണ്ടാം വിവാഹത്തിൽ പ്രശ്നമുണ്ടായത്. പോകാൻ തയ്യാറാകാതിരുന്ന സലിമിനോട് ഷംലയുടെ വീട്ടുകാർ വിവാഹമോചനം ആവശ്യപ്പട്ടു. വിവാഹമോചന കേസ് തുടരുന്നതിനിടെ മൂന്നാമതായി സലിം നിലമ്പൂർ സ്വദേശിയായ ഫസീല എന്ന യുവതിയെ വിവാഹം കഴിക്കുകയും ചെയ്തു. നാലു ദിവസം മുൻപ് ഫസീല ബന്ധുക്കളോടൊപ്പം നിലമ്പൂരിലെ വീട്ടിലേക്കു പോയിരുന്നു. അതുകൊണ്ട് തന്നെ വീട്ടിൽ അച്ഛനും മകനും മാത്രമേ ഉണ്ടായിരുന്നുള്ളൂ.