KSDLIVENEWS

Real news for everyone

ഉളിയത്തടുക്കയിൽ വൈദ്യുതി സെക്‌ഷൻ ഓഫീസ് വേണമെന്ന ആവശ്യത്തിന്‌ പഴക്കമേറെ : നട്ടംതിരിഞ്ഞ് അറംതോടുകാർ

SHARE THIS ON

മധൂർ : പഞ്ചായത്തിലെ ഒരു വാർഡിൽത്തന്നെ നാല് സെക്‌ഷൻ ഓഫീസ് പരിധിയിൽ വരുന്ന വൈദ്യുതി ഉപഭോക്താക്കൾ. വൈദ്യുതി സംബന്ധമായ പ്രശ്നങ്ങളോ തടസ്സങ്ങളോ വരുമ്പോൾ സെക്‌ഷൻ സംബന്ധമായ തർക്കം പതിവ്. മധൂർ പഞ്ചായത്തിലെ അറംതോട് വാർഡിലെ ഉപഭോക്താക്കൾ അനുഭവിക്കുന്ന ദുരിതമാണിത്. 55,000 ത്തിലധികം ജനസംഖ്യയും 17,000-ത്തിലധികം വീടുകളും ഉൾപ്പെടെയുള്ള കെട്ടിടങ്ങളുമുണ്ട് മധൂർ പഞ്ചായത്തിൽ.


എന്നാൽ ബദിയടുക്ക, സീതാംഗോളി, നെല്ലിക്കുന്ന്, കാസർകോട് എന്നീ നാല്‌ സെക്‌ഷൻ പരിധിയിൽ പരന്നുകിടക്കുകയാണ് വൈദ്യുതി ഉപഭോക്താക്കൾ. ചില വാർഡുകൾ രണ്ടോ അതിലധികമോ വൈദ്യുതി സെക്‌ഷനുകളുടെ കീഴിലാണ്. ഉപഭോക്താവിന് ലഭിക്കേണ്ട സേവനങ്ങൾ ലഭിക്കാതിരിക്കാനോ കാലതാമസം നേരിടാനോ പലപ്പോഴും ഇത് ഇടയാക്കുന്നുവെന്നാണ്‌ പരാതി. വൈദ്യുതി തടസ്സങ്ങളുണ്ടാവുമ്പോൾ ജീവനക്കാരെത്തുന്നതിനും പ്രയാസങ്ങളുണ്ടാക്കുന്നു.

മഴക്കാലത്താണ് ഏറ്റവും ദുരിതം.


മരക്കമ്പുകൾ പൊട്ടിവീണോ വൈദ്യുതത്തൂണുകൾ വീണോ തടസ്സങ്ങൾ നേരിടുമ്പോൾ ഏത് സെക്‌ഷൻ പരിധിയിലാണ് വരുന്നതെന്ന തർക്കം പതിവാണ്. പഞ്ചായത്തിലെ അറംതോട് വാർഡ് മൂന്ന് സെക്‌ഷൻ പരിധിയിലാണ്.

വീടോ മറ്റ് കെട്ടിടങ്ങളോ നിർമിച്ച് വൈദ്യുതി ബന്ധത്തിനായി അപേക്ഷ നൽകണമെങ്കിൽ കിലോമീറ്ററുകൾ യാത്രചെയ്ത് ബദിയടുക്കയിലോ സീതാംഗോളിയിലോ എത്തേണ്ടിവരുന്നു. കെ.എസ്.ഇ.ബി. നേരിട്ട് നടപ്പാക്കുന്ന ‘നിലാവ് ‘ പോലുള്ള പദ്ധതിയുടെ നടത്തിപ്പിനും തടസ്സങ്ങളുണ്ടാവുന്നുണ്ട്. ഈ പ്രശ്നങ്ങൾക്ക് പരിഹാരമെന്ന നിലയിൽ ഉളിയത്തടുക്കയിൽ വൈദ്യുതി സെക്‌ഷൻ ഓഫീസ് വേണമെന്ന ആവശ്യം ശക്തമാവുകയാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!