ഡോ: കഫീൽഖാനെ വിട്ടയച്ചത് അർധരാത്രി
മഥുര | ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാര്‍ ഉയര്‍ത്തിയ തടസ്സവാദങ്ങളെല്ലാം തള്ളി അലഹബാദ് ഹൈക്കോടതി നല്കിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഡോ. കഫീല്‍ ഖാന് ജയിലില്‍ നിന്ന് പുറത്തിറങ്ങി. ദേശീയ സുരക്ഷാ നിയമം ചുമത്തി അറസ്റ്റ് ചെയ്ത ഉത്തര്‍പ്രദേശ് ഡോക്ടര്‍ കഫീല്‍ഖാനെ വിട്ടയച്ചു. ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതി പെട്ടന്ന് വിട്ടയക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് അദ്ദേഹത്തെ ജയില്‍ മോചിതനാക്കിയത്. അലഹബാദ് ഹൈകോടതിയുടെ ഉത്തരവ് വന്നിട്ടും അദ്ദേഹത്തെ മണിക്കൂറുകളോളം തടവില്‍ വെച്ചയു പി പോലീസിന്റെ നടപടിക്കെതിരെ കുടുംബം കോടതിയലക്ഷ്യ ഹരജി സമര്‍പ്പിക്കാനിരിക്കെയായിരുന്നു മോചനം.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിസംബര്‍ 12ന് അലിഗഡ് സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ സംസാരിച്ച കഫീല്‍ ഖാനെ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ചായിരുന്നു യു പി പോലീസ് അറസ്റ്റുചെയ്തത്. തുടര്‍ന്ന് എട്ട് മാസത്തോളം ജാമ്യം പോലും അനുവദിക്കാതെ തടങ്കലിലിട്ട് പീഡിപ്പിക്കുകയായിരുന്നു. എന്നാല്‍ കഫീല്‍ ഖാന് നടത്തിയ പ്രസംഗം വിദ്വേഷമോ കലാപമോ പ്രചരിപ്പിച്ചില്ല, മറിച്ച് ദേശീയോദ്ഗ്രഥനത്തിനും പൗരന്മാര്ക്കിടയിലെ ഐക്യത്തിനുമുള്ള ആഹ്വാനമായിരുന്നു എന്നുമാണ് ജാമ്യം അനുവദിച്ചുകൊണ്ട് കോടതി കണ്ടെത്തിയത്. വ്യക്തമായ തെളിവുകളില്ലാതെ അറസ്റ്റ് ചെയ്ത് കഫീല്‍ ഖാന് ലഭിക്കേണ്ട സ്വാഭാവിക നീതി നിഷേധിച്ചെന്നും കോടതി നിരീക്ഷിച്ചു. യാതൊരു തെളിവുമില്ലാതെ നിയമവിരുദ്ധമായാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കഫീല്‍ ഖാനെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയതെന്ന് പറഞ്ഞ കോടതി ഇത് റദ്ദാക്കി. അദ്ദേഹത്തിന്റെ പേരുള്ള കരുതല്‍ തടങ്കലും റദ്ദാക്കുന്നതായും കോടതി അറിയിച്ചിരുന്നു.